നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Monday, February 7, 2011

നര്‍മ്മം: “മതസൌഹാർദ്ദം സിന്ദാബാദ്”


മതസൌഹാർദ്ദം സിന്ദാബാദ്!


ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാർദ്ദത്തിൽ, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിർമതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

“ മതരാഹിത്യം സിന്ദാബാദ്!”

മതമില്ലത്രേ!

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിർമതനെ കുത്തിനു പിടിച്ചു നിർത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയർന്നു പൊങ്ങുമ്പോൾ ഒരു കൊടി ഉയർത്തുമ്പോൾ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

മതസൌഹാര്‍ദം സിന്ദാബാദ്!”

നിർമതൻ പേടിച്ചു നിലവിളിച്ചു;

എന്നെ പീഡിപ്പിയ്ക്കരുതേ .........!”

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവർക്ക് ബോദ്ധ്യമായി. നിർമതൻ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിർമതൻ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിർമതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിൽ എത്തിയപ്പോള്‍ സൌഹാർദ്ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!”

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കൈയ്യാങ്കളി തുടര്‍ന്നു.

ഒരു പക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിർമതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുമ്പോൾ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!”

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിർമതനു വേണ്ടി പിടിവലിയായി. ഒടുവില്‍ നിർമതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു.

അരുതേ, എന്നെ ചൊല്ലി കലഹിക്കരുതേ” എന്ന് പറഞ്ഞ നിർമതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിർമതൻ ബോധമറ്റു നിലത്ത് വീണ് ഒരു ഓരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിർമതൻ കണ്ണും തിരുമ്മി എഴുന്നേൽക്കുമ്പോൾ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിർമതൻ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

Saturday, February 5, 2011

മുത്തശ്ശി


മുത്തശ്ശി


കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !