നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Wednesday, January 5, 2011

സിവിൽ സർവീസ് പൊളിച്ചെഴുതണം !

മുൻകുറിപ്പ്: സത്യസന്ധരും ജനപ്രിയരുമായ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ക്ഷമിക്കുക. പോസ്റ്റിൽ എഴുതുന്ന കുറിപ്പുകളിലെ ചില നിശിത വിമർശനങ്ങളിൽ നിന്ന് നിങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു!

അതെ, സിവിൽ സർവീസ് പൊളിച്ചെഴുതണം !

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന് സി.പി. (എം) സംസ്ഥാന സെക്രട്ടറി . പിണറായി വിജയൻ. .കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൽ സമാപന പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇപ്പോഴെങ്കിലും ഇത് ഒരു വേദിയിൽ നിന്ന് പരസ്യമായി പറഞ്ഞതിന് പരസ്യമായ പിന്തുണ. പക്ഷെ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഏറിയ നാൾ മുതൽ ഇത്തരം ഉറച്ച തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ കുറച്ചെങ്കിലും മാറ്റം വന്നേനെ. ഇപ്പോൾ വിവാദമായിരിക്കുന്നതും ഉദ്യോഗസ്ഥന്മാർ മാരും ഇടനിലക്കാരും മാത്രം ഉത്തരവാദികൾ ആയിട്ടുള്ളതുമായ വ്യാജ പി.എസ്. നിയമനം അടക്കമുള്ള പലതും മുമ്പേ പുറത്തു വന്നേനെ.

ഇവിടെ രാഷ്ട്രീയക്കാരല്ല യഥാർത്ഥകുഴപ്പക്കാർ ഉദ്യോഗസ്ഥന്മാരാണെന്ന് എല്ലാവർക്കും അറിയാം. കുതിരകയറാൻ എളുപ്പം രാഷ്ട്രീയക്കാർ ആയതുകൊണ്ട് എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം അവരുടെ മേൽ കെട്ടിവയ്ക്കാനാണ് എല്ലാവർക്കും ഇഷ്ടം. കുറെ ജനറൽ നോളജ് കാണാതെ പഠിച്ച് ഒരു ഉദ്യോഗം നേടുന്നതിനപ്പുറം വലിയൊരു കാര്യമില്ലെന്നും ഉദ്യോഗം നേടിയാൽ എല്ലം തികഞ്ഞുവെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാർക്ക് അർഹിക്കുന്നതിൽ അപ്പുറം അപ്രമാദിത്വം കല്പിക്കുകയും അധികാരം ഉണ്ടെങ്കിലും അവരെ നിലയ്ക്കു നിർത്താൻ തയ്യാറാകതെയും ഇരിക്കുന്നു. ഇതൊക്കെ തന്നെയാണ് നമ്മുടെ ഉദ്യോഗസ്ഥന്മാർ ഇത്രയും അഹങ്കാരികളും ജനവിരുദ്ധരും ആയിത്തീരാൻ കാരണം.

ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥരും യാതൊരു സാമൂഹ്യ ബോധവും ഇല്ലാത്തവരാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഒരു സർക്കാർ ഓഫീസിൽ ഏതെങ്കിലും ആവശ്യത്തിനു ചെല്ലുന്ന പാവപ്പെട്ട ജങ്ങൾക്ക് എങ്ങനെ ഒരു ആവശ്യം നടത്തിക്കൊടുക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് മിക്ക ഉദ്യോഗസ്ഥരും. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാലം മാ‍റിയാലും നിയമത്തിന്റെ കുറെ നൂലാമാലകളുണ്ട്. അതിൽ പിടിച്ചാണ് ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നൂലാമാലകൾ എടുത്തുകളഞ്ഞ് പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ രാഷ്ട്രീയ എക്സിക്യൂട്ടീവുകൾ വേണ്ടത്ര ശ്രമിക്കുന്നുമില്ല. അഥവാ ഏതെങ്കിലും ഒരു നിയമപരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അതിനു ചുമതലപ്പെടുത്തുന്നതാകട്ടെ സാധാരണ ജനജീവിതത്തെ പറ്റി യാതൊന്നും അറിയാത്ത ജങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ..എസു കാരെയും മറ്റുമാണ്. ഇത് വീണ്ടും ജനദ്രോഹസംവിധാനങ്ങൾ നിലവിൽ വരുന്നതിനാണിടയാക്കുന്നത്.

ഒരു നിസാര കാര്യത്തിനു നൽകേണ്ട അപേക്ഷാഫോറം പോലും അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്ക് പോലും ദുർഗ്രാഹ്യതയുണ്ടാക്കുന്ന വിധത്തിലുള്ളവയാണ്. അപ്പോൾ തീരെ സാധാരണക്കാരുടെ കാര്യം പറയാനുമില്ല. ഗവർൺമെന്റുകൾ കൊണ്ടുവരുന്ന പല ജനക്ഷേമ പ്രവർത്തനങ്ങളുടെയും നേട്ടങ്ങൾ യഥാവിധി ജനങ്ങളിൽ എത്താത്തതിന്റെ കാരണക്കാർ ഉദ്യോഗസ്ഥരാണ്. എന്നാൽ യൂണിയൻ ബലമുള്ള അവർക്കെതിരെ ഒന്നും ചെയ്യാൻ സർക്കാരിനു കഴിയുകയുമില്ല. കൈക്കൂലിയും മറ്റും ഒരു അവകാശം പോലെ കരുതുന്നവരാണ് ഉദ്യോഗസ്ഥന്മാരിൽ നല്ലൊരു വിഭാഗം. ജനങ്ങൾ അവർക്ക് ശത്രുക്കളാണ്.

ഇതു പറയുമ്പോൾ തന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാരുടെ സമൂഹ്യ ബോധമില്ലായ്മയാണ് അവരുടെ ജനവിരുദ്ധതയ്ക്ക് കാരണം. എന്നാൽ ഉദ്യോഗം കിട്ടുന്നതിനു മുമ്പ് ഏതെങ്കിലും പാർട്ടിയിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയിലോ സ്വന്തം പ്രദേശത്തെ ഒരു ആർട്സ്ക്ലബ്ബിലെങ്കിലുമോ മറ്റോ പ്രവർത്തിച്ചിരുന്നവരാണെങ്കിൽ അത്തരം ആളുകൾ ഉദ്യോഗസ്ഥരായാലും ജനങ്ങളോട് ഒരു വിധം നന്നായി പെരുമാറുന്നവർ ആണെന്നു കാണാം. ഏതെങ്കിലും ഓഫീസിൽ നിന്ന് നമുക്ക് നല്ല പെരുമാറ്റം ലഭിക്കുന്നുണ്ടെങ്കിൽ അവർ ഏതെങ്കിലും തരത്തിൽ സാമൂഹ്യ ബന്ധം ഒക്കെ ഉള്ളവർ ആയിരിക്കും. രാഷ്ട്രീയമോ സാംസ്കാരികമോ സാമൂഹികമോ ഒക്കെയായ ഏതെങ്കിലും പ്രസ്ഥാനങ്ങളുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരായിരിക്കും അവർ. ചിലർ ഉദ്യോഗം കിട്ടുമ്പോൾ മറ്റേതൊരു ഉദ്യോഗസ്ഥനെയും എന്നപോലെ തികച്ചും ജനവിരുദ്ധരും സ്വാർത്ഥരുമായി തീരുന്നുണ്ട് എന്നതും കാണാതിരിക്കുന്നില്ല. പൊതുവിൽ ഉള്ള കാര്യം പറഞ്ഞതാണ്.

ഇനിയും സ്ത്രീകളായ ചില ഉദ്യോഗസ്ഥകൾ ഉണ്ട്. സർക്കാർ ഓഫീസിലെ ഗുമസ്തയോ എന്തിന് ഒരു തൂപ്പുകാരിയായാൽ പോലും പിന്നെ വലിയ മസിലു പിടുത്തമാണ്. ജനങ്ങൾ വല്ല കാര്യത്തിനും ചെന്നാൽ മുരട്ടു സമീപനമാണ്. ഓഫീസ് അവളുമാരുടെ തറവാട്ട് സ്വത്താണെന്ന് തോന്നും. (ചില അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ ആണു കേട്ടോ) തങ്ങൾ ആകാശത്ത്നിന്ന് പൊട്ടി വീണവരാണെന്നാണ് മട്ടും ഭാവവും. യാതൊരു സാമൂഹ്യ ബന്ധവും ഇല്ലാതെ പുസ്തകപ്പുഴുക്കളായി ഡിഗ്രികളും നേടി ,കുറച്ച് ജനറൽ നോളജും പഠിച്ച് വെറും പി.എസ്. ടെസ്റ്റ് എഴുതിയതുകൊണ്ടു ജോലി കിട്ടിയെത്തുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. അവരാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നത്. ശമ്പള പരിഷ്കരണം വരുമ്പോൾ മാത്രം പത്രം വായിക്കുന്നവരാണ് ഇവരിൽ മിക്കവരും. ലോകത്ത് എന്ത് നടക്കുന്നുവെന്നതിലും അവർക്ക് പ്രത്യേകിച്ച് വിചാരമൊന്നുമില്ല. ഇതിൽ എത്രപേർ വ്യാജന്മാരും വ്യാജകളും ആണെന്ന് ആർക്കുമറിയില്ല. പിടിക്കപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രം.

നമ്മുടെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സർക്കാർ സർവീസ് എന്നത് ജനങ്ങളുടെ ആവശ്യത്തിനുള്ളതല്ല, അവർക്ക് ജോലികിട്ടാനും വരുമാനം ഉണ്ടാക്കാനും മത്രം കണ്ടുപിടിച്ച സംവിധാനമായാണ് ഉഗ്യോഗസ്ഥ മേഖലയെ അവരിൽ മിക്കവരും കണക്കാക്കുന്നത്. എന്തിന് പള്ളിക്കൂടം കണ്ടു പിടിച്ചത് കുട്ടികളെ പഠിപ്പിക്കാനല്ല, തങ്ങൾക്ക് അദ്ധ്യാപക ജോലി ചെയ്യാൻ കണ്ടുപിടിച്ച സംവിധാനമാണ് പള്ളിക്കൂടങ്ങളെന്നാണ് ചില അദ്ധ്യാപകരുടെ വിചാരം. അവരുടെ മക്കളെ ഒക്കെ അൺ എയിഡഡ് സ്കൂളുകളിലേ പഠിപ്പിക്കുകയും ഉള്ളൂ‍.

ആരാണ്ട് പറഞ്ഞതുപോലെ സർക്കാർ വണ്ടി ആർക്കുംവേണ്ട, സർക്കാർ ആശുപത്രി ആർക്കുംവേണ്ട, സർക്കാർ സ്കൂൾ ആർക്കും വേണ്ട. പക്ഷെ എല്ലവർക്കും വേണം സർക്കാർ ഉദ്യോഗം! ലക്ഷങ്ങൾ കൊടുത്ത് ഓരോരോ ഉദ്യോഗം നേടുന്നവരെ പറ്റിയാണെങ്കിൽ പിന്നെ സാമൂഹ്യ ബോധത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടു കാര്യവുമില്ല. ലക്ഷങ്ങൾ കോഴകൊടുത്ത് പഠിച്ചിറങ്ങുന്നവരുടെ കാര്യവും അങ്ങനെ തന്നെ. ഡോക്ടർമാരും എഞ്ചിനീയറന്മാരും അടക്കം.

സത്യത്തിൽ ഇപ്പോൾ ന്യായമായ ഒരാവശ്യവുമായി കയറിച്ചെന്നാൽ മര്യാദയ്ക്ക് പെരുമാറുന്ന ഒരു സർക്കാർ ഓഫീസ് പോലീസ് സ്റ്റേഷനാണ്. പണ്ട് ഭരണ കക്ഷിക്കാർക്ക് മാത്രമേ പോലീസ് സ്റ്റേഷനിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ആരു ഭരിച്ചാലും. എന്നാൽ സത്യം പറയാമല്ലോ. .കെ ആന്റണി (പണ്ടല്ല,രണ്ടാമത്) മുഖ്യമന്ത്രിയായപ്പോൾ മുതലാണ് ഇതിനൊരു മാറ്റം വന്നത്.പിന്നെ കിഴ്വഴക്കം ആരും തെറ്റിച്ചില്ല. ഭരണപക്ഷത്തോട് പോലീസുകാർക്ക് ഒരു ചായ്‌വൊക്കെ ചിലപ്പോഴൊക്കെ ഉണ്ടാകുമെങ്കിലും അവരുടെ തറവാട്ട് സ്വത്തുപോലെ ഇന്നൊരു പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നില്ല. പക്ഷെ ഇതുംകേട്ട് പ്രതിയായി പോലീസ് സ്റ്റേഷനിൽ ചെന്നു കയറിക്കൊടുക്കരുത്. പിന്നെ പെട്ടതുതന്നെ. അന്യയമായ ഇടിയും കിട്ടും അങ്ങു ഉഗാണ്ടയിൽ നടന്ന കേസുകളുടെ കൂടി ഉത്തരവാദിത്വം കിട്ടുന്ന പ്രതികളുടെ തലയിലുമാകും!

ചില ചില സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്ന മനസിക പീഡനമാണ് ഇത്ര നിശിതമായ ഭാഷയിൽ ഉദ്യോഗസ്ഥരെ വിമർശിക്കുവാൻ കാരണം. എല്ലാവരും അങ്ങനെയാനെന്ന് ഇതിനർത്ഥമില്ല. പിതാവിന്റെ സർക്കാർ ശമ്പളത്തിന്റെ തടിയാണ് ഈയുള്ളവന്റേതും. ഒരുപാട് നല്ല സർക്കാർ ജീവനക്കാരുമായി നല്ല ബന്ധവുമുണ്ട്. നിയമക്കുരുക്കുകൾ മൂലം പെട്ടു പോകുന്ന ചില പാവങ്ങളെ സഹായിക്കാൻ കഴിയാതെ സങ്കടപ്പെടുന്ന ഉദ്യോഗസ്ഥർ പോലും ഉണ്ട്. പക്ഷെ എത്ര പേർ?

ഇനി കൈക്കൂലി വങ്ങാത്ത ഉദ്യോഗസ്ഥരെ പറ്റി. പലപ്പോഴും കൈക്കൂലി വാങ്ങാത്തവർ കൈക്കൂലി വാങ്ങുന്നവരെക്കാ‍ൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. നീളെയും പോകില്ല കുറുകെയും പോകില്ല. കാടൻ നിയമങ്ങളുടെ നൂലിൽ പിടിച്ച് നിന്ന് ആൾക്കാരെ കുഴയ്ക്കും. ഇനി കൈക്കൂലിയുടെ കാര്യം പറഞ്ഞാൽ കൈക്കൂലി കൊടുത്താലും എളുപ്പം കാര്യം നടന്നു കിട്ടിയാൽ മതിയെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. അഴിമതി വളരാൻ ജനങ്ങൾ തന്നെ കാരണം എന്നർത്ഥം. മാത്രവുമല്ല കൈക്കൂലി കിട്ടിക്കഴിഞ്ഞാൽ വാങ്ങുന്ന ഉദ്യോഗസ്ഥൻ കൊടുക്കുന്നവരോട് പിന്നെ നല്ല പെരുമാറ്റമായിരിക്കും. അതാണല്ലോ ആളുകൾ ആഗ്രഹിക്കുന്നത്. കാശുകൊടുത്ത് നല്ല പെരുമാറ്റം പോലും വിലയ്ക്കു വാങ്ങേണ്ട ഗതികേട്.

ഉദ്യോഗസ്ഥതലത്തിലെ അഴിമത്യ്ക്ക് ജനങ്ങൾക്കു പൊതുവിലും രാഷ്ട്രീയക്കാർക്ക് പ്രത്യ്യെകിച്ചും ഒരു പങ്കുണ്ട്. ചില ആദർശശാലികളായ രാഷ്ട്രീയ നേതാക്കൻമാർ, അതായത് ജനപ്രതിനിധികളും മറ്റും പറയുന്നതുകേൾക്കാം. നമ്മൾ അഴിമതിയിലൂടേ സമ്പാദിക്കാനൊന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരെയൊന്നും മാറ്റിയെടുക്കാൻ ഞങ്ങൽക്കു കഴിയില്ല, അവർക്ക് വല്ലതും ചില്ലറ കൊടുത്താലേ കാര്യങ്ങൾ നടക്കൂ എന്ന്. അപ്പോൾ പിന്നെ ആര് മാറ്റിയെടുക്കും ഉദ്യോഗസ്ഥരെ! അഴിമതിക്കാരെ ഒരു യൂണിയനിലും എടുക്കില്ലെന്ന് തീരുമാനിച്ചാൽ പോലും കുറെ അഴിമതി ഇല്ലാതാകും. യൂണിയനുകൾ അതിനു തയ്യാറാകുമോ? കൊന്നാൽ പാവം തിന്നാൽ തീരും എന്നു പറയുന്നതുപോലെ യൂണിയനുകൾക്കും പാർട്ടികൾക്കും അകമഴിഞ്ഞ് സംഭാവന നൽകിയാൽ കഴുകി കളയാവുന്നതേയുള്ളൂ ഇന്നത്തെ നിലയിൽ അഴിമതി!

ഇനി മറ്റു ചില യാഥാർത്ഥ്യങ്ങൾ പറയാം. ലോകം മുഴുവൻ കമ്പ്യൂട്ടറുകൾ നിയന്ത്രിക്കുന്ന കാലത്തും നമ്മുടെ സർക്കാർ ഓഫീസുകൾ മിക്കതും പഴയ രീതിയിലാണ്. എന്തിനും ഏതിനും കാലതാമസം ആണ്. ഉദ്യോഗസ്ഥർ മന:പൂർവ്വം വരുത്തുന്ന കലതാമസങ്ങൾ വേറെയും. കമ്പ്യൂട്ടറൈസേഷനിലൂടെ തന്നെ കലതാമസങ്ങൾക്കും സങ്കീർണ്ണതകൾക്കും കുറെ പരിഹാരം ഉണ്ടാക്കാം.

മറ്റൊന്ന് ചില ഫോർമാലിറ്റികളുടെ കാര്യമാണ്. ബ്രിട്ടീഷുകാരന്റെ കാലത്ത് നില നിന്ന അതേ സമ്പ്രദായത്തിലാണ് ഇന്നും നമ്മുടെ സർക്കാർ സംവിധനങ്ങൾ പ്രവർത്തിക്കുന്നത്. എന്തിനും ഏതിനും ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന സങ്കീർണ്ണതകളും നൂലാമാലകളുമാണ്. റേഷൻ കാർഡിൽ പേരു ചേർക്കുന്നതു മുതൽ പാസ്പോർട്ട് എടുക്കുന്നതിൽ വരെ സങ്കീർണ്ണതകൾ കാണാം. എന്തിന് ഒരു ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ചെല്ലുമ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നമുക്കറിയാം. ഇനി യഥസമയം അത് അജ്ഞത കൊണ്ടോ മറ്റോ വാങ്ങാത്തവർ പിന്നീടൊരിക്കൽ ചെന്നുനോക്കണം. പലവിധ ഫോർമാലിറ്റികളാ‍ണ്. തുടക്കത്തിലേ ആളുകൾ ഇതിലും ഭേദം ജനന സർട്ടിഫിക്കറ്റ് വേണ്ടെന്നു പറയും.

ഇപ്പോൾ എസ്.എസ്.എൽ.സി ബൂക്കിലെയും യഥർത്ഥ ജനന സർട്ടിഫിക്കറ്റിലെയും തീയതികൾ ഒന്നു മാറിക്കിടന്നാൽ അതൊന്നു തിരുത്തിക്കിട്ടാൻ എടുക്കേണ്ട സ്റ്റെപ്പുകൾ ഒന്നുമാത്രം മതി എത്ര വികലവും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് നമ്മുടെ നിയമങ്ങൾ എന്ന് മനസിലാക്കാൻ. ഒരു തദ്ദേശ സ്വയം ഭരണ സ്ഥാനത്തിൽ നിന്ന് ലഭിക്കുന്ന യത്ഥാർത്ഥ ജനനസർട്ടിഫിക്കറ്റ് കൊണ്ട് സർട്ടിഫിക്കറ്റിലെ തെറ്റായ ജനനതീയതി തിരുത്താവുന്ന കാര്യമേയുള്ളൂ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്. ഇപ്പോൾ അത് പരീക്ഷാഭവനിലിരിക്കുന്ന ജോയിൻ രജിസ്ട്രാർ ആണ്. പക്ഷെ അതിന് എന്തെല്ലാം നടപടിക്രമങ്ങൾ എന്നോ? സ്കൂളിൽ നിന്നുള്ള രേഖകൾ, നോട്ടറി സർട്ടിഫിക്കറ്റ്, എത്ര സഹോദരങ്ങൾ ഉണ്ടോ അത്രയും പേരുടെ ഓറിജിനൽ ജനന സർട്ടിഫിക്കറ്റ്,അതില്ലെങ്കിൽ പിന്നെ അവരുടേത് ഉണ്ടാക്കിയെടുക്കാൻ വേറെ സ്റ്റെപ്പുകൾ, പിന്നെ കുറെ അറ്റസ്റ്റേഷനുകൾ എന്നുവേണ്ട എല്ലാ അപേക്ഷകളും രേഖകളും കൂടി തലയിൽ ചുമന്ന് പരീക്ഷാഭവനിൽ എത്തിച്ചാലോ മൂന്നുമാസം ആറുമാസം കാത്തിരിക്കണം അതു സാധിച്ചുകിട്ടാൻ!

ഈയിടെ കുട്ടികൾക്ക് എന്തോ സർട്ടിഫിക്കറ്റ് നൽകുന്നുവെന്നും ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങണമെന്നും പറഞ്ഞ് നിയമം വന്നു. ആളുകൾ എല്ലാം കൂടി തീയേ ചൂട്ടേ എന്നു പറഞ്ഞ് നഗരസഭയിൽ ചെന്നു. പഞ്ചായത്ത് പ്രദേശത്ത് ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾ കൂടി അജ്ഞത കൊണ്ട് അവിടെ വന്നു തള്ളി. എന്തിന് സിറ്റി മുഴുവൻ നീണ്ടുനിൽക്കുന്ന ക്യൂ ആയിരുന്നു. ഒരു ദിവസം അനന്തിരവൾക്കു വേണ്ടി ഞാനും ചെന്ന് ക്യൂ നിന്നു. മൂന്നുമണിക്കൂർ ക്യൂ നിന്ന് നഗര സഭാ വളപ്പിൽ എത്തിയപ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ആറുമാസത്തേയ്ക്ക് നീട്ടിയതായി സർക്കാർ അടിയന്തിര ഓർഡർ ഇറക്കി. പിന്നെ അതിപ്പോൾ കേൾക്കാൻ കൂടിയില്ല. രക്ഷപെട്ടു. പിന്നീട് ഈയുള്ളവൻ സർട്ടിഫിക്കറ്റ് നഗരസഭയിൽ ചെന്ന് സാധാരണ നടപടിക്രമം അനുസരിച്ചു വാങ്ങി. അതിനുമുണ്ടയിരുന്നു കുറെ നൂലാമാലകൾ. ഇതൊക്കെ സർക്കാർ കാര്യങ്ങളിലെ നൂലാമാലകളെക്കുറിച്ച് ഉദാഹരിക്കാൻ പറഞ്ഞെന്നേയുള്ളൂ. അങ്ങനെ എത്രയെത്ര കാര്യങ്ങൾ! ഈയുള്ളവനവർകളുടെ അനുഭവത്തിൽ ഉള്ളത് ഞാൻ എഴുതിയെന്നേയുള്ളൂ.

ഉദ്യോഗസ്ഥരംഗം നന്നാക്കാൻ സർക്കാർ അവർക്കു മേൽ എന്തെങ്കിലും മൂക്കുലയർ ഇട്ടതുകൊണ്ടു മാത്രം കാര്യമായില്ല. നിയമങ്ങൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സൌകര്യപ്രദമായ രീതിയിൽ പൊളിച്ചെഴുതണം. എന്തിനു സങ്കീർണ്ണതകൾ. കൈക്കൂലിയും ചുവപ്പുനാടയുമൊക്കെ നിലനിൽക്കുന്നതുതന്നെ നിയമത്തിന്റെ നിഗൂഢതകളും സങ്കീർണ്ണതകളും കാർക്കശ്യങ്ങളും നൂലാമാലകളും കൊണ്ടാണ്. എന്തിന് സർക്കാർ ഓഫീസുകളിലെ ഫയലുകളുടെ സ്വഭാവം തന്നെ മാറണം.

ഇന്ന് മിക്ക സർക്കാർ ഓഫീസുകളിലും ചെന്നാൽ ആവശ്യക്കാരന് ഉദ്യോഗസ്ഥന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ പോലും സൌകര്യമില്ല. ഒരു വില്ലേജ് ഓഫീസിൽ പോലും ആവശ്യക്കാർ ചെന്ന് ഓച്ഛാനിച്ചു നിൽക്കണം. ഒരു കസേര പോലും ഇടില്ല. ജങ്ങളാണോ യജമാനർ ഉദ്യോഗസ്ഥരാണോ ജനാധിപത്യത്തിലെ യജമാനർ? നികുതി നൽകുന്ന ജനങ്ങൾക്കു മുന്നിൽ ഉദ്യോഗസ്ഥരാണ് പ്രണമിക്കേണ്ടത്. അല്ലാതെ ജനങ്ങൾ അല്ല. ഉദ്യോഗസ്ഥൻ തന്നെ ഉദ്യോഗ കസേരയിൽ നിന്ന് ഇറങ്ങിയാൽ വെറും ഒരു പ്രജയാണെന്ന് കൂടി ഓർക്കണം. പറഞ്ഞുവരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള പഴുതുകൾ ഏറെയുള്ള നിയമങ്ങൾ മാറി മറിയണം എന്നാണ്.

പണ്ട് ബ്രിട്ടീഷുകാരുടെ പോലീസുകാർ നിക്കറായിരുന്നു ഇട്ടിരുന്നത്. അത് നമ്മൾ മാറ്റിയില്ലേ? ഇന്ന് നിക്കറിട്ടു നിൽക്കുന്ന പോലീസുകാരെ നമുക്ക് സങ്കല്പിക്കാൻ ആകുമോ? സർക്കാർ ഓഫീസുകളിലെ നമ്മുടെ പല നിയമങ്ങളും ഇപ്പോഴും നിക്കറിൽ നിൽക്കുന്നതേയുള്ളൂ. എല്ലാറ്റിനെയും പാന്റുടുപ്പിക്കാൻ കാലം കഴിഞ്ഞു.

മാറ്റണം മാറ്റിമറിക്കണം എന്നൊക്കെ മുദ്രാവാക്യം വിളിച്ചു നടന്നാൽ പോര. ഭരണം കിട്ടുമ്പോൾ കഴുയുന്നത്ര മാറ്റം വരണം. .പിണറായിയെപ്പോലെ കരുത്തരായ നേതാക്കന്മാർ നയിക്കുമ്പോൾ എന്തെങ്കിലും ഒക്കെ നടന്നില്ലെങ്കിൽ പിന്നെ എന്നാണു നടക്കുക? ആരെയാണ് പാർട്ടി ഭയക്കുന്നത്? ജനങ്ങളെ മൊത്തത്തിൽ ഭയക്കുന്നതു വിനയമാണ്. പക്ഷെ ഉദ്യോഗസ്ഥ മാടമ്പിമാർക്കും ജനവുരുദ്ധനിയമങ്ങൾക്കും എന്തിനു കീഴ്പെടണം? ആർക്കു വേണ്ടി നാറിയ വ്യവസ്ഥിതികളെ സംരക്ഷിക്കുന്നു? എല്ലാം സുതാര്യമാക്കാൻ എന്തിന് അമാന്തിക്കുന്നു?

നാലര വർഷക്കാലം കൊണ്ട് എത്രയോ ജനക്ഷേമപ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാർ നടത്തി. അതിൽ പലതിന്റെയും ഗുണഫലങ്ങൾ എല്ലാ‍വർക്കും കിട്ടി. എന്നാൽ പലതിന്റെയും ഗുണഫലങ്ങൾ യഥാവിധി ജനങ്ങൾക്ക് കിട്ടാതെയും വന്നിട്ടുണ്ട് അതിനുത്തരവാദികൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ. സർക്കാരിന്റെ സദുദ്ദേശ ജനക്ഷേമ പ്രവർത്തനങ്ങൾ പലതിന്റെയും സന്ദേശം ജനങ്ങളിൽ എത്തിയില്ലെന്ന് സമീകകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നുമുണ്ട്. ഇതെന്തുകൊണ്ട്? ഇത്രയൊക്കെ ചെയ്തിട്ടും ജനങ്ങൾ അസംതൃപ്തരും നിരാശരുമാകാൻ കാരണമെന്ത്?

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ വന്ന ഇടതുപക്ഷ സർക്കാരുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തേതെന്ന യാഥാർത്ഥ്യം നിഷേധിക്കുന്നത് സത്യസന്ധമായിരിക്കില്ല. എങ്കിലും ഇടതുപക്ഷം ഭരിച്ചാലും ജനവിരുദ്ധവ്യവസ്ഥിതികളിൽ പ്രതീക്ഷയ്ക്കൊത്ത് കാര്യമായ മാറ്റം വരുത്താൻ കഴിയാത്തതിലുള്ള പ്രതിഷേധം ജനങ്ങളിൽ നിലനിൽക്കുന്നു എന്ന യാഥർത്ഥ്യം ഇപ്പോഴും നിലനിൽക്കുകയല്ലേ? കുറച്ചൊക്കെ പിഴവുകൾ സി.പി..(എം) അംഗീകരിച്ച് പരസ്യപ്പെടുത്തിയതാണ്. പിഴവുകൾ എല്ലാം വരുന്ന അവശേഷിക്കുന്ന ചുരുങ്ങിയ നാളുകൾ കൊണ്ട് പരിഹരിക്കാൻ കഴിയില്ല. എങ്കിലും കഴിയുന്നത്രയെങ്കിലും ചെയ്യാൻ കഴിയണം.

എഴുതിവന്ന വിഷയം ഉദ്യോഗസ്ഥസംവിധാനത്തെ കുറിച്ച് ആയിരുന്നെങ്കിലും വിഷയം പലപ്പോഴും വ്യതി ചലിച്ചിട്ടുണ്ട്. അതൊന്നും ഇനി എഡിറ്റ് ചെയ്യാനൊന്നും നിൽക്കുനില്ല. എല്ലാം കൂട്ടത്തിൽ പറയേണ്ടതു തന്നെയെന്നു കരുതുന്നു. എങ്കിലും വിഷയത്തിൽ വന്ന് തന്നെ ഉപസംഹരിക്കാം.

സർക്കാർ ഉദ്യോഗസ്ഥന്മാരെ വരുതിയിൽ നിർത്തണം. ഉദ്യോഗസ്ഥന്മാരുടെ ഉപദേശങ്ങൾക്കനുസരിച്ചല്ല, തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. നിലവിലുള്ള നിയമവും നടപടിക്രമങ്ങളിലെ അനാവശ്യമായ വ്യവസ്ഥകളും പ്രയാസങ്ങളും എല്ലാം ദൂരീകരിക്കുന്ന പുതിയ നിയമങ്ങൾ ഉണ്ടാകണം. നല്ല നിലയിൽ ജനപ്രിയരായി സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വർഷാവർഷം അവാർഡുകളോ പ്രമോഷനുകളോ ഒക്കെ നൽകി പ്രോത്സാഹിപ്പിക്കണം. ജനങ്ങളും ജനകീയ സമിതികളും മറ്റും ആയിരിക്കണം നല്ല ഉദ്യോഗസ്ഥരെന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. കമ്പ്യൂട്ടർ തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ആനിലയിൽ പരിഗണിച്ച് വേണ്ടതു ചെയ്യണം.

എല്ലാ സർക്കാർ ഓഫീസുകളെയും മോണിട്ടർ ചെയ്യാൻ ജനകീയ സമിതികളെ നിയോഗിക്കണം. ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥന്മാർക്കുമേൽ ചില നിയന്ത്രണാധികാരങ്ങൾ ഉണ്ടാകാൻ നിയമം കൊണ്ടുവരണം. കലതാമസം കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ഓഫീസുകളിൽ നിന്ന് സാധിച്ചുകിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ്യ ബോധവും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടാകാനുള്ള ബോധവൽക്കരണം കൂടി ഇടയ്ക്കിടെ നടത്തണം.

തനിക്കു ചുറ്റുമുള്ള സമൂഹത്തെ മനസിലാക്കാനും സ്നേഹിക്കാനും കഴിയാതെ സ്വന്തം സ്വാർത്ഥതയിൽ ഊന്നി ജീവിക്കുന്നവർ സർക്കാർ സർവീസിൽ ഇരിക്കാൻ യോഗ്യരല്ല. ടെസ്റ്റും ഇന്റർവ്യൂവും മാത്രം നടത്തി നിയമനം നടത്തിയാൽ പോരാ ഓരോ ഉദ്യോഗാർത്ഥിയും സമൂഹത്തെ എങ്ങനെ സമീപിക്കുന്നു എന്നൊരന്വേഷണം കൂടി നടത്തണം നിയമനങ്ങൾക്കു മുമ്പും പിൻപും. സർക്കാർ ഉദ്യോഗം വെറും ഒരു തൊഴിലല്ല, ജനസേവനമാണ് എന്ന ബോധമാണ് നമ്മുടെ ഉദ്യോഗസ്ഥർക്കു വേണ്ടത്.

പിൻകുറിപ്പ്: ഏതെങ്കിലും കരണവശാൽ മേൽ എഴുതിയ കുറിപ്പ് വായിക്കാനിടയായി ആരെങ്കിലും പ്രകോപിതരാകുന്നുണ്ടെങ്കിൽ തിരിച്ചറിയുക; നിങ്ങളുംകൂടി വരികളിൽ എവിടെയോ വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വയം വിലയിരുത്തി തിരുത്താൻ ശ്രമിക്കുക!

No comments: