ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?
പുതിയ അഴിമതി കേസ്. ആരോപണ വിധേയൻ യൂത്ത് കോൺഗ്രസ്സ് നേതാവ് വി.സി.ശ്രീനിജൻ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകൻ. കെ.ജി.ബിക്കെതിരെയും സംശയത്തിന്റെ മുൾമുന നീളുന്നു. ഇനി അന്വേഷണങ്ങൾ ഉണ്ടായേക്കാം. അവർ കുറ്റക്കാരെന്നോ നിരപരധികൾ എന്നോ തെളിയിക്കപ്പെടാം. ഇന്നിപ്പോൾ ശ്രീനിജൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിത്വം രാജി വച്ചിരിക്കുന്നു. തന്റെ സമ്പാദ്യങ്ങളെല്ലാം താനും ഭാര്യയും അഭിഭാഷക വൃത്തിയിലൂടെ നേടിയതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം. സംശയം, ആരോപണം, വിശദീകരണം, അന്വേഷണം ഒക്കെ സംഭാവ്യം. സ്വാഭാവികം. കോൺഗ്രാസ്സ് നേതാക്കൾ അഴിമതി നടത്തുന്നതിലും അസ്വാഭാവികതയൊന്നുമില്ല. അത് അവരുടെ അവകാശവും അവർക്ക് അതൊരു അലങ്കാരവുമാണെന്ന വിശ്വാസം സമൂഹത്തിനുമേൽ നമ്മുടെ വലതുപക്ഷപതികളായ മാധ്യമ പുംഗവന്മാർ തന്നെ നേരത്തെ അടിച്ചേല്പിച്ചിട്ടുള്ളതാണ്. ഇവിടെ ഇപ്പോൾ ആരോപണവിധേയരായവർ ആരും സി.പി.ഐ.(എം) കാർ അല്ല. പക്ഷെ മനോരമ വാർത്താചാനൽ അടക്കം ചില മാധ്യമങ്ങൾ ഈ അഴിമതി ആരോപണങ്ങൾക്കും മറുപടി പറയാനുള്ള ബാദ്ധ്യത സി.പി. ഐ (എം)-ന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് ആർക്കാണ് അറിയാത്തത്? കോൺഗ്രസ്സുകാർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -ന്റെ നേർക്കു കൂടി നുണ ആരോപിച്ച് അതിനെ ലിങ്കു ചെയ്യുക വഴി കോൺഗ്രസ്സ്കാരെ വെള്ള പൂശുക. അല്ലെങ്കിൽ അവരെ പ്രതിരോധിക്കാൻ ഒരു കൈ സഹായിക്കുക. പ്രതിരോധത്തിലാകേണ്ട കോൺഗ്രസ്സിനെ രക്ഷിച്ച് സി.പി. ഐ (എം)-നെ പ്രതിരോധത്തിലാക്കുക. ഇതൊരു പുതിയ തന്ത്രമൊന്നുമല്ല. മുമ്പേ പരീക്ഷിച്ചു വരുന്നതാണ്. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്നതുപോലെ. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -നെതിരെ അടിസ്ഥാനമില്ലാത്ത പഴയതോ പുതിയതോ ഒരെണ്ണം കുത്തിപ്പൊക്കുക. അതിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് മറ്റവർ നടത്തുന്ന യഥാർത്ഥ അഴിമതിക്കഥകളെ മൂടിവയ്ക്കുക. അതുമല്ലെങ്കിൽ കോൺഗ്രസ്സുകാർ നടത്തുന്ന അഴിമതിയ്ക്ക് ന്യായീകരണം കണ്ടെത്തുക. അഴിമതി കാട്ടിയവരെ രക്ഷിക്കുക. അന്വെഷണങ്ങളെ ദുർബലപ്പെടുത്തുക. കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒരു പോലെ അഴിമതിക്കാരാണെന്ന ഒരു സന്ദേശമെങ്കിലും ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ ഉറക്കം വരില്ല. കോൺഗ്രസ്സിനെയും സി.പി. എമ്മിനെയും ഒരേ ത്രാസിൽ തൂക്കിയാലൊന്നും കോൺഗ്രസ്സിനെയോ ബി.ജെ.പിയെയോ അവരുടെ നേതാക്കൾ നടത്തുന്ന അഴിമതികളെയോ മൂടിവയ്ക്കാനോ കഴിയില്ല. അഴിമതി തുടർപരിപാടിയായി വച്ചു നടത്തുന്നവരെ സ്വന്തക്കാരാണെന്നു കരുതി എത്രകാലം ഈ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾക്ക് രക്ഷിക്കാൻ കഴിയും? ഇതാണോ പത്ര പ്രവർത്തനം. ഇതെഴുതുമ്പോഴും മനോരമ ചാനൽ പെൺ കൊച്ച് ഒരു സി.പി.ഐ(എം) നേതാവിനോട് കെ.ജി.ബിക്കെതിരെയും അദ്ദേഹത്തിന്റെ മരുമകനെതിരെയും ഉയർന്ന ആരോപണത്തിനു മറുപടി പറയണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ദളിത് സമുദായത്തില്പെട്ട ഒരാൾ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ തലപ്പത്ത് എത്തുന്നതിൽ അന്നേ അസഹിഷ്ണുത പുലർത്തിയിരുന്ന ചിലർക്ക് ഇപ്പോൾ ഒരു അവസരം ആയി. മരുമകൻ മുഖാന്തരമാണെങ്കിലും! എന്തായാലും കെ.ജി.ബിയും ഔദ്യോകികവും വ്യക്തിപരവുമായ ജീവിതത്തിൽ കുറച്ചു കൂടി സൂക്ഷമത പുലർത്തെണ്ടിയിരുന്നു എന്നു തോന്നുന്നു. ആരോപണങ്ങളിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും!
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Subscribe to:
Post Comments (Atom)
No comments:
Post a Comment