നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Monday, January 24, 2011

എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !


എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !


ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ.എന്നിട്ടും ജനങ്ങൾ വോട്ടു കുത്തിയതെല്ലാം തിരിച്ചും. ഇപ്പോൾ ദാ ഒരു വിഭാഗം യുവ വോട്ടർമാരെ കൂടി എൽ.ഡി.എഫിന് എതിരാക്കാനുള്ള ഒരു തീരുമാനം നടപ്പിലാ‍ക്കിയിരിക്കുന്നു. അതായത് എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടൂ ആക്കിയിരിക്കുന്നു. എസ്.എസ്.എൽ.സി ക്കാർ ഇനി എൽ.ഡി സി സ്വപ്നം കാണേണ്ട. പി.എസ്.സി സർക്കാർ നിർദ്ദേശം അംഗീകരിച്ചു. ഇനി ഓരോന്നോരോന്നായി പ്ലസ്-ടൂ അടിസ്ഥാന യോഗ്യതയാക്കും.

എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്നറിയില്ല. ഞങ്ങൾക്ക് എൽ.ഡി.സി ഉദ്യോഗം വേണ്ടെന്ന് എസ്.എൽ.സിക്കാർ പറഞ്ഞോ? എസ്.എസ്.എൽ.സി ക്കാരെ ഒഴിവാക്കണമെന്ന് പ്ലസ്-ടൂ മുതൽ മേലോട്ട് വിദ്യാഭ്യാസമുള്ള ആരെങ്കിലും ആവശ്യപ്പെട്ടോ? അതോ ഇതു വരെ സിവിൽ സർവീസിൽ നിലനിന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം എസ്.എസ്.എൽ.സിക്കാരായ എൽ.ഡി.സി കളായിരുന്നോ? എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ? അതിപ്പോൾ വലിയ ബിരുദധാരികളാണെങ്കിലും മിക്കവരും ഉദ്യോഗത്തിൽ കയറിയിട്ടാണ് ശരിക്കും അക്ഷരം പഠിക്കുന്നത്.

ഏതു ഡിഗ്രിക്കാരനാണെങ്കിലും ഓരോ ഉദ്യോഗത്തിനും നിയമനം കിട്ടിയശേഷം പ്രത്യേകം പരിശീലനം നേടിയേ കഴിയൂ. അപ്പോൾ പിന്നെ എസ്.എസ്.എൽ.സിക്കാരായാലെന്ത്? പ്ലസ്- ടൂക്കാരായാലെന്ത്? അപ്പോൾ അതൊന്നുമല്ല; പലകാരണങ്ങളാൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകുന്ന കുറെ പാവപ്പെട്ട നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും ഇതുവരെയുണ്ടാ‍യിരുന്ന ഒരു അവകാശം നിഷ്കരുണം എടുത്തു കളഞ്ഞ് ശിക്ഷിക്കുന്നു. സ്വാഭാവികമായും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങൾ ഉള്ള കുട്ടികൾക്കാണ് എസ്.എസ്.എൽ.സിയ്ക്കപ്പുറമൊന്നും പഠിക്കാൻ കഴിയാതെ പോകുന്നത്. പാവങ്ങളെ ഒന്നു മാറ്റി നിർത്തണം. അത്രയേ ഉള്ളൂ. അല്ലപിന്നെ!

എസ്.എസ്.എൽ.സിക്കാർ എൽ.ഡി.സി മാരാകുന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇനിയെല്ലാം ശരിയാകും. എന്തേ എൽ.ഡി. സി യ്ക്കുള്ള യോഗ്യത പ്ലസ് ടൂ ആക്കിക്കളഞ്ഞത്? ..എസ് ആക്കാമായിരുന്നില്ലേ? അതും അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ..എസുകാരായാൽ വളരെ നല്ലത്. മലയാളം അറിയാത്തവർ ആകുമ്പോൾ ജനങ്ങൾക്ക് കുറച്ചുകൂടി സൌകര്യമായിരുന്നേനെ! ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം. സകല പാപങ്ങളും എടുത്ത് തലയിൽ വച്ചുകൊള്ളണം. പാവം എസ്.എസ്.എൽ.സിക്കാർ എന്തു തെറ്റു ചെയ്തു? ചിലർ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ്-ടുവിനു പോകാതെ മറ്റു ചില കോഴ്സുകൾ തെരഞ്ഞെടുക്കും. ചിലർ പോളി ടെക്നിക്കിലോ .റ്റി.ഐക്കോ ഒക്കെ പോകും.ഇനിയിപ്പോൾ അവർക്ക് എൽ.ഡി.സി പരീക്ഷ എഴുതാനാകില്ല. ചിലർ പ്രൈവറ്റ് ആയി വല്ല കമ്പ്യൂട്ടർ കോഴ്സിനോമറ്റോ പോകും. അവർക്കും എൽ.ഡി.സി അന്യമായി.

ഇനിയും ചില കുട്ടികൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് എസ്.എസ്.എത്സിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ പോകുന്നവരാണ്. അവർക്കും ഒരു അവസരം നിഷേധിക്കപ്പെട്ടു. സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് എസ്.എസ്.എൽ സിക്കാർ എൽ.ഡി.ക്ലാർക്കുമാരായാൽ ആർക്കാണ് ചേതം? ഇതൊക്കെ ചില പ്രത്യേക കടിരോഗം ബാധിച്ച ചില ഉദ്യോഗസ്ഥന്മർ സർക്കാരിനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. എസ്.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞിട്ട് ആൾപ്രമോഷൻ രീതിയിൽ എല്ലാവരെയും ജയിപ്പിച്ച് പ്ലസ് ടുവിലേയ്ക്ക് പ്രമോട്ട് ചെയ്യണം. അപ്പോൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ ഇന്നത്തെ വില പ്ലസ്-ടൂ സർട്ടിഫിക്കറ്റിനാകും. എന്നിട്ടാണ് സർക്കാർ തീരുമാനം എടുത്തിരുന്നതെങ്കിൽ പിന്നും ന്യായീകരിക്കാമാ‍യിരുന്നു.

പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് അഡ്മിഷൻ നൽകാതെ കുറെ കുട്ടികളെ വഴിയാധാരമാക്കി വിട്ടിട്ട് ഇത്തരം മൊണഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഒരു തരത്തിൽ ജനദ്രോഹമാണ്. എല്ലാവർക്കും പത്തു കഴിഞ്ഞ് പ്ലസ്-ടുവിനു പഠിക്കാനുള്ള സൌകര്യം എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഏർപ്പെടുത്തുന്നില്ല? എന്നിട്ടൊക്കെയാണ് പത്താം തരക്കാരെ എൽ.ഡി.സിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നതെങ്കിൽ കുഴപ്പം പറയാൻ ഇല്ലായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ വില ഇപ്പോൾ അത്രയ്ക്കങ്ങു താഴ്ത്തിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുമ്പോൾ!

എന്തായാലും ഈയുള്ളവനവർകൾ പറയുന്നത് എൽ.ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആയിത്തന്നെ നിലനിർത്തിയാൽ മതി. ഒരു ഒണക്ക എൽ.ഡി.സി ആകാൻ നമ്മുടെ എസ്.എസ്.എൽ.സി യോഗ്യതയൊക്കെ മതി. മാറ്റേണ്ടതും തിരുത്തേണ്ടതുമായ എന്തെല്ലാം മൊണഞ്ഞ നിയമങ്ങൾ മാറാല പിടിച്ച് കിടക്കുന്നു. അതെങ്ങാനും പൊളിച്ചെഴുതാൻ നോക്കാതെ ഒരു വലിയ സംഭവം നടത്തിയിരിക്കുന്നു? ഇത്രയും ക്രൂരത പാവം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള പിള്ളേരോട് കാണിക്കേണ്ട യാതൊരാവശ്യവും ഇപ്പോൾ ഇല്ലായിരുന്നു. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമമായിപ്പോയി! ഇനിയിപ്പോള്‍ എന്ത് പറയാന്‍ ?

ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന


ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന


വനിതാ
സാഹിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പിന്റെയും ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തിൽ എഴുതുന്നതാണ് കുറിപ്പ്. 2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാത്രമായി ഒരു ചലച്ചിത്ര പഠന ക്യാമ്പിന്റെയും മറ്റും പ്രസക്തി എന്താണ് എന്ന ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലത്ത് അത്തരം ഒരു ചോദ്യത്തിനെന്തു പ്രസക്തി എന്ന മറുചോദ്യം കൊണ്ട് നേരിടാവുന്നതെയുള്ളൂ. എന്നാൽ അങ്ങാനെയൊരു മറുചോദ്യം ഉന്നയിച്ച് ഒഴിഞ്ഞു മാറുന്നത് ഈ ഒരു വിഷയത്തിൽ നല്ലൊരു ചർച്ച്യ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പ് കോറിയീടുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവ ശാസ്ത്രപരമായ വ്യത്യാസത്തെ പടേ നിരാകരിച്ചുകൊണ്ട് സ്ത്രീപക്ഷ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്ത്രീപുരുഷ സമത്വ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് മാത്രമേ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ വിമർശിക്കുവാൻ സാധിക്കൂ. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടും പുരുഷന്റെ കൌതുവസ്തുവായും ഉപഭോഗ വസ്തുവായും ജീവിച്ചും പോന്നതിന്റെ ഫലമായി സ്ത്രീകളിൽ സാമൂഹ്യമായും മാനസികമായും ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെ പരിശോധനാ വിധേയമാക്കുന്നിടത്ത് നിന്നാണ് ശരിയായ സ്ത്രീപക്ഷചിന്ത ആരംഭിക്കുന്നത്. സ്ത്രീപുരുഷ കാഴ്ചപ്പാടുകളിൽ ജൈവികവ്യതിയാനത്തിൽ അധിഷ്തിതമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചരിത്രപരവും സാമൂഹ്യവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താലും സ്ത്രീകളുടെ കാഴ്ചപ്പാടുകളിൽ വേറിട്ട അംശങ്ങൾ ഉണ്ടാകും. ഇത് രണ്ടായാലും സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും ജൈവികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാ‍ണ് സ്ത്രീപുരുഷ സമത്വം എന്ന അവകാശസ്ഥാപനത്തിലേയ്ക്ക് നയിക്കുന്നതുതന്നെ! അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ സ്ത്രീകളുടേതു മാത്രമായ സംരംഭങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നതിനെ നിരാകരിക്കെണ്ട കാര്യമില്ല. ഈ ഒരു വിചാരത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സ്ത്രീകളെയും ബന്ധപ്പെടുത്തി ഈ കുറിപ്പ് തുടരുന്നത്.

ചലച്ചിത്രം ഒരു ഇലക്ട്രോണിക്ക് മാദ്ധ്യമമാണ്. അത് ശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ്. ചലിക്കുന്ന കാഴ്ചകളെ ശബ്ദസഹിതം പിന്നീട് കാണാൻ പാകത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന അദ്ഭുതകരമായ കണ്ടുപിടുത്തം. ആധുനിക മനുഷ്യജീവിതത്തെ അളവറ്റ് സ്വാധീനിക്കാൻ പോന്ന ഒരു മാദ്ധ്യമമായി ചലച്ചിത്രം മാറിയതിൽ അതിശയിക്കാനില്ല. ശാസ്ത്രത്തിന്റെ ഏതുനേട്ടവും ശാസ്ത്രത്തെ അംഗീകരിക്കാത്തവർ കൂടി അനുഭവിക്കും എന്നതിൽ സംശമില്ല. സിനിമയും അങ്ങനെ തന്നെ. ഒരു ഇലക്റ്റ്ട്രോണിക്- സാങ്കേതിക മാദ്ധ്യമം എന്നതിനപ്പുറം സിനിമ ഒരു കലയാണ്. കേവലം ഒരു കല മാത്രമല്ല, സാഹിത്യം ഉൾച്ചേർക്കപ്പെടുന്ന കല. ഒരു സഹിത്യശില്പം എന്നു പറഞ്ഞാലും തരക്കേടില്ല. സിനിമ ഒരു കലയും സാഹിത്യവും ആകുന്നിടത്താണ് മറ്റേതൊരു കലയെയും സാഹിത്യശാഖയെയുംക്കുറിച്ച് ചോദിക്കുന്ന ഒരു ചൊദ്യം സിനിമയെക്കുറിച്ചും ഉണ്ടാകുന്നത്? കല വിജ്ഞാനത്തിനോ വിനോദത്തിനോ? അതോ കല കലയ്ക്കുവേണ്ടിത്തന്നെന്ന നിലപാടിൽ ഊന്നി ഒരു ദിശയിലൂടെ സിനിമയെയും നോക്കിക്കണ്ടാൽ മതിയോ? ഏതൊരു കലയിലും സഹിത്യവും വിജ്ഞാനവും വിനോദവും ഉൾച്ചേർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്ത് കലയും സാഹിത്യവും എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം നൽകി പിൻ വാങ്ങാൻ കഴിയില്ല. സിനിമയെ സംബന്ധിച്ചാകുമ്പോൾ പ്രത്യേകിച്ചും. കലയും സാഹിത്യവും മനുഷ്യനെ വിനോദിപ്പിച്ച് അവന്റെ മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല ഉതകുന്നത്. അവ മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനും സഹായിക്കും. അവ മനുഷ്യനെ ബൌദ്ധികവും വൈജ്ഞാനികവുമായ വികാസത്തിലേയ്ക്ക് നയിക്കും.

ഏതൊരു കലയെയും സാഹിത്യത്തെയും രണ്ടുതരത്തിൽ സമീപിക്കുന്നവർ ഉണ്ട്. ഒന്ന് നേരം പോക്കിനു വേണ്ടിയുള്ള ആസ്വാദനം. മറ്റൊന്ന് ഗൌരവബുദ്ധ്യാ ധൈഷണികതയിലൂന്നി ആസ്വദിക്കുക. ഇതിൽ ആദ്യത്തേത് കേവലം വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനമാണ്. രണ്ടാമത്തേതാകട്ടെ വിജ്ഞാനത്തിന്റെ സാദ്ധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ആസ്വാദനമാണ്. വിജ്ഞാനം എന്നുള്ളിടത്ത് ഒരു കലാ സാഹിത്യ സൃഷ്ടിയിൽ നിന്നും ലഭിക്കുന്ന ഏതെങ്കിലും അറിവു മാത്രമല്ല, കലാ -സാഹിത്യ ശാഖയുടെതന്നെ സാദ്ധ്യതകളെ കൂടി മനസിലാക്കുക എന്നതും അടങ്ങിയിരിക്കുന്നു. ഇതിൽ ധൈഷണികമായ ഒരു തലത്തിൽ നിന്നുകൊണ്ട് കലയെയും സാഹിത്യത്തെയും നോക്കിക്കാണുകയാണ്. വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനം വളരെ ലാഘവത്തോടെ നിർവ്വഹിക്കാം. എന്നാൽ ഗൌരവ ബുദ്ധ്യാ ഇവയെ സമീപിക്കുമ്പോൾ അത് വെറും ലളിതമായ ഒരു ആസ്വാദനം ആയിരിക്കില്ല. അതിന് അല്പം ബുദ്ധിപരമായ വ്യായാമം ആവശ്യമായി വരും. ഉദാഹരണത്തിന് വിനോദത്തിനു വേണ്ടി ഒരു സഹിത്യ രചന വായിക്കുമ്പോൾ ഒരിരിപ്പിൽ ഇരുന്ന് ഒറ്റ വായന കൊണ്ട് ആസ്വാദനത്തിന്റേതായ ഒരു വായനാനുഭവം സാദ്ധ്യമാക്കാം. ധൈഷണിക വായനയിൽ വായിക്കപ്പെടുന്ന രചനയുടെ മൌലികത, അതിന്റെ സാഹിത്യ മൂല്യം, അത് നൽകുന്ന സന്ദേശം, പ്രസ്തുത സാഹിത്യ ശാഖയ്ക്ക് രചന പുതുതായി എന്തെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെങ്കിൽ അത് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ പരിശോധിച്ചുകൊണ്ടാകും അത് വായിച്ചു പോകേണ്ടത്. എന്നാൽ എല്ലാ സാഹിത്യസൃഷ്ടികൾക്കും ധൈഷണിക മൂല്യം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ ഗൌരവമായ സമീപനം ആവശ്യപ്പെടുന്ന സൃഷ്ടികൾ അങ്ങനെ തന്നെ വായിക്കപ്പെടുന്നതും മറിച്ച് ലാഘവത്തൊടെ അതിന്റെ വിനോദ മൂല്യത്തിൽ മാത്രം ഊന്നി നിൽക്കുന്നതും തമ്മിൽ വ്യതാസമുണ്ട്.

ചുരുക്കത്തിൽ കലയെയും സാഹിത്യത്തെയും ഗൌരവ ബുദ്ധ്യാ സമീപിക്കുന്നവർക്ക് ബൌദ്ധികവും വൈജ്ഞാനികവുമായ ചില ചുമതലകൾ വന്നുചേരുന്നു. ആസ്വാദനക്ഷമതയും ധൈഷണികപിൻബലവും കൂടി ഉൾക്കൊണ്ട് ഒരു കലാ- സാഹിത്യസൃഷ്ടി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നിടത്ത് സൃഷ്ടികർത്താവിനും ആസ്വാദകനും അത് കൂടുതൽ സംതൃപ്തിയും ബൌദ്ധികമായ പുത്തനുണർവ്വും പ്രദാനം ചെയ്യുന്നു. സൃഷ്ടികർത്താവിന്റെയും ആസ്വാദകന്റെയും ബൌദ്ധികമായ വളർച്ചയ്ക്കും വികാസത്തിനും കൂടി ഇത് കാരണമാകും. ഇപ്പോൾ നമ്മൂടെ കഥകളി എന്ന കലയുടെ കാര്യമെടുത്താൽ അതുസംബന്ധിച്ച് ഒരു ചൊല്ലുതന്നെയുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന്. അതായത് കഥകളി ശരിക്ക് ആസ്വദിക്കണമെങ്കിൽ കഥയറിയണം. എന്നാൽ കഥയറിയാതെയും കഥകളിയെക്കുറിച്ച് യാതൊന്നും അറിയാതെയും കഥകളി കാണുന്നവർ ഉണ്ട്. എന്നാൽ കഥയും കഥകളിയും എന്തെന്ന് അറിഞ്ഞ് ആ‍ കല ആസ്വദിക്കുന്നതും വെറും കൌതുകത്തിനും വിനോദത്തിനും വേണ്ടി ആസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് എല്ലാ കലകൾക്കും സാഹിത്യശാഖകൾക്കും ബാധകമാണ്. സിനിമയെയും ഇതിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കാരണം സിനിമ സാങ്കേതികവിദ്യയുടെ കലയാണ്. നിരവധി സങ്കേതങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് ഒരു സിനിമ രൂപപ്പെടുന്നത്. ഒരു സിനിമയുടെ വിജയത്തിന് അതിന്റെ പിന്നിൽ നടക്കുന്ന സാങ്കേതികമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മാത്രവുമല്ല ശാസ്ത്രം കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കുന്ന മുറയ്ക്ക് സിനിമയിൽ ഉപയോഗിക്കവുന്ന സങ്കേതങ്ങളുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഒരു സിനിമ ആസ്വദിക്കുവാൻ ഗൌരവ ബുദ്ധ്യാസമീപിക്കുന്നവർക്ക് സാങ്കേതിക മികവുകൾ കൂടി കണക്കിലെടുക്കേണ്ടിവരും.പ്രത്യേകിച്ചും സിനിമ ഒരുപാട് സങ്കീർണ്ണമായ സങ്കേതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹിത്യശില്പം ആകുമ്പോൾ. കേവലം സാങ്കേതികതയിൽ ഊന്നി നിന്ന് സിനിമയെ നോക്കിക്കാണണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.

സിനിമ ഒരു കലയാണ്. സിനിമയ്ക്ക് ഒരു പ്രമേയം ഉണ്ടാകും. പ്രമേയമാണ് അതിലെ സാഹിത്യം. കഥയായും തിരക്കഥയായും കവിതയായും പ്രമേയം അതിൽ ഉൾച്ചേർന്നിരിക്കും. സിനിമയെ സാങ്കേതികമായി കൂടുതൽ അടുത്തറിഞ്ഞ സംവിധായകന്റെ കലാബോധവും കാഴ്ചപ്പാടുമാണ് ഒരു സിനിമ എങ്ങനെ സ്ക്രീനിൽ വായിക്കപ്പെടണം അഥവാ പ്രേക്ഷണം ചെയ്യപ്പെടണം എന്നു നിർണ്ണയിക്കുന്നത്. പക്ഷെ സംവിധായകനും രചയിതാക്കളും വിചാരിക്കുന്നതുപോലെ അത് അഭ്രപാളികളിൽ എത്തണമെങ്കിൽ എണ്ണപ്പെട്ട സാങ്കേതങ്ങൾ അഥവാ ടൂളുകളും അവയിൽ വൈദദ്ധ്യം നേടിയ പിന്നണി പ്രവർത്തകരും ഒരുപാട് വിയർപ്പൊഴുക്കണം. അപ്പോൾ സിനിമ എന്നത് സംവിധയകന്റെ മാത്രമോ രചയിതാവിന്റെ മാത്രമോ നിർമ്മാതാവിന്റെ മാത്രമോ ആയ ഒരു കലയായി പരിഗണിയ്ക്കാനാകില്ല. അത് കൂട്ടായ്മയുടെ കലയാണ്. എത്രയോപേരുടെ വിവിധ തലങ്ങളിലുള്ള ശാരീരികവും മാനസികവുമായ അദ്ധ്വാനത്തിനൊടുവിലാണ് ഒരു സിനിമ അഭ്രപാളികളിൽ കാഴ്ചക്കാരനു മുന്നിൽ എത്തുന്നത്. ഇത് സങ്കീർണ്ണമായ നിർമ്മാണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കലയാണ്. അത് വിനോദസിനിമയായാലും ധൈഷണികത ഉൾക്കൊള്ളുന്ന സിനിമയായാലും. ഇവിടെ പറഞ്ഞു വരുന്നത് ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്നവർ അതിന്റെ ഓരോ മേഖലയിലും വൈദഗ്ദ്ധ്യം നേടിയവർ ആയിരിക്കും; എന്നാൽ വേണ്ടതെല്ലാം ഒത്തുചേർന്ന് ഒരു അന്തിമോല്പന്നമായി അത് പ്രേക്ഷകനു മുന്നിൽ എത്തുമ്പോൾ പ്രേക്ഷകന് ചലച്ചിത്രം അത് ചെറിയ ഒരു ചിത്രമാകട്ടെ മുഴുനീളൻ സിനിമയാകട്ടെ സീരിയലുകളാകട്ടെ, അത് ആസ്വദിക്കുവാൻ എന്തെങ്കിലും പരിശീലനം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.

തീർച്ചയായും ഒരു സിനിമ കാ‍ണാൻ സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും അക്കാഡമിക്കലായി പഠിക്കണമെന്നില്ല. മറ്റേതൊരു കലയ്ക്കും ഇങ്ങനെ ഒരു മുൻ ഉപാധി ഇല്ലതന്നെ. എന്നാൽ ഒരു കലയെയും അതിന്റെ സാദ്ധ്യതകളെയും അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിൽ ഉള്ള മെച്ചങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒരു വിനോദസിനിമ ആസ്വദിയ്ക്കുന്നതിന് ഒരു കാഴ്ചക്കാ‍രനായി മുന്നിൽ ഇരുന്നു കൊടുക്കണം എന്നതിനപ്പുറം ഒരു മുൻ ഉപാധിയും ഇല്ല. എന്നാൽ കേവലവിനോദത്തിനു വേണ്ടി മാത്രമല്ല ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ധൈഷണിക തലത്തിൽ നിന്ന് ഗൌരവ പൂർവ്വം സൃഷ്ടിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ഇത്തരം ഒരു വേർതിരിവ് അതായത് വിനോദ ചിത്രങ്ങളും പലരും ബുദ്ധിജീവി ചിത്രങ്ങൾ എന്ന് പരിഹസിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളും എന്ന തരംതിരിവ് സിനിമയുടെ ആവിർഭാവ കാലഘട്ടം മുതൽക്കുള്ളതാണ്. സിനിമയുടെ വിനോദമൂല്യം ഇവിടെ നിരാകരിക്കുന്നില്ല. വിനോദ മൂല്യമാണ് സിനിമയെ ഒരേസമയം ജനകീയവും തദ്വാരാ ഒരു വ്യവസായവുമാക്കിത്തീർക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കല സിനിമ തന്നെയാണ്. അത് ആർട്ട് സിനിമകളായാലും കച്ചവട സിനിമകൾ ആയാലും. സാമൂഹ്യ പ്രതിബദ്ധതയുടെയും ധൈഷണികാംശങ്ങളുടെ ദൃശ്യവൽക്കരണത്തിന്റെയും സിനിമയുടെ സംവേദന ക്ഷമതയുടെയും മറ്റും സാദ്ധ്യതകൾ മുൻനിർത്തി നിർമ്മിക്കുന്ന സിനിമകൾ കാല ദേശാതിവർത്തികളാണ്. അവ ഗൌരവമായ കാഴചയെ ആവശ്യപ്പെടുന്നവയാണ്. അതിനാകട്ടെ സിനിമയുടെ വിവിധ തലങ്ങളെക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം അവശ്യം വേണ്ടതും തന്നെയാണ്. ഇവിടെയാണ് ചലച്ചിത്ര ശില്പശാലകളുടെയും ഫിലിം ഫെസ്റ്റിവെലുകളുടെയും ഓപ്പൺഫോറത്തിന്റെയും ഒക്കെ പ്രസക്തി. ദൃശ്യഭാഷയുടെ സാദ്ധ്യതകളെ സംബന്ധിച്ച് ഒരു സാമാന്യ ജ്ഞാനം ഒരു പ്രേക്ഷകന് ഉണ്ടാകുന്നത് സിനിമയെ ശരിയായി ആസ്വദിക്കുവാനും വിലയിരുത്താ‍നും സഹായിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഒരു പരിശീലനത്തിന്റെ ആവശ്യമെന്ത് എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചകൾ തമ്മിലെന്ത് വ്യത്യാസം എന്നതായിരിക്കാം ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ കഴ്ചകൾ സംബന്ധിച്ച് വ്യത്യാസമില്ല. പക്ഷെ കാഴ്ചപ്പാടുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് എല്ലാ കാര്യത്തിലും ഉള്ളതല്ല. എങ്കിലും ചില കാര്യങ്ങളിൽ അതുണ്ട്. അതിന്റെ കാരണങ്ങൾ പലതാണ്.

സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല. സ്ത്രീപുരുഷ വിവേചനമെന്ന ജൈവികേതരമായ സമീപനങ്ങളുമായി ബന്ധപ്പെട്ടാണ് സ്ത്രീപുരുഷ സമത്വം സംബന്ധിച്ച ആശയങ്ങൾ ഉരുത്തുരിഞ്ഞു വരുന്നത്. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസത്തിന്റെ നിഷേധമല്ല അത്. സ്ത്രീയും പുരുഷനും തമ്മിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ട്. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങളിൽ പലതും ജൈവികമായ സ്ത്രീപുരുഷ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ സാമൂഹ്യ സാഹചര്യങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. ന്നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും മറിച്ച് എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന പുരുഷ വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വ്യതിരക്തതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്ത്രീകൾ കാഴ്ചകൾ കാണുന്നതിലും കലാസാഹിത്യാദികൾ ആസ്വദിക്കുന്നതിലും പുരുഷനെ അപേക്ഷിച്ച് പ്രത്യേകതകൾ ഉണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല.

എന്തുകൊണ്ടാണ്
നമ്മുടെ സ്ത്രീകൾ ഗൌരവ ബുദ്ധ്യാ സിനിമയെയും മറ്റ് കലാസാഹിത്യാദികളെയും സമീപിക്കാത്തത്? അവർ പൈങ്കിളി സീരിയലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ജീവിതവീക്ഷണം വല്ലാതെ ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടാണ്? ഇത് സ്ത്രീപുരുഷ വിവേചനം എന്ന നൂറ്റാണ്ടുകളുടെ യാഥാർത്ഥ്യം മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് ബുദ്ധിപരമായ ഒരു വ്യായാമത്തിനും നമ്മുടെ സ്ത്രീസമൂഹം തയ്യാറാകാത്തത്? സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പുകളുടെയും മറ്റും പ്രസക്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാൽ സിനിമയുടെ മേഖലയിൽ മാത്രം സ്ത്രീ സാമീപ്യം പുരുഷനെ അപേക്ഷിച്ച് വളരെ കുറവാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട ഒരു മേഖലയാണിത്. അല്ലെങ്കിൽ നോക്കൂ, സിനിമകളിൽ സ്ത്രീകൾ എത്രപേർ സംവിധായകരാകുന്നു? എത്രസ്ത്രീകൾ സിനിമയ്ക്ക് കഥയോ തിരകഥയോ എഴുതിയിട്ടുണ്ട്? കുറെ നടിമാർ ഉണ്ടാകുന്നുവെന്നതു നേര്. അവർ ബഹുഭൂരിപക്ഷവും സിനിമയെ പണം നേടാനുള്ള ഉപാധി എന്ന നിലയിൽ അല്ലാതെ ഗൌരവ ബുദ്ധിയോടെ കാ‍ണുന്നവരേ അല്ല. സിനിമയുടെ ധൈഷണികവും സാങ്കേതികവുമായ ഏതേതു മേഖലകളിലാണ് ഇന്ന് നമ്മുടെ സ്ത്രീകൾ കടന്നുചെന്നിട്ടൂള്ളത്? അവരെന്തുകൊണ്ടാണ് ധൈഷണികമായി ഒരു സിനിമയെ സമീപിക്കുകയോ വായിക്കുകയോ ചെയ്യാത്തത്? ഇത്തരം ചില ചോദ്യങ്ങൾക്ക് നാം ശരിയായ ദിശകളിലൂടെ ചെന്ന് ഉത്തരം കാണേണ്ടതും പരിഹാരം കാണേണ്ടതും സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. നമ്മുടെ സിനിമകൾ എല്ലാം വീരപുരുഷനായക സങ്കല്പത്തിൽ അധിഷ്ഠിതമാണ്. പുരുഷകേന്ദ്രീകൃതമായ പ്രമേയമാണ് മിക്കവറും എല്ലാ സിനിമകളും കൈകാര്യം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളോ സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളുൾക്കൊള്ളുന്ന സിനിമകളോ വളരെ കുറവാണ്. സിനിമയിൽ സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.

വനിതകൾക്ക് മാത്രമായി ഒരു ചലച്ചിത്രപഠനക്യാമ്പ് എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം വനിതകൾ ഒരു സിനിമ നിർമ്മിക്കുമ്പോഴും അവർ ഒരു സിനിമ വായിക്കുമ്പോഴും അതായത് കാണുമ്പോഴും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്നതും കൂടിയാണ്. തീർച്ചയായും ഒരു തിരക്കഥ ഒരേ സമയം ഒരു സ്ത്രീയും മറ്റൊരു പുരുഷനും സിനിമയാക്കി മാറ്റുമ്പോൾ അവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. വ്യത്യാസങ്ങളിൽ ചിലതെങ്കിലും ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയതുകൊണ്ട്തന്നെ ഉണ്ടാകുന്നതായിരിക്കും. നിലയിൽ വനിതകൾക്കു മാത്രമായി ഒരു ശില്പ ശാല നടത്തുമ്പോൾ അത് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ഒരു മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. തീർച്ചയായും സിനിമയുടെ മേഖലയിലും വേർതിരിച്ചറിയാൻ കഴിയുന്ന സ്ത്രീസ്പർശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. വനിതാ സാഹിതി ഇത്തരം ഒരു പരിശ്രമത്തിലാണ്.അതിന്റെ ഭാഗമായി തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കപ്പെടുന്നതും. 2011 ജനുവരി 22, 23 തീയതികളിൽ ആണ് വനിതകൾക്കായുള്ള ചലച്ചിത്ര പഠന ക്യാമ്പ്. 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു പഠനക്ലാസ്സോ ചലച്ചിത്രോത്സവം കൊണ്ടോ മാത്രം സ്ത്രീകൾക്ക് സിനിമയുടെ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും എന്നല്ല. മറിച്ച് ഇത് ഒരു സന്ദേശമാണ്.സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരണം എന്നു പറയുമ്പോൾ അത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് മാത്രമല്ല സിനിമയടക്കം എല്ലാ മേഖലകളിലേയ്ക്കും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ചുരുക്കത്തിൽ സിനിമയ്ക്ക് ഒരു ദൃശ്യ ഭാഷയുണ്ട്. പരിമിതമായ ചില അറിവുകളെങ്കിലും ഉണ്ടാകേണ്ടത് ദൃശ്യ ഭാഷയുടേ ധൈഷണിക വായനയ്ക്ക് അവശ്യം വേണ്ടതാണ്. ഒരു കാര്യം പറഞ്ഞു നിർത്താം. ധൈഷണിക തലത്തിൽ നിന്നുകൊണ്ടും സിനിമകൾ നിർമ്മിക്കുകയും അത് ധൈഷണികതലത്തിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹം എല്ലയ്പോഴും ഉണ്ടാകണം. ഇല്ലെങ്കിൽ കലയായ കലയെല്ലാം കാലം ചെയ്തുപോകും! കലകളുടെ കാര്യം മാത്രമല്ല ധൈഷണിക സാന്നിദ്ധ്യമില്ലാത്ത ഒരു സമൂഹം പുരോഗതിയിലേയ്ക്ക് മുന്നേറുകയില്ല.

സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം


സംസ്ഥാന
സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം

ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്നലെ കോട്ടയത്ത് കൊടിയിറങ്ങി. പണക്കൊഴുപ്പിന്റെ ഉത്സവം. പണക്കൊഴുപ്പ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സസ്ഥാന സർക്കാർ ഖജാനയിൽ നിന്നും കലോത്സവ നടത്തിപ്പുസമിതി പിരിവെടുത്തും പണം ചെലവാക്കുന്ന കാര്യമല്ല. മത്സരിക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും സമ്പന്നസ്കൂൾ മാനേജ്മെന്റ് സ്കൂളുകളുടെയും പണമികവിന്റെ കാര്യമാണ്.

സ്കൂൾ യുവജനോത്സവത്തിൽ ശരിക്കും മത്സരിക്കുന്നത് കുട്ടികളല്ല രക്ഷകർത്താക്കളാണ്. എന്നുവച്ചാൽ ജീവിക്കാൻ അല്പം ഏരും ശീരും ഒക്കെയുള്ള രക്ഷകർത്താക്കൾ. അതുപോലെ സാമ്പത്തികമായി നല്ല അടിത്തറയുള്ള മാനേജ്മെന്റ് സ്കൂളുകളും മത്സരത്തിന് ധാരാളം പണം ചെലവാക്കുന്നുണ്ട്. അത്തരം സ്കൂളുകളിലും സാമ്പത്തികമെച്ചമുള്ളവരുടെ മക്കളാണല്ലോ പഠിക്കുന്നത്. അവർ തങ്ങളുടെ മക്കളെ വൻ തുകകൾ ചെലവാക്കി വിവിധ കലാ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ തലം മുതൽ മത്സരിച്ച് ജയിച്ചു കയറുന്നു. ജില്ലാതലത്തിൽ എത്തിയാൽ ജയിച്ചില്ലെങ്കിൽ ചിലർ അപ്പീലും വാങ്ങി സംസ്ഥാന യുവജനോത്സവത്തിനെത്തുന്നു. എങ്ങനെയും തങ്ങളുടെ മക്കളെ ജയിപ്പിച്ചെടുക്കണം.

ഇപ്പോൾ കലാതിലകപ്പട്ടമൊക്കെ നിറുത്തിയത് ചിലർക്കൊരടിയാണ്. സമ്മാനം ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറുള്ള ചില കൊച്ചമ്മച്ചിമാർ യുവാക്കളായ ജഡ്ജിമാരെ പണ്ട് സ്വാധീനിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഇപ്പോൾ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല. പ്രൊഫഷണൽ കോഴ്സുകൾക്കടക്കം ഗ്രേസ്മാർക്കുള്ളതാണ് ചിലർക്ക് പ്രചോദനം. ചിലർക്ക് പൊങ്ങച്ചത്തിന്റെയും. അല്ലാതെ കലയോടോ സാഹിത്യത്തോടോ ഉള്ള താല്പര്യമൊന്നുമല്ല. ഇവരുടെ കുട്ടികളും കഠിനമായ പരിശീലനത്തോടെ നേടിയെടുക്കുന്ന താണ് വിജയം. അല്ലാതെ ജന്മവാസനകൊണ്ടൊന്നും അല്ല.

പാവപ്പെട്ട കുട്ടികൾ അവർ എത്ര ജന്മ വാസന ഉള്ളവരാണെങ്കിലും സ്കൂൾ തലത്തിൽ വച്ചുതന്നെ തോറ്റു പിൻവാങ്ങുന്നു. ഏറിയാൽ സബ്ജില്ലാതലം വരെ പോകും. അവിടെവച്ച് സമ്പന്ന സ്കൂൾ മനേജ്മെന്റിലെ കുട്ടികളും സമ്പന്നരായ രക്ഷകർത്താക്കളുടെ മക്കളും അടിച്ചുകയറും. കാരണം അവർ വിദഗ്ദ്ധരായ പരിശീലകരെ വച്ച് സ്ട്രെയിനെടുത്ത് ട്രെയിൻ ചെയ്യിക്കുന്നു. പലർക്കും ഇത് സ്ട്രെയിൻ തന്നെയാണ്. കാരണം ഇല്ലാത്ത കഴിവുകളെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണല്ലോ. പാവപ്പെട്ട കുട്ടികൾക്ക് നല്ല കഴിവും ജന്മവാസനയും ഒക്കെ ഉണ്ടെങ്കിലും കാശില്ലാ‍ത്തതിനാലും വിദഗ്ദ്ധപരിശീലനമോ പ്രോത്സാഹനമോ ഒന്നും ലഭിക്കാത്തതിനാലും സ്കൂൾ വേദിയിൽ വെറുതെ പങ്കാളിത്തം കാട്ടി പോകാമെന്നേയുള്ളൂ.

സത്യത്തിൽ സ്കൂൾ യുവജനോത്സവങ്ങളിൽ രണ്ടു കൂട്ടർ തമ്മിലാണ് പരസ്പര മത്സരം. ഒരു കൂട്ടർ രക്ഷകർത്താക്കൾ തന്നെ. പ്രത്യേകിച്ചും അല്പം വലിയ വീടുകളിലെ പൊങ്ങച്ചക്കാരായ കൊച്ചമ്മച്ചിമാർ തമ്മിൽ. മറ്റൊരു കൂട്ടർ കുട്ടികളെ വിവിധ മത്സരയിനങ്ങളിൽ പരിശീലിശീലനം കൊടുക്കുന്ന വിദഗ്ദ്ധരാണ്. ശരിക്കും ഇവിടെ മത്സരങ്ങളിൽ ജയിക്കുന്നതും തോൽക്കുന്നതും പരിശീലകരാണ്. കാരണം അവരുടെ കഴിവാണ് കുട്ടികളുടെ വിജയത്തെ സ്വാധീനിക്കുന്നത്. അപ്പോൾ ശരിക്കും കുട്ടികളുടെ കഴിവുകൾ അല്ല മാറ്റുരയ്ക്കപ്പെടുന്നത്. പിന്നാമ്പുറത്ത് പ്രവർത്തിയ്ക്കുന്നവരുടെ കഴിവികളാണ്. പിന്നെന്തിന് ഇത് സ്കൂൾ കലോത്സവം ആക്കണം. പരിശീലകരെ പരസ്പരം മത്സരിപ്പിച്ചാൽ പോരെ?

അതുകൊണ്ട് കലോത്സവങ്ങളിൽ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പുതിയ രീതികൾ ആ‍ാവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഇപ്പോൾ ലളിതഗനത്തിൽ പാടുന്ന കുട്ടി ഗാനം അതു പഠിപ്പിക്കുന്ന ആൾ പാടി കേൾപ്പിക്കുന്നതു കേട്ട് കേട്ട് അനുകരിച്ച് പാടുകയാണ്. ഇവിടെ കുട്ടിയുടെ സംഗീത വാസന കണ്ടെത്താനാകില്ല. നേരെ മറിച്ച് പ്രസംഗമത്സരത്തിലെ പോലെ കുട്ടിയ്ക്ക് മുൻപരിചയമില്ലാത്ത ഏതാനും വരികൾ നൽകിയിട്ട് അഞ്ചോപത്തോ മിനുട്ട് കൊണ്ട് അത് മനസിലിട്ട് ചിട്ടപ്പെടുത്തി വന്ന് പാടാൻ ആവശ്യപ്പെടണം. അപ്പോൾ മാത്രമേ കുട്ടിയുടെ യഥാർത്ഥ സംഗീതാഭിരുചി നിർണ്ണയിക്കാൻ കഴിയൂ.

ഇപ്പോൾ അഭിനയത്തിന്റെ കാര്യം എടുത്താൽ ഒരു നല്ല സംവിധായകന്റെ കീഴിൽ ശിഷ്യപ്പെട്ട് പരിശീലിച്ച് കളിക്കുന്ന നാടകം വച്ചിട്ട് ഒരു കുട്ടിയിലെ നാടകാഭിരുചി കണ്ടെത്താനാകില്ല. അതിന് നേരത്തെ പാട്ടിന്റെ കാര്യം പറഞ്ഞതുപോലെ മത്സര സമയത്ത് ചില സന്ദർഭങ്ങൾ പറഞ്ഞിട്ട് അതിനനുസരിച്ച് അഭിനയിച്ചു കാണിയ്ക്കാൻ പറഞ്ഞാൽ കുട്ടിയുടെ അഭിനയിക്കാനുള്ള കഴിവ് കണ്ടെത്താം. ഒരു കൊച്ചു നാടകം കൊടുത്തിട്ട് സംവിധനം ചെയ്ത് അവതരിപ്പിക്കാൻ പറഞ്ഞാൽ അതിലൂടെ കുട്ടിയിലെ നാടകാഭിരുചി കണ്ടു പിടിക്കാം. അല്ലാതെ മറ്റൊരാൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നത് അതുപോലെ അനുകരിച്ച് കാണിക്കുന്നത് കലാബോധത്തെയും കഴിവിനെയും വെളിപ്പെടുത്തില്ല. ഡാൻസിൽ പോലും ഇപ്പോൾ കാണുന്നതുപോലെ അനാ‍വശ്യമായ വേഷക്കൊഴുപ്പിന്റെയൊന്നും ആവശ്യമില്ലെന്ന് രംഗത്തെ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സര രീതികൾ പലതും അശാസ്ത്രീയവും അനഭിലഷണീയവും ആണ്.

ഗ്രേസ്മാർക്കും മറ്റും ഇല്ലെങ്കിൽ എത്രപേർ ഇത്ര ആവേശത്തോടെ പണം മുടക്കി വരും, കുട്ടിളെ മത്സരിപ്പിക്കാൻ? കലയോടൊ സാഹിത്യത്തോടോ കുട്ടിയ്ക്കോ രക്ഷകർത്താക്കൾക്കോ ഉള്ള കമ്മിറ്റ്മെന്റല്ല പലരെയും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും മറ്റ് ആനുകൂല്യങ്ങളും ആണ്. അല്ലെങ്കിൽ നമുക്ക് തന്നെ ആലോചിക്കാവുന്നതാണല്ലോ. കലോത്സവങ്ങളിൽ ഒക്കെ വിജയിച്ച് ആഘോഷിച്ച് പോകുന്ന കുട്ടികളിൽ എത്രപേർ പിന്നെ കലാസഹിത്യരംഗത്ത് കാണുന്നു? അവർ ഒക്കെ എങ്ങോട്ട് പോകുന്നു? കലാപ്രതിഭയും കലാതിലകവുമൊക്കെ നിലനിന്ന കാലത്ത് അവ കരസ്ഥമാക്കുന്ന കുട്ടികൾ അല്പം ഗ്ലാമർ ഒക്കെ ഉള്ളവർ ആണെങ്കിൽ ചിലപ്പോൾ സിനിമയിൽ നായികമാരൊക്കെ ആയി വന്നേക്കും. അത് വളരെ അപൂർവ്വമായി സംഭവിക്കുന്നുവെന്നേയുള്ളൂ.

ബഹുഭൂരിപക്ഷം കലോത്സവ വിജയികളും പ്ലസ് ടൂവും കൂടി കഴിഞ്ഞാൽ അവരവരുടെ വഴിക്ക് പോകുകയാണ്. അവർ കലാരംഗത്തേയ്ക്ക് പിന്നെ വരുന്നതേയില്ല. കാരണം അവർക്ക് അതിൽ താല്പര്യവും ഇല്ല, അതിന്റെ കാര്യവുമില്ല. പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് കലോത്സവം നടത്താൻ മിനക്കെടുന്നത്? കുറെ പണം ധൂർത്തടിക്കാനോ? കലയെ പ്രോത്സാഹിപ്പിക്കുന്നത് അതിനെ പരിഭോഷിപ്പിക്കുവാനും അവയിൽ കഴിവുള്ളവരെ കണ്ടെത്തി വളർത്താനും പ്രോത്സാഹിപ്പിക്കാനും ആണ്. ഇവിടെ കലയെ മറ്റു ലക്ഷ്യങ്ങൾക്കു വേണ്ടി മാറ്റുരയ്ക്കുകയാണ്.

പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര പ്രോത്സഹനം നൽകാൻ ഇവിടെ ആരുമില്ല. മിക്കവാറും പാവപ്പെട്ട കുട്ടികൾ എല്ലം സാധാ‍രണ സ്കൂളുകളിൽ ആണ് പഠിക്കുന്നത്. സാമ്പത്തികഭദ്രതയധികമില്ലാത്ത സർക്കാർ -എയിഡഡ് സ്കൂളുകൾക്ക് അവരുടെ നിലയിൽ കുട്ടികൾക്ക് പരിശീലനമോ മറ്റോ നൽകാനും കഴിയില്ല. കുട്ടികലുടെ രക്ഷിതാക്കളാകട്ടെ നിർദ്ധനരും. ബഹുഭൂരുപക്ഷം പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഇന്നും. അവരുടെ മക്കളാണ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അധികവും. അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

വാർത്തകളുടെ വിശ്വാസ്യത

വാർത്തകളുടെ വിശ്വാസ്യത

വാർത്തകളുടെ വിശ്വാസ്യതയ്ക്ക് അനുദിനം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ് എന്നത് ഇന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഇത് കുറച്ച് നേരത്തെതന്നെ സംഭവിച്ചു തുടങ്ങിയതാണ്. പരസ്യങ്ങൾ വൻ തുകകൾ വാങ്ങി വാർത്തകളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ഇക്കാലത്ത് വിശ്വാസ്യതയ്ക്ക് കൂടുതൽ ഇളക്കം വന്നുവെന്നേയുള്ളൂ. പരസ്യമേത് വാർത്തയേത് എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാതായിക്കൊണ്ടിരിക്കുന്നു. പത്രങ്ങൾ പരസ്യത്തിന് താരിഫ് അടിസ്ഥാനത്തിൽ കോളങ്ങൾ നൽകിയിരുന്ന സ്ഥാനത്ത്, പ്രധാന പേജുകൾ മൊത്തമായിത്തന്നെ വിലപേശി വിൽക്കുന്ന മാദ്ധ്യമസംസ്കാരം വളർന്നുവരുന്ന ഇന്നിന്റെ യാഥർത്ഥ്യവുമായി നാം പൊരുത്തപ്പെട്ടു വരികയാണ്. പത്രം ഇന്ന് വായനക്കാരന്റെ ചെറിയൊരു ഉപഭോഗ വസ്തുവല്ല; വൻപരസ്യക്കാരന്റെ വലിയൊരു ഉപഭോഗവസ്തുവായിക്കൂടി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പത്രത്താളുകൾ വിലയ്ക്കെടുക്കുന്ന വാർത്തകൾ നമ്മൾ അറിഞ്ഞതാണല്ലോ!

മറ്റേതൊരു വസ്തുവും എന്ന പോലെ വാ‍ർത്തയും ഒരുല്പന്നമായി മാറുമ്പോൾ ആ ഉല്പന്നത്തിന്റെ വിശ്വാസതയിലല്ല ബാഹ്യസൌന്ദര്യമാണ് മുഖ്യ ആകർഷകത്വം ആയി മാറുന്നത്. ആളുകളെ ആകർഷിക്കാൻ പോന്ന വാർത്തകൾ സൃഷ്ടിച്ചെടുക്കുന്നതിലാണ് ആ ഉല്പാദന സംരംഭത്തിന്റെ ഉടമസ്ഥന് താല്പര്യം. അതുകൊണ്ട് വാർത്തകൾ തങ്ങളുടെ തൊഴിൽദാതാക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് കെട്ടിച്ചമയ്ക്കാനും സത്യമുള്ള വാർത്തകളെത്തന്നെ വളച്ചൊടിക്കുവാനും വാർത്താലേഖകരും നിർബന്ധിതനാകുന്നു. വാർത്തയുടെ നിജസ്ഥിതിയിലല്ല അതിന്റെ വിപണനമൂല്യത്തിലാണ് ഒരു മാധ്യമ മുതലാളിയുടെ കണ്ണ്. വായനക്കാരന്റെ നേരറിയാനുള്ള നേരവകാശത്തെയാണ് ഇവിടെ മുതലാളിയുടെ ലാഭേച്ഛ തകിടം മറിക്കുന്നത്. തങ്ങൾ തരുന്നതെന്തോ അത് വായിച്ച് വിശ്വസിച്ചുകൊള്ളണം എന്ന ധാർഷ്ട്യമാണ് ഇന്ന് മിക്ക മാദ്ധ്യമമുതലാളിമാർക്കും. ഉദരപൂരണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത മാദ്ധ്യമത്തൊഴിലാളികളിലൂടെത്തന്നെ മുതലാളിമാർ തന്റെ സാമ്പത്തിക താല്പര്യങ്ങൾ സാധിച്ചെടുക്കുന്നത്.

പൌരന്റെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച് അവന്റെ ജിജ്ഞാസയെ മുതലാക്കി അറിയാനുള്ള താല്പര്യത്തെ തന്നെ തെറ്റായ ദിശയിലേയ്ക്ക് കൂട്ടി കൊണ്ട് പോവുകയാണ് നമ്മുടെ മാദ്ധ്യമ പ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ഏതെങ്കിലും ഒരു സമയത്ത് യഥാർത്ഥമായി നടന്നതോ നടക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഒരു കാര്യത്തെ നമുക്ക് വാർത്ത എന്ന് വിളിക്കാം. ഇതിൽ സംഭവിക്കുന്നതെന്താണോ അത് ആർക്ക് ആരിൽ നിന്ന്, അഥവാ ഏതൊന്നിന് ഏതൊന്നിൽനിന്ന്, എന്തുകൊണ്ട് എങ്ങനെ സംഭവിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിൽ നടന്നുകഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും വളരെ കൃത്യമായിത്തന്നെ അറിയിക്കാവുന്നതാണ്. എന്നാൽ നടക്കാനിരിക്കുന്ന നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം ഉറപ്പുള്ളതായാലും അത് നടക്കാതിരിക്കാനുള്ള സദ്ധ്യതയുള്ളതാണ്. എന്നാൽ ആരാലും നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ ഊഹിച്ച് പറയുമ്പോൾ അതിൽ കുറച്ചൊക്കെ സൂക്ഷമത പുലർത്തേണ്ടതത് ഒരു വാർത്താലേഖകന്റെ കടമയാണ്. വായിക്കുന്നവന്റെ കോമൺ സെൻസിനെ പരിഹസിക്കുന്ന തരത്തിൽ ആകരുത് ആ വാർത്ത.

നമ്മുടെ മാദ്ധ്യമസംസ്കാരം എങ്ങനെ അധ:പതിക്കുന്നുവോ അതിനനുസൃതമായി വായനയുടെയും കാഴ്ചയുടെയും സംസ്കാരവും അധ:പതിക്കുന്നുണ്ട്. അധവാ മദ്ധ്യമങ്ങൾ അധ:പ്പതിപ്പിക്കുന്നുണ്ട്. ഇന്ന് സത്യം അറിയാൻ അല്ല, ആളുകളിൽ നല്ലൊരു പങ്ക് വാർത്തവായിക്കുകയോ കാണുകയോ ചെയ്യുന്നത്; മറിച്ച് അത് ആസ്വദിക്കാൻ വേണ്ടിയാണ്. ഇന്നിപ്പോൾ റിയാലിറ്റി ഷോകൾ ആസ്വദിക്കുന്നതുപോലെ വാർത്തകളും ആസ്വദിക്കപ്പെടുകയാണ്. നേരറിയാനുള്ള തല്പര്യം ഈ ആസ്വാദന താല്പര്യത്തിൽ മുങ്ങിപ്പോകുന്നു. ഇവിടെ മുതലാളിത്ത മാദ്ധ്യമ തന്ത്രം വിജയിക്കുന്നു. മാദ്ധ്യമ മുതലാളി എന്ത്, എങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നുവോ അതുതന്നെ സംഭവിക്കുവാനും അഥവാ അങ്ങനെതന്നെ സംഭവിക്കുന്നില്ലെങ്കിൽത്തന്നെ അത് അങ്ങതന്നെ സംഭവിക്കുന്നതായി അറിയുവാനുമാണ് സാമാന്യജനങ്ങളും ആഗ്രഹിക്കുന്നത്. ഇവിടെ ആളുകൾ എന്ത് അറിയാൻ ആഗ്രഹിക്കണമെന്ന് തീരുമാനിക്കുന്നതു പോലും മാദ്ധ്യമമേധാവിത്വങ്ങളായി മാറുമ്പോൾ സമൂഹത്തിൽ സാധാരണരണപൌരന്റെ പ്രാധാന്യത്തെയാണ് അത് ഇടിച്ചു താഴ്ത്തുന്നത്. ജനങ്ങളുടെ പരമാധികാരം എന്നിടത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുതലാളിത്തത്തിന്റെ അഥവാ സാമ്പത്തിന്റെ പരമാധികാരമാണ് അനുഭവപ്പെടുന്നത്, ഇത് മാദ്ധ്യമ രംഗത്തും സംഭവിക്കുന്നുവെന്നേയുള്ളൂ.

രണ്ട് കാര്യങ്ങളാണ് ഇന്നിപ്പോൾ ഈ കുറിപ്പെഴുതാ‍ൻ കാരണം. ഒന്ന് കഴിഞ്ഞൊരു ദിവസം മലയാളത്തിലെ ചില ഒരു വാർത്താചാനലുകാർ പുറത്തുവിട്ട വർത്തയാണ്. പിറ്റേന്ന് പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. സ. വി.എസ്. അച്യുതാനന്ദനെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ ശാസിച്ചുവെന്നായിരുന്നു ആ വാർത്ത. ആ വാർത്തയുടെ ചുവട് പിടിച്ച് അത് അറിഞ്ഞരാത്രി തന്നെ ഈയുള്ളവൻ ഒരു ബ്ലോഗ്പോസ്റ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പ്രസ്തുത വാർത്തയെ നിഷേധിച്ചു. അതോടെ ആ ബ്ലോഗ് പോസ്റ്റ് എടുത്ത് മാറ്റേണ്ടി വന്നു.നിരന്തരം പല നുണകളും എഴുതിയും പറഞ്ഞും പിടിപ്പിക്കുന്നവർക്ക് സി.പി. ഐ (എം)-ലെ ആരോ ഇട്ട് താങ്ങിക്കൊടുത്തതുമായിരിക്കാം ഈ വ്യാജ വാർത്ത.

രണ്ടാമത്തേത് ഇന്ന് (ജനുവരി 18) വൈകുന്നേരം കണ്ട ഒരു സായാഹ്നപത്രത്തിലെ വാർത്തയാണ്. ഇപ്പോൾ ഏതാനും സായാഹ്നപ്പത്രങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. ചിലതൊക്കെ നഗര കേന്ദ്രീകൃതങ്ങൾ ആണ്. ഇവയിൽ മിക്കതും പലവിധ നുണവാർത്തകളും അനുദിനം എഴുതിവിടുന്നുണ്ട്. മിക്കതും ഊഹാപോഹങ്ങൾ ആണ്. അതായത് നുണപോഹങ്ങൾ! ഇവയുടെ നുണക്കെട്ടുകൾ (അതയത് തലക്കെട്ടുകൾ) ഉറക്കെ വിളിച്ചു പറഞ്ഞാണ് പാവം പത്ര വില്പനക്കാരൻ ഇത് വിൽക്കുന്നതുതന്നെ. ഇപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്, ഈ പറയുന്ന വാർത്ത നാളത്തെ മറ്റൊരു പത്രത്തിലും കാണുകയില്ലെന്ന്. കാരണം മിക്കതും ഊഹാപോഹങ്ങൾ ആണ്. തലക്കെട്ട് നോക്കി ജിജ്ഞാസുവായി വായിച്ച് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ ഉള്ളി തൊലിച്ചതു പോലാകും മിക്ക വാർത്തകളും.

രണ്ട് കാര്യങ്ങളാണ് ഇന്നിപ്പോൾ ഈ കുറിപ്പെഴുതാ‍ൻ കാരണം. ഒന്ന് കഴിഞ്ഞൊരു ദിവസം മലയാളത്തിലെ ചില ഒരു വാർത്താചാനലുകാർ പുറത്തുവിട്ട വർത്തയാണ്. പിറ്റേന്ന് പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. സ. വി.എസ്. അച്യുതാനന്ദനെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ ശാസിച്ചുവെന്നായിരുന്നു ആ വാർത്ത. ആ വാർത്തയുടെ ചുവട് പിടിച്ച് അത് അറിഞ്ഞരാത്രി തന്നെ ഈയുള്ളവൻ ഒരു ബ്ലോഗ്പോസ്റ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പ്രസ്തുത വാർത്തയെ നിഷേധിച്ചു. അതോടെ ആ ബ്ലോഗ് പോസ്റ്റ് എടുത്ത് മാറ്റേണ്ടി വന്നു.നിരന്തരം പല നുണകളും എഴുതിയും പറഞ്ഞും പിടിപ്പിക്കുന്നവർക്ക് സി.പി. ഐ (എം)-ലെ ആരോ ഇട്ട് താങ്ങിക്കൊടുത്തതുമായിരിക്കാം ഈ വ്യാജ വാർത്ത.

രണ്ടാമത്തേത് ഇന്ന് വൈകുന്നേരം കണ്ട ഒരു സായാഹ്നപത്രത്തിലെ വാർത്തയാണ്. ഇപ്പോൾ ഏതാനും സായാഹ്നപ്പത്രങ്ങൾ കേരളത്തിൽ ഇറങ്ങുന്നുണ്ട്. ചിലതൊക്കെ നഗര കേന്ദ്രീകൃതങ്ങൾ ആണ്. ഇവയിൽ മിക്കതും പലവിധ നുണവാർത്തകളും അനുദിനം എഴുതിവിടുന്നുണ്ട്. മിക്കതും ഊഹാപോഹങ്ങൾ ആണ്. അതായത് നുണപോഹങ്ങൾ! ഇവയുടെ നുണക്കെട്ടുകൾ (അതയത് തലക്കെട്ടുകൾ) ഉറക്കെ വിളിച്ചു പറഞ്ഞാണ് പാവം പത്ര വില്പനക്കാരൻ ഇത് വിൽക്കുന്നതുതന്നെ. ഇപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട്, ഈ പറയുന്ന വാർത്ത നാളത്തെ മറ്റൊരു പത്രത്തിലും കാണുകയില്ലെന്ന്. കാരണം മിക്കതും ഊഹാപോഹങ്ങൾ ആണ്. തലക്കെട്ട് നോക്കി ജിജ്ഞാസുവായി വായിച്ച് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ ഉള്ളി തൊലിച്ചതു പോലാകും മിക്ക വാർത്തകളും.

യാത്രയ്ക്കിടയിൽ പലരും ഒരു സായാഹ്ന പത്രം വങ്ങി വയ്ക്കറുണ്ട്.ബസിലൊക്കെ കയറി സീറ്റും പിടിച്ചിരിക്കുമ്പോൾ ബസ് പുറപ്പെടും വരെയുള്ള ബോറടി ഒഴിവാക്കുവാനും ബസ് ഏതെങ്കിലും സ്റ്റേഷനിൽ വിശ്രമത്തിനു നിർത്തുമ്പോൾ സീറ്റ് പോകാതിരിക്കൻ ഇരുന്നിടത്ത് ഇട്ടിട്ടു പോകാനുമൊക്കെയാണ് ഇന്ന് ഈ പത്രങ്ങൾ ആളുകൾ വാങ്ങുനത്. ട്രെയിൻ യാത്രയിലും ഇത് ഒരു നേരം പോക്കിനു കൊള്ളാം. മത്രവുമല്ല സായാഹ്ന പത്രങ്ങളുടെ അകത്ത് ആശ്വാസത്തിന് അല്പം ചില മസാലകൾ ഉണ്ട്. വാർത്താ പത്രം ആയതുകൊണ്ട് ആരും സംശയിക്കുകയുമില്ല; മാനവും പോകില്ല. തലേൽ തുണിയിടാതെ കണ്ടാസ്വദിക്കാം. അല്പം നുണയും വായിക്കാം. അങ്കോം കാണാം താളീം പറിക്കാം. ബോറടിയും മാറ്റാം


മേൽ സൂചിപ്പിച്ച ഇന്നത്തെ സായാഹ്ന വാർത്ത ഇതായിരുന്നു: “ പിണറായി മത്സരിക്കുന്നത് പി.ബി. തടയും. ഇനി കോടിയേരി ”എന്നാണ് ടൈറ്റിൽ. ഇത് കണ്ടപ്പോൾ ഞാൻ കഴിഞ്ഞ ദിവസത്തെ വി.എസിനെ താക്കീത് ചെയ്തു എന്ന വാർത്ത ഓർമ്മിച്ചു. ഈ കോടിയേരിവാർത്ത ഉള്ളിൽ കയറി വായിച്ചു നോക്കിയാൽ ഇത് ആ ലേഖകൻ ഏതോ വഴിയരികിലെ ഏതോ മൈൽക്കുറ്റിയിൽ ഇരുന്ന് മെനഞ്ഞെടുത്തതാണെന്ന് ആർക്കും മനസിലാകും. (സായാഹ്നപത്രങ്ങളിൽ ചിലതിന്റെ മുൻ പേജിൽ നമ്മുടെ നെറ്റിലെ പോലെ ലിങ്കുകളേ കാണൂ. വാർത്ത മൊത്തം വായിക്കാൻ ക്ലിക്ക് ചെയ്ത് ഉള്ളിൽ ചെല്ലണം!) വലിയ ബുദ്ധിയൊന്നും ഇല്ലാത്ത സാധാരണ രാഷ്ട്രീയ നിരീക്ഷകനു പോലും ചുമ്മാ ഇരിക്കുമ്പോൾ നേരം പോക്കിന് ചിന്തിച്ചുകളയാൻ കഴിയുന്ന ഒരു കാര്യം വലിയ കണ്ടു പിടുത്തം പോലെ എഴുതി വച്ചിരിക്കുകയാണ് ലേഖകൻ!

ആ വാർത്ത ചുരുക്കത്തിൽ ഇങ്ങനെയൊക്കെ ആണ്: “എൽ.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ആകാൻ സാദ്ധ്യത തെളിഞ്ഞു. ( സാധ്യത എവിടെ എങ്ങിനെ ആര് തെളിച്ചു എന്നൊന്നും ചോദിക്കരുത്).മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിന് തീരെ താല്പര്യം ഇല്ലെന്ന് പലതവണ വ്യക്തമായതാണ്. ( പലതവണ ആര് എവിടെവച്ചൊക്കെ വ്യക്തമാക്കി എന്നൊന്നും ചോദിക്കരുത്. അതിന്റെയൊന്നും ആവശ്യമില്ല!) ഏറ്റവും ഒടുവിലത്തെ പോളിറ്റ് ബ്യൂറോ യോഗത്തിലും സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.( പാർട്ടികമ്മിറ്റിയ്ക്കുള്ളിൽ നടന്ന ഈ രഹസ്യം ചോർത്തികൂടുത്ത ആൾ ആരാണെന്ന് നമ്മൾ ചോദിക്കുന്നത് ശരിയല്ലല്ലോ. വിട്ടേക്ക്). കേന്ദ്ര നേതൃത്വം അന്നത്തെ പോലെ ഇന്ന് വി.എസിനെ ഇഷ്ടപ്പെടുന്നില്ല. ( കേന്ദ്രത്തിലെ ഏല്ലാ നേതാവിന്റെയും മനസ് വായിക്കാനുള്ള കഴിവൊക്കെ നമ്മുടെ ലേഖകനുണ്ട്). പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്ത് മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ( ആരൊക്കെ എവിടെയൊക്കെ നിന്ന് പ്രചരിപ്പിച്ചുവോ ആവോ!). എന്നാൽ സി.പി.എം കേന്ദ്രനേതൃത്വം ഇതിനെ അനുകൂലിക്കാൻ ഇടയില്ല.( നോക്കണേ ഊഹക്കച്ചവടം. പിണറായി മത്സരിക്കുന്നത് ലേഖകന് ഇഷ്ടമല്ല തന്നെ!).

ലാവ്ലിൻ കേസിൽ കുറ്റപത്രം നൽകിയ പ്രതിയാണ് പിണറായി (ആർക്കും ആരെയും പ്രതിചേർക്കാമല്ലോ. പക്ഷെ കുറ്റവാളിയാണോ ഇല്ലയോ എന്നത് ലേഖകന് പ്രശ്ശ്നം ഇല്ല. പ്രതിചേർത്താൽ ആൾ ലേഖകന് കുറ്റവാളിയത്രേ!). അഴിമതികേസിലെ പ്രതി മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകും (ഉവ്വ ഉവ്വ)).സ്പെക്ട്രം ഉൾപ്പെടെ അഴിമതികേസുകളിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസ്സിനു പറഞ്ഞു നിൽക്കാൻ പിണറായിയുടെ സ്ത്ഥാനാർത്ഥിത്വം പഴുതുണ്ടാക്കിക്കൊടുക്കും എന്ന് ഔദ്യോഗിക നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അഭിപ്രായം ഉണ്ട്. ( ഏതാണവോ ആ വിഭാഗം?. സോറി ചോദിച്ചുകൂടാത്തതാണ്! കോൺഗ്രസ്സ് നടത്തിയ നിരവധി അഴിമതിക്കേസുകളെ പിണറായിക്കെതിരെയുള്ള കേവലം ഒരാരോപണം കൊണ്ട് സമർത്ഥമായി പ്രതിരോധിക്കുന്ന ലേഖകന്റെ രാഷ്ട്രീയവും ഇവിടെ വ്യക്തമാണ്.) ” ഇങ്ങനെ പോകുന്നതാണ് ആ അഞ്ചു കോളം വാർത്ത.

ഇത് ഇന്നത്തേതു മാത്രം. ഇതിലും വിശേഷപ്പെട്ട ഊഹാ‍പോഹങ്ങളാണ് നിത്യവും ഓരോ സായാഹ്ന പത്രങ്ങളിൽ വരുന്നത്. എന്തിന് സായാഹ്നപ്പത്രങ്ങളുടെ കാര്യം മാത്രം പറയുന്നു. എല്ലാ പത്രങ്ങളും ചാനലുകളും ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ? അതുകൊണ്ട് നാം വായിക്കുന്നതും കേൾക്കുന്നതുമായ വാർത്തൾ അതേപടി ഉടൻ വിശ്വസിക്കാതിരിക്കുക! എല്ലാ മാദ്ധ്യമങ്ങളിലെയും വാർത്തകൾ ഒക്കെ കണ്ടതിനുശേഷം നമുക്ക് അവ സ്ഥിരീകരിക്കുകയോ, അല്ലെങ്കിൽ എല്ലാത്തിന്റെയും ഇടയിൽനിന്നും യഥാർത്ഥസത്യം സ്വയംതന്നെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യാം.

Tuesday, January 18, 2011

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ !


ഹേയ്
, ചാനൽ പെൺകൊച്ചുങ്ങളേ,

ഇതിപ്പോൾ എഴുതാനുള്ള പ്രേരണ തൊട്ടുമുമ്പ് കൈരളി ചാനലിൽ ഏതോ പാട്ടു റിയാലിറ്റി കോപ്രായം അവതരിപ്പിച്ച പെങ്കൊച്ചിന്റെ ചാടക്കോം, ബഹളോം കണ്ടതാണ്. എങ്കിലും ഇവിടെ എല്ലാ ചാനലുകളിലെയും അവതാരകളായ (അതോ അവതാടകകളോ) അവതാരങ്ങളോട് ആകെ മൊത്തം ടോട്ടലായിട്ട് പറയുവാ. നിങ്ങളുടെ വേഷഭൂഷാദി ജാഡാദികൾ ഒക്കെ കൊള്ളാം. പക്ഷെ നിങ്ങളോട് നമ്മൾ മലയളഭാഷയെ സ്നേഹിക്കുന്ന പാവങ്ങൾക്ക് ചിലത് പറഞ്ഞു തെര്യപ്പെടുത്താനുണ്ട്. നിങ്ങൾക്ക് നല്ലതു പോലെ മലയാളം അറിയില്ലെങ്കിലും നല്ലതു പോലെ ഇംഗ്ലീഷ് ഭാഷ അറിയാം എന്നാണല്ലോ വയ്പ്! .ചിലപ്പോൾ നിങ്ങൾ ഇംഗ്ലണ്ടിലോ കാനഡയിലോ അങ്ങ് അമോരിക്കായീലൊ ഒക്കെ പറന്നുപോയി പഠിച്ച് പറന്നിറങ്ങിയതാകാം. അല്ലെങ്കിൽ വല്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലോ പോയി കായി കൊടുത്ത് പഠിച്ചുറപ്പിച്ചതാകാം. ആയിക്കൊട്ടെ. അതൊക്കെ നല്ലതുതന്നെ. ഇംഗ്ലീഷ് ഭാഷയോട് നമ്മക്ക് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അതും ഒരു ഭാഷ തന്നെ. ലോക ഭാഷയെന്ന് അംഗീകരിക്കപ്പെട്ട ഭാഷ. നമ്മളും അതംഗീകരിക്കുന്നു.

പക്ഷേങ്കിൽ നിങ്ങൾ മലയാളം ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒന്നുകിൽ ഇംഗ്ലീഷ് പറയുക. നിങ്ങൾ അറിയാവുന്നവരായതുകൊണ്ട് നമുക്ക് ഇംഗ്ലീഷിന്റെ ഉച്ചാരണോം ഒക്കെ ഒന്നു ശരിപ്പെടുത്തി എടുക്കാനും അതു ഗുണപ്പെടും. അതല്ലെങ്കിൽ നിങ്ങൾ നല്ല മലയാളം പറയുക.മലയാളവുമല്ല ഇംഗ്ലീഷുമല്ല എന്ന നിലയിൽ ഈ ഹായ്, പൂയ്, കൂ വിളി പരിപാടി ഒന്നു നിർത്തുക. സത്യത്തിൽ നിങ്ങൾ കരയുന്നതും ചിരിക്കുന്നതും കൂക്കിടുന്നതും ഒക്കെ ഇംഗ്ലീഷിലാ? നിങ്ങൾ ഇടുന്ന ഈ ശബ്ദങ്ങൾ പോലുള്ളതൊന്നും ഇംഗ്ലീഷുകാർപോലും ഇടുന്നത് നമ്മൾ കേട്ടിട്ടില്ല. അതൊരു പക്ഷെ നമ്മൾക്ക് ഇംഗ്ലീഷ്കാരുമായി നിങ്ങളെപോലെ അധികം സമ്പർക്കമില്ലാത്തതുകൊണ്ട് തോന്നുന്നതാകാം. നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോ അതോ കൂക്കിടുകയാണോ എന്നു തിരിച്ചറിയാൻ നമ്മൾ പാട് പെടുന്നുണ്ട്. മറിച്ച് നിങ്ങൾ കരയുമ്പോഴും നമ്മക്ക് പല തിരിച്ചറിവുകളും നഷ്ടപ്പെടുകയാണ്.

മുഖസ്തുതി പറയുകയാനണെന്നു കരുതരുത്.ദേഹത്ത് ഉറുമ്പിൻ കൂട് വീണാൽ പെൺപിള്ളേർ നില വിളിച്ചോണ്ട് ചാടുന്നതെങ്ങനെയാണോ അതുപോലെയാണ് നിങ്ങൾ പറഞ്ഞാലും ചിരിച്ചാലും കരഞ്ഞാലും ഒക്കെ നമുക്ക് അനുഭവപ്പെടുക. ഇത് ലോകത്തെങ്ങും ഉള്ള ഔദ്യോഗിക ഭാഷയൊന്നുമല്ല. കടിയുടെ വെപ്രാളത്തിൽ കിടന്നു തുള്ളിപ്പിടയുമ്പോൾ പുറപ്പെടുന്ന ശബ്ദങ്ങൾ ആണ്. നിങ്ങൾ ചാനലത്തികൾ എന്തു പറയുമ്പോഴും എന്തു വികാരം പുറപ്പെടുവിക്കുമ്പോഴും നമുക്ക് ഈ പറഞ്ഞതു കണക്കാണ് തോന്നുക. ദയവായി നമ്മുടെ മലയാള ഭാഷയെ നമുക്ക് വിട്ടു തരിക. നിങ്ങൾ ഇങ്ങനെ ബലാത്സംഘം ചെയ്ത് കൊല്ലാതിരിക്കുക. സത്യത്തിൽ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ നിലവിളിക്കുന്നതും നിങ്ങളുടെ മലയാള സംസാരവും തമ്മിലും വ്യത്യാസം ഒന്നുമില്ല. നമ്മുടെ മാതൃഭാഷ ബലാത്സംഗം ചെയ്യപ്പെടുമ്പോഴത്തെ നില വിളിയായാണ് നമുക്കതു തോന്നുക. നമുക്കിത് സഹിക്കാൻ വയ്യ മക്കളേ!

നമ്മുടെ ഭാഷയുടെ മാനം രക്ഷിക്കാൻ നമ്മൾ മുണ്ടും പൊക്കിക്കെട്ടി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങൾ ഓടിയാൽ മുഴുക്കില്ല. മലയാളത്തിലെ നല്ല ഡഷ് ഡാഷ് (ഡാഷ് ഡാഷൊക്കെ ഇംഗ്ലീഷിലേ ഉള്ളൂ കേട്ടോ) പ്രയോഗങ്ങൾ ഉണ്ട്. വേണ്ടിവന്നാൽ ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടു നോക്കി നല്ല ഒന്നാം തരം പച്ചമലയാളം മഡാഷ് കുഡാഷ് പുഡാഷുമായി നമ്മൾ അങ്ങിറങ്ങും. പിന്നെ നിങ്ങള അരമുക്കാൽ മുറി ഇംഗ്ലീഷൊന്നും കൊണ്ട് നമ്മെ നേരിടാനാകില്ല. മലയാളം നല്ല കളകളാരവം പുഴയൊഴുംകും പോലത്തെ നല്ല സംസ്കാരമുള്ള മധുരമായൊരു ഭാഷയാണ്. അതിലുപരി നമ്മൾ അത്യാവശ്യത്തിനെടുക്കാൻ വച്ചിരിക്കുന്ന പുളിച്ച പുളുപുളന്തൻ വികടസരസ്വതികളെ പുറത്തെടുപ്പിക്കരുത്. ഇംഗ്ലീഷിൽ നിങ്ങൾ വിളിക്കുന്ന പള്ളിന്റെ ഒക്കെ തനിമലയാളം നമ്മൾ തിരിച്ചു പറഞ്ഞാലുണ്ടല്ലോ ലേബർ ആശുപത്രികളിലെ ലേബർ റൂമിൽ തിരക്കാകും. അത്ര ശക്തിയാ! ഓർമ്മവേണം. സഹിക്കാൻ വയ്യാഞ്ഞിട്ടു പറയുവാ‍. അവളുമാരുടെ ഒരു ഹായ്, പൂ, കൂ....ഒരു ദിവസം നമ്മൾ ഒരു കടലാസിൽ പാമ്പിനേം പൊതിഞ്ഞങ്ങ് വരും. എന്നിട്ട് അറിയാതെ മുൻപിലേയ്ക്ക് ഏറിഞ്ഞ് തരും പാമ്പ് കാലിലോട്ട് കയറി പുളയുമ്പോൾ ഇംഗ്ലീഷിൽ ഹായ്, കൂയ്, മാം, ഡാഡ്, മൈ ഗോഡ് എന്നുമ്പറഞ്ഞ് സ്റ്റൈലിൽ നേരിടുമോ പച്ചമലയാളത്തിൽ ‘അയ്യോ എന്റമ്മച്ചിയേ പാമ്പേ“ എന്ന് നിലവിളിച്ച് പൂളേം കെളത്തി ചാടുമോന്നറിയണം. അവതാരകകൾ ആണത്രേ; അവതാരകൾ! മുമ്പൊക്കെ ആണുങ്ങളായ അവതാരകർ എങ്കിലും ഒരുവിധം നന്നായി മലയാളം പറയുമായിരുന്നു. ഇപ്പോൾ അതും പോയി. ചില പരിപാടികൾക്കൊക്കെ ആണും പെണ്ണും കെട്ട കുറച്ചിനം ആൺചരക്കുകൾ ഇറങ്ങിയിട്ടുണ്ട്. അവന്മാരും ഇപ്പോ പെണ്ണവതാരകത്തികളെ പോലെ യാ, ഉയൂ ഹായ്, ഹ്യൂഎഊ പൂ കൂ ഒക്കെ തന്നെ. അല്ല അവന്മാർ ഒക്കെ ആണോ പെണ്ണോന്ന് അവന്മാർക്കുതന്നെ സംശയമല്ലേ? പിന്നെങ്ങനെ?

അതു പോട്ടെ! ടേ, അവതാരകപ്പെൺപിള്ളാരേ നിങ്ങൾ ആ വാർത്ത വായിക്കുന്ന പെൺപിള്ളേരെയെങ്കിലും നോക്ക് ! ഒരു കയും കീയും പൂവുമില്ലാതെ എത്ര സുന്ദരമായി മലയാളം പറയുന്നു. വല്ല കുഴപ്പവും ഉണ്ടോ? വേഷത്തിലും സ്റ്റൈലിലും ഒന്നും അവർ ഒരു കുറവും വരുത്തുന്നില്ല. പക്ഷെ സംസാരിക്കുമ്പോൾ എത്ര അന്തസുള്ള മലയാളം! അല്ലെങ്കിൽ നിങ്ങൾ പത്ത് ദിവസം ആകാശവാണി വച്ച് കേട്ടിട്ട് വാ. ശരിക്ക് മലയാളം എന്താണെന്ന് മനസിലാക്കാം. അതിനൊന്നും മനസില്ലെങ്കിൽ നിങ്ങൾ ഇംഗ്ലീഷിൽ മാത്രം മൊഴിഞ്ഞോ. നമ്മുടെ പൊന്നു തങ്കക്കുടം മധുരമലയാളത്തെ അതിനിടയിൽ പിടിച്ചിട്ട് നിലവിളിപ്പിക്കരുത്. ഇതൊരപേക്ഷയാണ്!

Saturday, January 15, 2011

ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

2010 ഡിസംബർ 30-നു വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്പത്രമായ ബൂലോകം ഓൺ ലൈൻ അവാർഡ് ദാനവും ബ്ലോഗ്മീറ്റും സംഘടിപ്പിച്ചു. . ഇതിനോടനുബന്ധിച്ച് ബൂലോകം ഓൺലൈൻ ഡോട്ട് കോമിൽ എഴുതിയ ലേഖനം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.


ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാ‍ണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ ഈ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.

ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

31-12-2010-ന് എഡിറ്റ് ചെയ്തത്: മേൽ സൂചിപ്പിച്ച പരിപാടി ഗംഭീരമായി നടന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം നടന്നില്ല. അവാർഡ് ദാനം, ബ്ലോഗ് ലിട്ടറസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നിവ നടന്നു. ഡി. വിനയ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡുകളും അദ്ദേഹംതന്നെ നൽകി. ബ്ലോഗ് ലിറ്ററസി പ്രോഗ്രാം മല്ലികാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൂട്ടം എൻ.എസ്. ജ്യോതി കുമാർ, അനിൽ കുര്യാത്തി, കെ.ജി.സൂരജ്, തുഷാർ പ്രതാപ്, അജിത്ത്, ദിലീപ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ ബഷീർ വള്ളിക്കുന്ന് , അനിൽകുമാർ സി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. ഇ.എ.സജിം തട്ടത്തുമല സ്വാഗതവും, ഡോ. മോഹൻ ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. മോഹൻ ജോർജ് ഗാനാലാപനവും നടത്തി. ദിലീപ് , ജിക്കു വർഗീസ് എന്നിവർ ബ്ലൊഗ്ഗ് സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു. പ്രസ്സ് ക്ലബ്ബിലെ ഒരു സായാഹ്നം ഈ സൌഹൃദ സംഗമം കൊണ്ട് ധന്യമായി