സ്ത്രീ ശാക്തീകരണം കേരളത്തില്‍
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥകളും എല്ലാം സ്ത്രീപുരുഷസമത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ്. നിയമപരമായി സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷകളും നൽകി വരുന്നുണ്ട്. ഭരണഘടനാപരമായോ നിയമപരമായോ സ്ത്രീവിവേചനം നിലനില്ലെന്നുതന്നെ പറയാം. എന്നാൽ സാമൂഹ്യമായി സ്ത്രീകൾ അനുഭവിച്ചു പോരുന്ന വിവേചനം പൂർണ്ണമായും ഇല്ലാതാക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ അഭിമുഖീകരിച്ചു പോരുന്ന പല പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു ജീവിത ക്രമമാണ് ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. ഈ വ്യവസ്ഥിതിയിൽ സ്ത്രീ രണ്ടാം തരക്കാരിയായി തരം താഴ്ത്തപ്പെടുന്നു. ഇതിന് പല കാരണങ്ങളും ഉണ്ട്. സാമൂഹികം, മതപരം, സാമ്പത്തികം തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട് . ഇവ കണ്ടെത്തി പരിഹരിക്കുന്നതിന് ഭരണപരമായും നിയമപരവും സാമൂഹ്യമായും ഉള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നുമുണ്ട്. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ മൊത്തം സ്ഥിതി പരിശോധിച്ചാൽ സ്ത്രീകളുടെ പൊതുവിലുള്ള സ്ഥിതി ഇന്നും പരിതാപകരമായി തുടരുന്നു.
ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിൽ സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെ വിലയിരുത്താൻ. സ്ത്രീകളുടെ ക്ഷേമത്തിന് നാളിതുവരെ ഭരണതലത്തിലും, സാമൂഹ്യതലത്തിലും, രാഷ്ട്രീയതലത്തിലും മറ്റു വിവിധ തലങ്ങളിലും ഉള്ള പലതരം പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കാലാകാലങ്ങളിൽ പല നിയമനിർമ്മാണങ്ങളും നടന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യനീതി ലഭിക്കുന്നതിനും അവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളും നടന്നു പോരുന്നുണ്ട്. കേരളത്തിന്റെ പൊതു നന്മയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികളിൽ പലതും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനുകൂടി സഹായകരമായിട്ടുണ്ട്. അതിലൊന്നാണ് സാക്ഷരതാ പ്രവർത്തനം. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ ഒരു സംസ്ഥാനമാണ്. ഇത് സ്ത്രീകളുടെ സാമൂഹ്യമായ ഉന്നമനത്തിനും സഹായകമായിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. അതിന്റെ തുടർ പ്രാർത്തനങ്ങളിൽ ഇപ്പോഴുമതുണ്ട്.
തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം ഫലപ്രദമായി പ്രായോഗികമാക്കിയ സംസ്ഥാനമാണ് കേരളം. മാതൃ-ശിശു പരിപാലനരംഗത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്താൻ നിയമം പാസ്സാക്കുകയും അത് 2010- ലെ ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവയിലേയ്ക്ക് നടന്ന തെരഞ്ഞേടുപ്പിൽ ആദ്യമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ മൊത്തം ബാധകമാകേണ്ടുന്ന വനിതാ സംവരണ ബിൽ പാർളമെന്റിൽ തീരുമാനമാകാതെ കിടക്കുമ്പോഴാണ് കേരളം ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചത്. അങ്ങനെ പല മേഖലകളിലും സ്ത്രീകളുടെ ക്ഷേമത്തിന് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ള അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും രൂപീകരണത്തൊടെ കേരളം സ്ത്രീശക്തീകരണ രംഗത്ത് വൻ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അയൽക്കൂട്ടങ്ങളും കുടുംബശ്രീകളും രൂപീകരിക്കുമ്പോൾ അത് സ്ത്രീസമൂഹത്തിന് ഒരുണർത്തുപാട്ടായി മാറുമെന്നോ ഇത്രയധികം വിപ്ലവകരമായ ഒരു മുന്നേറ്റം ഉണ്ടാകുമെന്നോ ഈ ആശയം കൊണ്ടുവന്നവർ പോലും ഒരുപക്ഷെ കരുതിയിരുന്നോ എന്നറിയില്ല. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് സ്ത്രീകളും അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണം. സാമ്പത്തികമായ അരക്ഷിതാവസ്ഥയും പരാശ്രയത്വവുമാണ് ഏതൊരു വ്യക്തിയെയും അടിമയാക്കുന്ന മുഖ്യ ഘടകം . സ്ത്രീസമൂഹം അനുഭവിക്കുന്ന അടിമത്വത്തിന് പലകാരണങ്ങൾ ഉള്ളതിൽ പ്രധാനം ഈ സാമ്പതികഘടകം തന്നെ.
സ്വയം സഹായ സംഘങ്ങൾ കൂടിയായ അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീകളുടെയും വരവ് സ്ത്രീകളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുവാനും സ്വയം വരുമാനം ആർജ്ജിച്ച് കരുത്ത് നേടുവാനുമുള്ള വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നുകൊടുക്കുകയയിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയി മാറുകയായിരുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരും മാത്രമല്ല, അല്പസ്വല്പം സാമ്പത്തിക ഭദ്രതയൊക്കെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾ കൂടിയും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട് എന്നത് ഇതിന്റെ പൊതുവിലുള്ള സ്വീകാര്യതയ്ക്കും വിജയത്തിനും ഉദാഹരണമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെ വിജയിച്ച ബൃഹത്തായ ഒരു കർമ്മ പരിപാടിയാണ് കുടുംബശ്രീ പ്രസ്ഥാനം എന്നതും നാം ഓർക്കണം. ഇന്ന് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചെറുതും വലുതുമായ ഉല്പാദന വിതരണ സംരംഭങ്ങൾ കേരളത്തിൽ എവിടെയും സജീവമാണ്. അതിൽനിന്നും നല്ല വരുമാനം അവർക്ക് ലഭിക്കുന്നുണ്ട്. ഇത് ഒരു ചെറിയ കാര്യമല്ല. മുമ്പ് പുരുഷന്മാരുടെ മുന്നിൽ എന്തിനും കൈ നീട്ടി നിൽക്കേണ്ടി വന്നിരുന്ന സ്ത്രീകൾ അയൽകൂട്ടങ്ങളിലൂടെ സംഘടിക്കുക വഴി ഒരു പരിധിവരെയെങ്കിലും സ്വയം പര്യാപ്തരായിരിക്കുകയാണ്. ഇന്ന് ഭർത്താക്കന്മാർ ഭാര്യമാർ വഴി അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പയെടുക്കുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇത് സ്ത്രീകളുടെ വിജയമല്ലാതെ മറ്റെന്താണ്?
മാത്രവുമല്ല ഏതൊരു പ്രസ്ഥാനത്തിനും നില നിൽക്കാനും വളരാനും സാമ്പത്തികമായ അടിത്തറ കൂടി വേണം. കുടുംബശ്രീയും ഒരു പ്രസ്ഥാനമാണെന്നിരിക്കെ അതിന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബ ശ്രീ യൂണിറ്റുകളും ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിലെ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് സാമ്പതിക സഹായം നൽകാൻ പോലും ഇന്ന് മിക്ക കുടുമ്പശ്രീകളും മുന്നോട്ടുവരുന്നുണ്ട്. ഇന്ന് കുടുംബശ്രീകൾ കേവലം സ്വയം സഹായ സംഘങ്ങൾ മാത്രമല്ല പര സഹായസംഘങ്ങൾ കൂടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പല ജീവ കാരുണ്യ പ്രവർത്തനങ്ങൽക്കും കുടുംബ ശ്രീ യൂണിറ്റുകൾ മുന്നോട്ടു വരുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരു സബ്ജില്ലാ സ്കൂൾ യുവജനോത്സവത്തിന് അടുത്തുള്ള കുടുംബ ശ്രീ യൂണിറ്റുകൾ എല്ലാം കൂടി പതിനായിരത്തിലധികം രൂപാ സംഭാവന ചെയ്തത് ഈ ലേഖകന് അറിയാം. മറ്റു പലയിടത്തും ഇതിലും വലിയ തുക പൊതു കാര്യങ്ങൾക്ക് വേണ്ടി സംഭവന ചെയ്യുന്നുണ്ട് എന്നറിയുമ്പോൾ കുടുംബശ്രീകളുടെ സാമ്പത്തികമായ വളർച്ചയെ ചെറുതായി കണ്ടുകൂട.നാട്ടിൽ നടക്കുന്ന പൊതുക്കാര്യങ്ങൾക്ക് സാമ്പത്തികമായി കൈത്താങ്ങു നൽകുകമാത്രമല്ല, പൊതു പരിപാടികളുടെ വിജയത്തിനായി സ്ത്രീകൾ സംഘങ്ങളായി വന്ന് സഹായിക്കുന്നത് ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം.
മുമ്പ് വീട്ടിനുള്ളിൽ മത്രം കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് പുറം ലോകത്ത് വന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് സമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതിനപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ രംഗത്തും സ്ത്രീശാക്തീകരണത്തിന്റെ അലയൊലികൾ ഉണ്ടായിട്ടൂണ്ട്. കുടുംബശ്രീകളുടെ വാർഷിക പൊതുയോഗങ്ങളും മറ്റു പൊതു പരിപാടികളും ഒക്കെ വിവിധ കലാ സാംസ്കാരിക പരിപാടികളുടെ കൂടി വേദികളായി മാറുന്നുണ്ട്. ഗ്രാമങ്ങളിൽ പോലും ഇന്ന് അണു കുടുംബ വ്യവസ്ഥിതിയാണെന്നിരിക്കെ സ്വന്തം സ്വാർത്ഥത്തിനപ്പുറത്തേക്ക് അവരവരുടെ ചിന്താമണ്ഡലങ്ങളെ വിപുലീകരിച്ച് സാമൂഹ്യ ബോധം ഉൾകൊള്ളുവാനും പരസ്പരം അടുത്തറിഞ്ഞ് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും സ്ത്രീകളുടെ ഒത്തു ചേരലുകൾ ഉത്തേജനമാകുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അയൽകൂട്ടങ്ങൾ കൂടുന്നതിലൂടെ നമ്മുടെ സാമൂഹ്യ ജീവിതവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. അയൽക്കൂട്ടങ്ങൾ ചുവടു വയ്ക്കുന്ന ആദ്യ നാളുകളിൽ അവയെ പരദൂഷണകമ്മിറ്റികൾ എന്നു കളിയാക്കുകയും, പെണ്ണുങ്ങൾ പരസ്പരം അടിച്ചു പിരിയുന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് കുടുംബശ്രീ പ്രസ്ഥാനം മുന്നേറുന്നതാണ് നാം കാണുന്നത്.
ഔദ്യോഗികാംഗീകാരമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വിജയം കണ്ടിട്ടുതന്നെയാണ് പല രാഷ്ട്രീയ- സാമുദായിക സംഘടനകളും തങ്ങളുടേതായ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ അരംഭിച്ചത്. മത്രവുമല്ല സ്ത്രീകളുടെ അയൽക്കൂട്ടങ്ങളെ മതൃകയാക്കി ഇന്ന് പുരുഷ അയൽക്കൂട്ടങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ പരിപാടി എന്നതിനപ്പുറം കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം വിജയം കണ്ടതിനുശേഷം ഏറ്റവുമധികം വിജയം വരിച്ച ഔദ്യോഗികാംഗീകാരമുള്ള ഒരു സമൂഹ്യ പ്രസ്ഥാനമാണ് കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീ പ്രസ്ഥാനം കേവലം സമ്പത്തിക സ്വയം പര്യാപ്തത എന്നതിനപ്പുറം മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചു എന്നതിനാൽ ഇതിന്റെ പ്രാധാന്യത്തെ നാം കൂടുതൽ ഉയർത്തിത്തന്നെ കാണേണ്ടതുണ്ട്. ശരിക്കും സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തോ അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ അല്ലെങ്കിലും നിർണ്ണായകമായ വിജയം കൈവരിച്ചു എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കും. നിർഭയമായും സ്വാഭിമാനത്തോടും ജീവിക്കുവാൻ ഇന്ന് നമ്മുടെ സ്ത്രീ സമൂഹം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു.
വിടുകളുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ധാരാളം സ്ത്രീകളെ സാമൂഹ്യ മുഖ്യ ധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരുവാൻ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. കുടുംബശ്രീകളിലൂടെ കരുത്താർജ്ജിച്ച പല സ്ത്രീകളും ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലക്കളിലും അവരുടെ വ്യക്തിത്വം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്ര സ്ഥാനാർത്ഥികളായും രംഗത്തു വന്നവരിൽ നല്ലൊരു പങ്കും അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീകളിലൂടെയും രാഷ്ട്രീയ-പൊതു പ്രവർത്തന രംഗത്തേയ്ക്ക് വന്നവരാണ്. പഞ്ചായത്തും ഭരണവുമെല്ലാം കുടുമബശ്രീ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ കൂട്ടി കണ്ടറിഞ്ഞവരാണ് അവർ. തീർച്ചയായും അവർ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായിരിക്കും. ഭരണ രംഗത്ത് അവർ അവരുടെ കരുത്ത് തെളിയിക്കും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. മുൻ കാലത്ത് ജനപ്രതിനിധികളായി വരുന്ന സ്ത്രീകളെ സംബന്ധിച്ച് ഭർത്താക്കന്മാരുടെ പിൻ സീറ്റു ഭരണമാണ് നടക്കുന്നതെന്ന് ഒരു ആരോപണം നില നിന്നിരുന്നു. എന്നാൽ ഇനി അത്തരം ആരോപണങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാകില്ല.
തീർച്ചയായും സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ബോധപൂർവ്വവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായി പരിഹാരം കാണാൻ സാധിക്കും എന്നതിന്റെ തെളിവാണ് സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം കൈവരിച്ച വിജയം. ഇതിൽ നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ശ്ലാഘനീയമാണ്. ഇനിയും നമ്മുടെ സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങളും ഉണ്ട്. അതിൽ കുറച്ചേറെയും ഈ കുടുമബശ്രീ പ്രസ്ഥാനത്തിലൂടെ തന്നെ നേടിയെടുക്കാൻ സാധിക്കും. കുറച്ചൊക്കെ ഈ പ്രസ്ഥാനത്തിന്റെതന്നെ സമ്മർദ്ദത്തിന്റെയും പ്രേരണയുടെയും മാർഗ്ഗത്തിൽ ഭരണകൂട ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനിയും ചില സാമൂഹ്യ പ്രശ്നങ്ങൾ സ്ത്രീകളുടെ ഈ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച കരുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. തീർച്ചയായും സ്ത്രീപുരുഷ സമത്വം എന്നത് ഒരു താത്വിക പ്രശ്നം മാത്രമല്ല അത് യാഥാർത്ഥ്യമാക്കാവുന്നതും യഥാർത്ഥ്യമാക്കേണ്ടതുമായ പുരോഗമനപരമായ ജീവിതരീതിയാണ്.
നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !
Sunday, December 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment