നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Sunday, December 18, 2011

ആതിരന്‍

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Wednesday, October 26, 2011

കനിവ്

കഥയൊന്നിത് കഥയായിട്ടല്ല, കാര്യമായി പറയുകയാണ്. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായോ അവരുടെ ജീവിതവുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ ഇക്കഥ വായിച്ച നിങ്ങൾ എന്റെ നാട്ടുകാരിൽ ആരെങ്കിലുമായിരിക്കും! അതെന്റെ കുറ്റമല്ല.

കനിവ്

അടുത്ത സുഹൃത്തായ ശശികുമാർ ഒരു വിസക്കാര്യം വന്നുപറയുമ്പോൾ വേണ്ടെന്ന് പറഞ്ഞതാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ ബാലചന്ദ്രൻ. കാരണം പണത്തിന്റെ പ്രശ്നം തന്നെ. ഈ വിസയ്ക്ക് പ്രത്യേകിച്ച് കാശൊന്നും നൽകേണ്ടതില്ലെങ്കിലും ടിക്കറ്റും മറ്റ് അല്ലറ ചില്ലറ കമ്മീഷൻ ചെലവുകളും മറ്റുമായി നാല്പതിനായിരം രൂപ വേണം. ശശികുമാറിന്റെ പരിചയക്കാരൻ ഒരാൾ മുഖാന്തരമാണ് ഈ വിസ തരപ്പെടുന്നത്. അന്വേഷിച്ചപ്പോൾ ശങ്കർദാസിന്റെ അകന്ന ബന്ധത്തിൽ ദുബായിൽ ഉള്ള ഒരാളുടെ കടയിൽ ഒരു കൈയാളായി ജോലിനോക്കാനാണ്. ദുബായിൽ പുള്ളിയെ വിളിച്ച് ചോദിച്ച് വിസയുടെ വിശ്വാസ്യത ഉറപ്പിച്ചശേഷം കൂ‍ട്ടുകാരനായ ബാലചന്ദ്രനെ കയറ്റി വിടാമെന്നു കരുതിയതാണ് ശശികുമാർ.സ്കൂളിൽ പഠിച്ചികൊണ്ടിരിക്കുന്ന പ്രായമായിവരുന്ന രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബാലചന്ദ്രൻ.

നാട്ടിലെ പത്തിരുപതിനായിരം രൂപാ സകല ചെലവും കഴിഞ്ഞ് ലഭിക്കുന്ന ഒരു ജോലിയാണ് ഈ വിസയിൽ കയറി പോയാൽ ദുബായിൽ ലഭിക്കുക. എങ്ങനെയെങ്കിലും ദുബായിലെത്തി ഈ ജോലിയിൽ കയറിയാൽ ബാലചന്ദ്രന്റെ കുടുംബത്തിന് അത് ഒരു നല്ല ആശ്വാസമായിരിക്കും. ഇപ്പോൾ താമസിക്കുന്ന ചെറിയൊരു വീടും പത്ത് സെന്റ് പുരയിടവും മാത്രമാണ് ബാലചന്ദ്രന്റെ കൊച്ചു കുടുംബത്തിന് ആകെയുള്ളത്. ഭാര്യയാകട്ടെ ഇടയ്ക്ക് പറമ്പിൽ ഒരു പൊക്കമ്പുറത്തുനിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ് കുറെക്കാലം ചികിത്സയിലുമായിരുന്നു. അതുകാരണം കുറെ പണം കടത്തിലുമായി. അതൊക്കെ ഒരു വിധം വീട്ടി വരുന്നതേയുള്ളൂ. ഈ വിസയിൽ കയറി പോയാൽ ഒക്കെ നേരേ ആകും. വിസ കൊണ്ടുവന്നയാൾ ഇത് മറ്റാർക്കെങ്കിലും കൊടുക്കുമായിരുന്നു. ഇത് എങ്ങനെയോ മണത്തറിഞ്ഞ് ഈ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അറിയാവുന്ന ശശികുമാർ അത് ബാലചന്ദ്രനു വേണ്ടി തരപ്പെടുത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ഒരു യാത്ര പോയാൽ കൊള്ളാമെന്ന് ബാലചന്ദ്രൻ ശശി കുമാറിനോടും മറ്റും പറഞ്ഞിട്ടുള്ളതാണ്.

പക്ഷെ ഉടനെ നാല്പതിനായിരം രൂപ സംഘടിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമുള്ള കാര്യമല്ല. ഒരു പവന്റെ സ്വർണ്ണം പോലും ഇപ്പോൾ ഭാര്യയുടെയോ മക്കളുടെയോ കൈയ്യിലോ കഴുത്തിലോ കാതിലോ ഇല്ല. ഒക്കെ പണയത്തിലാണ്. കുറച്ചൊക്കെ ഭാര്യയുടെ ചികിത്സാർത്ഥം വിറ്റും പോയി. അതുകൊണ്ടിപ്പോൾ ഈ ഗൾഫ് ചാൻസ് നിരസിക്കുകയല്ലാതെ ബാലചന്ദ്രന് മറ്റ് നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നും നാളെയുമായി ഒന്നു ശ്രമിച്ചു നോക്കുവാൻ നിർബന്ധം ചെലുത്തിയിട്ടാണ് ശശികുമാർ പോയത്. പതിനയ്യായിരം രൂപാ അദ്ദേഹംതന്നെ പലിശയ്ക്കെടുത്തു നൽകാമെന്നും പറഞ്ഞു. ബാക്കി ഉണ്ടാക്കണം. നാളെക്കഴിഞ്ഞാൽ ഈ വിസ മറ്റാർക്കെങ്കിലും കൊടുക്കാൻ പറയുകയേ നിവൃത്തിയുള്ളൂ. കാരണം പത്ത് ദിവസത്തിനുള്ളിൽ ആളെ കയറ്റി വിടണമെന്നാണ് ദുബായിൽ നിന്നും പറഞ്ഞിരിക്കുന്നത്.

മുമ്പ് ദുബായിൽ നിന്നിട്ടുള്ള പരിചയം ഉള്ളവർക്കായിരുന്നു മുൻഗണന. ദുബായിയിൽ ബാലചന്ദ്രൻ മുമ്പ് പോയിട്ടില്ല. എങ്കിലും ശശികുമാർ ഇടപെട്ട് ആ വ്യവസ്ഥയിൽ ഒരിളവ് വാങ്ങിയതാണ്; ദുബായിയിൽ മുമ്പ് നിന്നിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന്. പത്തിരുപത് വയസുള്ളപ്പോൾ മൂന്നുമാസം സൌദിയിൽ ചെന്ന് പറഞ്ഞ ജോലിയൊന്നും കിട്ടാതെ കഷ്ടപ്പെട്ട് മുടക്കിയ കാശും പോയി മടങ്ങിവന്ന മുൻപരിചയം ബാലചന്ദ്രനുണ്ട്. അന്നേ ഗൾഫിലേയ്ക്കിനിയില്ലാ എന്ന് ശപഥം ചെയ്തതാണ്. നാട്ടിലെ മൺ വെട്ടിപ്പണിയാണ് അതിലും ഭേദമെന്ന് അന്നേ മനസിൽ ഉറച്ചതാണ്. പക്ഷെ ശപഥമൊക്കെ തിരുത്താൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ധാരാളമുണ്ട്. പക്ഷെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വച്ച് ഇപ്പോൾ ഈ യാത്ര നടക്കുമെന്നു തോന്നുന്നില്ല.

വീട്ടിൽ ഭാര്യ ശ്യാമളയോട് ഈ പുതിയ വിസാക്കാര്യം ബാലചന്ദ്രൻ ചർച്ച ചെയ്തു. ഇരുന്നും നടന്നും രാത്രി തിരിഞ്ഞുമറിഞ്ഞും കിടന്നിട്ടും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നേരം വെളുപ്പിക്കാനല്ലാതെ ഇരുപത്തയ്യായിരം രൂപാ സംഘടിപ്പിക്കുവാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. ഒരുമാതിരി സ്വാതന്ത്ര്യമുള്ളവരോടൊക്കെ ശ്യാമള ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ ബാലചന്ദ്രൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇനിയും ചിലർക്ക് വാങ്ങിയ പണം മടക്കി നൽകാനുമുണ്ട്. ബാലചന്ദ്രൻ കൂലിവേല ചെയ്തുണ്ടാക്കുന്ന പണമല്ലാതെ മറ്റൊരു വരുമാ‍നവുമില്ലല്ലോ. ശ്യാമളയുടെ വീട് പട്ടിണിക്കുതുല്യമാണ്. അവിടെ ആരോടും ചോദിക്കുവാനില്ല. പിന്നെയുള്ളത് ബാലചന്ദ്രന്റെ ബന്ധുജനങ്ങളാണ്. അവരിൽ മിക്കവാറും എല്ലാവരും നല്ല കാശുകാരായിട്ടുണ്ട്. സർക്കാർ ജോലിയുള്ളവർ, ഗൾഫുകാർ ഒക്കെ. പക്ഷെ അവരെയൊന്നും അങ്ങോട്ടു ചെന്ന് ബുദ്ധിമുട്ടിയ്ക്കുവാൻ ബാലചന്ദ്രൻ പോകാറില്ല. രണ്ടുമാസക്കാലം തന്റെ ഭാര്യ കാലൊടിഞ്ഞ് ആശുപത്രിയിലായിരുന്നിട്ട് എന്തെങ്കിലും ഒരു സഹായം ആരിൽ നിന്നും ലഭിച്ചിട്ടില്ല. പലരും ഒന്നു തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല. എന്നാൽ അവരിൽ പലരുടെയും വീട്ടിൽ കൂലിവേലകൾ ചെയ്യുന്നതാണ് ബാലചന്ദ്രൻ.

ബന്ധുക്കളുടെയൊക്കെ വീട്ടിൽ ശ്യാമളയും മിക്കപ്പോഴും ചെന്ന് പ്രതിഫലേച്ഛകൂടാതെ തന്നെ ചില്ലറ ജോലികളൊക്കെ ചെയ്തുകൊടുത്തിരുന്നു. അതിനൊന്നും കൂലിപറഞ്ഞ് പണം പറ്റിയിരുന്നില്ല. വിശേഷ ദിവസങ്ങൾ വല്ലതുമുണ്ടെങ്കിൽ അവരൊക്കെ ശ്യാമളയെ പ്രത്യേകം ക്ഷണിക്കാറുണ്ടായിരുന്നു. സ്നേഹം കൊണ്ടല്ല, വല്ല ജോലിയും ചെയ്യുമല്ലോ എന്നു കരുതിയാണ്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ശ്യാമള ബന്ധു വീടുകളിൽ ചെന്ന് സഹായിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ സഹായിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന് മനസിൽ വിചാരിച്ചിട്ടുകൂടിയാണ് ശ്യാമള ഈ സഹായമൊക്കെ പോയി ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിൽ എന്തു പ്രശ്നമുണ്ടായാലും അവരിൽ ആരിൽനിന്നും ആളായിട്ടോ പണമായിട്ടോ ഒരു പിടി അരിയായിട്ടോ ഒരു സഹായങ്ങളും ലഭിക്കില്ലെന്നതിന് പലപല അനുഭവങ്ങൾ ഉണ്ടായിട്ടും ശ്യാമള ബന്ധുവീടുകളിൽ പോയി പല ജോലികളും ചെയ്തുവന്നു. ചിലപ്പോൾ എന്തെങ്കിലും ആരെങ്കിലും കൊടുത്താലായി. ഇല്ലെങ്കിലില്ല. ബാലചന്ദ്രനും മിക്കവാറും ജോലിയ്ക്ക് പോയിരുന്നത് കൂടുതലും ബന്ധു വീടുകളിലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും കൂടുതൽ ആത്മാർത്ഥമായും ബാലചന്ദ്രൻ പറമ്പുകളിൽ പണിയെടുത്തിരുന്നു. എന്നാൽ അതുകൊണ്ട് കൂടുതലെന്തെങ്കിലും പ്രയോജനമൊട്ട് ഉണ്ടായിരുന്നുമില്ല. നാട്ടുകാരാണെങ്കിൽ ബന്ധുക്കളേക്കാൾ പരിഗണന ബാലചന്ദ്രനു നൽകിയിരുന്നു.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ ഒരു വലിയച്ഛനായി വരും. റബറും തേങ്ങയുമൊക്കെ ഉള്ള ഒരു കർഷക മുതലാളി. മക്കൾ മൂന്നുപേർ ഗൽഫിൽ പോയി വലിയ സമ്പാദ്യക്കാരായതോടെ ചന്ദ്രദാസൻ മുതലാളിയുടെ പ്രതാപം കുറച്ചുകൂടി വർദ്ധിച്ചു. മുതലാളിപ്പട്ടം കുറച്ചുകൂടി സ്ട്രോങ്ങായി. ചന്ദ്രദാസൻ മുതലാളിയുടെ പറമ്പിലെ പണിയെല്ലാം ബാലചന്ദ്രന്റെ മേൽനോട്ടത്തിലാണ് നടക്കാറ്. ശ്യാമളയും അവിടെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്. വല്ലതും തിന്നാൽ കിട്ടിയാലായി. വല്ലപ്പോഴുമൊക്കെ പത്തോ നൂറോ രൂപാ ആവശ്യമായി വന്നാൽ ചന്ദ്രദാസിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയിൽ നിന്ന് കടം വാങ്ങാറുണ്ട് എന്നതിലപ്പുറം ബാലചന്ദ്രന്റെ വീട്ടിൽ നിന്നും അവർക്ക് വലിയ അലോസരമൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ അധികം താമസം വരാതെ മടക്കിനൽകാറുമുണ്ട്. എപ്പോഴും അവർ നല്ല സഹകരണത്തിലുമായിരുന്നു. ബലചന്ദ്രന്റെ മക്കളും ചന്ദ്രദാസിന്റെ ചെറുമക്കളുമൊക്കെ നല്ല ചങ്ങാത്തക്കാരാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.

ചന്ദ്രദാസൻ മുതലാളിയുടെ ഒരേയൊരു മകളും ഭർത്താവും ഗൾഫിലാണ്. മകളുടെ രണ്ട് പെണ്മക്കൾ ചന്ദ്രദാസിന്റെ വീട്ടിൽത്തന്നെ ഉണ്ട്. ആ ചെറുമക്കളിൽ മൂത്തവൾ ഒരുത്തി എം.ബി എയ്ക്കും മറ്റൊരുത്തി എഞ്ചിനീയറിംഗിനും പഠിക്കുന്നുണ്ട്. ആണ്മക്കളിൽ ഒരാളുടെ ഭാര്യയും രണ്ട് മക്കളും ചന്ദ്രദാസിന്റെ വീട്ടിൽതന്നെ. ഒരു മകൻ കുടുംബമായിത്തന്നെ അബൂദാബിയിൽ ആണ്. അവിവാഹിതനായ ഒരു മകൻ കൂടി ഗൽഫിൽ ഉണ്ട്. ചന്ദ്രദാസിന്റെ കുടുംബത്തിനു വേണമെങ്കിൽ ബാലചന്ദ്രന്റെ കുടുംബത്തെ കൈപിടിച്ചുയർത്താം. പക്ഷെ അത്രയൊന്നും കുടുംബസ്നേഹം ഉണ്ടായില്ല എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ചന്ദ്രദാസിന്റെ ചെറുമക്കളൊക്കെ അല്പം സഹജീവീയ സ്നേഹം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബാലചന്ദ്രന്റെ മക്കൾക്ക് മുതിർന്നവർ അറിയാതെ ചില ചില്ലറ സഹായങ്ങളും വാത്സല്യവും ഒക്കെ അവരിൽ നിന്നും ലഭിച്ചിരുന്നുതാനും.

നേരം പുലർന്നപ്പോൾ ബാലചന്ദ്രനും ഭാര്യ ശ്യാമളയും കൂടി ഒരു തീരുമാനത്തിൽ എത്തി.ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും എക്കാലവും ജീവിക്കാൻ കഴിയില്ലല്ലോ. അഭിമാനം മാത്രം നോക്കിയിരുന്നാൽ ജീവിതത്തിൽ വരാനിരിക്കുന്ന പല സൌഭാഗ്യവും നഷ്ടപ്പെട്ടും പോകും. അല്പം അഭിമാനം പോയാലും വേണ്ടില്ല. കൈയ്യിൽ വന്ന അവസരം പാഴാകാതിരിക്കാൻ ആകെകൂടി കണ്ട ഒരു വഴി; അതൊന്നു ശ്രമിക്കാമെന്നു കരുതി. മറ്റൊന്നുമല്ല. ചന്ദ്രദാസൻ വലിയച്ഛനോട് ഇരുപത്തയ്യായിരം രൂപാ കടം ചോദിക്കുക. മറ്റാരുമല്ലല്ലോ. വകയിലാണെങ്കിലും വലിയച്ഛനാണല്ലോ? അവർ അത് അത്ര അങ്ങോട്ട് അംഗീകരിക്കുന്നില്ലെങ്കിലും! ഭാര്യ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്. ബാക്കി പതിനയ്യായിരം ശശികുമാർ ഒരു പലിശക്കാരനിൽ നിന്നും വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിട്ടുള്ളതുമാണ്. മടിച്ചു മടിച്ചാണെങ്കിലും ബാലചന്ദ്രൻ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു. ഇന്നും കൂടി സമയമുണ്ടല്ലോ. എന്തായാലും രാത്രി പോയി ചോദിച്ചാൽ മതിയെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ രാവിലെ പണിസ്ഥലത്തേയ്ക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് കുളിച്ച് വൃത്തിയായി ചന്ദ്രദാസൻ മുതലാളിയുടെ വീട്ടിലേയ്ക്ക് പോയി.

അവിടെ ചന്ദ്രദാസിന്റെ വീട്ടിൽ എല്ലാവരും സകുടുംബം റ്റി.വി കണ്ട് ഉല്ലസിച്ചിരിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ അത്ര പതിവില്ലാത്ത രാത്രിസന്ദർശനം. അതുകൊണ്ടുതന്നെ വല്ല വിശേഷവും കാണുമെന്നു കരുതി റ്റി.വി.യുടെ വോളിയം കുറച്ചു. അല്പനേരം കുശലപ്രശ്നത്തിനുശേഷം ബാലചന്ദ്രൻ കാര്യം അവതരിപ്പിച്ചു. പറഞ്ഞുവരുന്നത് കാശിന്റെ ആവശ്യത്തിലേയ്ക്കാണെന്ന് മനസിലായപ്പോൾ ചന്ദ്രദാസൻ വലിയച്ഛന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയുടെയും മുഖം വാടിവരുന്നത് ബാലചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഇരുപത്തയ്യായിരം രൂപാ കടം ചോദിച്ചതും കണവൻ കണവിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പസമയം ആ മുറിയിലാകെ ഒരു നിശബ്ദത ഉരുണ്ടുകൂടി. ഇരുപത്തയ്യായിരം രൂപാ കടം കൊടുത്താൽ അത് തിരിച്ചു കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചല്ലാതെ അതുംകൊണ്ടു പോയി രക്ഷപെട്ട് തങ്ങളുടെ കടവും വീട്ടി നല്ല സമ്പാദ്യക്കാരനായി ബാലചന്ദ്രൻ മടങ്ങി വരുന്നതിനെ പറ്റിയോ ബാലചന്ദ്രന്റെ കൊച്ചുകുടുംബം രക്ഷപ്പെടുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള വിശാല മനസ്കത ചന്ദ്രദാസൻ മുതലാളിയുടെ മനസിൽ അപ്പോൾ ഉണ്ടായില്ല.

ചന്ദ്രദാസും ഭാര്യയും ആണ് വീട്ടിലെ സർവ്വാധികാര്യക്കാർ. അവരുടെ തീരുമാനമാണ് വലുത്. ചന്ദ്രദാസന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയല്ലാതെ യഥാർത്ഥത്തിൽ ഭാര്യയ്ക്കും മറ്റ് സ്വതന്ത്ര ചുമതലകളൊന്നുമില്ല. എങ്കിലും പേരിനു വേണ്ടി ചന്ദ്രദാസ് എല്ലാം ലക്ഷ്മിക്കുട്ടിയോട് ഒന്ന് ആലോചിച്ചെന്നു വരുത്തും. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രദാസൻ മുതലാളിയുടെ ധനകാര്യമന്ത്രി ലക്ഷ്മിക്കുട്ടിയാണെന്ന മട്ടിൽ അവരോട് ചോദിച്ചു;

“വല്ലനിവൃത്തിയുമുണ്ടോ ലക്ഷ്മിക്കുട്ടീ” എന്ന്!

മറ്റാരുടെയെങ്കിലും കാര്യമായിരുന്നെങ്കിൽ ഇപ്പോൾ ഒരു രക്ഷയുമില്ലെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറയാനുള്ള പരിശീലനം ചന്ദ്രദാസിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ലഭിച്ചിട്ടുള്ളതാണ്. പക്ഷെ ഇത് ബന്ധുവും അയൽ വാസിയും സഹായിയുമായ ബാലചന്ദ്രന്റെ കാര്യമായതുകൊണ്ട് ലക്ഷ്മിക്കുട്ടി അല്പം ഒഴിഞ്ഞു മാറിയത് ഭർത്താവിനെ വെട്ടിലാക്കി.

“കാശുണ്ടോ ഇല്ലയോ എന്നൊക്കെ എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ പറയും? നിങ്ങൾക്കല്ലേ അറിയൂ“

എന്ന് പറഞ്ഞ് ലക്ഷ്മിക്കിട്ടിയമ്മ തലയൂരി. ഇപ്പോൾ റബ്ബർവെട്ട് മുടങ്ങിക്കിടക്കുന്നതിനാൽ കൈയ്യിൽ കാശൊന്നുമില്ലെന്നും ഇനി അടുത്ത ഒഴി തേങ്ങായിടുമ്പോൾ വല്ല കാശോ കൈയ്യിൽ വന്നാലായി എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞൊഴിയാൻ ചന്ദ്രദാസൻ മുതലാളിയ്ക്ക് പ്രയാസമൊന്നുമുണ്ടായില്ല.

“തീരെയില്ലാത്തതുകൊണ്ടാണ്. മറ്റൊന്നും വിചാരിക്കരുത്. മറ്റെന്തെങ്കിലും മാർഗ്ഗം നോക്കൂ ബാലാ!” എന്ന് പറഞ്ഞ് ബാലചന്ദ്രനെ ഒഴിവാക്കുകയായിരുന്നു “നിർദ്ധനനായ” ചന്ദ്ര(ധന)ദാസൻ വലിയച്ഛൻ മുതലാളി!

പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അല്പം ചില നല്ലവാക്കുകളും കുശലങ്ങളുമൊക്കെ പറഞ്ഞ് ബാലചന്ദ്രൻ വീട്ടിലേയ്ക്ക് മടങ്ങി. ഭാര്യയോട് വലിയച്ഛൻ മുതലാളിയുടെ ദാരിദ്ര്യാവസ്ഥ പറഞ്ഞ് അവർ ഒന്നു ചിരിക്കുകമാത്രം ചെയ്തിട്ട് ഒന്നും സംഭവികാത്തതുപോലെ ഭാര്യയും മക്കളുമായി ഉള്ളതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

ബാലചന്ദ്രൻ പോയിക്കഴിഞ്ഞതും ചന്ദ്രദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പതിവില്ലാതെ ചില അഭിപ്രായ സംഘർഷങ്ങൾ ഉണ്ടായി. അതിനു മുഖ്യ ഹേതുവായത് പേരക്കുട്ടി (ഒരേയൊരു മകൾ അബുദാബിയിലുള്ളവളുടെ മൂത്തമകൾ) എം.ബി.എ വിദ്യാർത്ഥിനി സുബിനയുടെ വാക്കുകൾ;

“ബാലൻ മാമന് രക്ഷപ്പെടാനൊരവസരം വന്നതാണ്. ഒന്നു സഹായിക്കാമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. ഇവിടെ വന്ന് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നതാണവർ. ഇത്രയൊന്നും പിശുക്കത്തരം കാണിക്കരുത്. ഒന്നുമില്ലെങ്കിലും ഇന്നലെ അമ്മ നമുക്കെല്ലാം ഡ്രസ്സ് വാങ്ങാനെന്നുമ്പറഞ്ഞ് അയച്ച അൻപതിനായിരം രൂപ ഉണ്ടായിരുന്നില്ലേ കയ്യിൽ? ഡ്രസ്സ് ഒക്കെ ആവശ്യത്തിനിപ്പോൾ എല്ലാവർക്കും ഉണ്ട്. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കില്ല ഇവിടുള്ളവർ”.

അല്പം തുറന്നുതന്നെ ചെറുമകൾ സുബിന അങ്ങനെയൊക്കെയങ്ങ് പറഞ്ഞു.

“ഈ പണമൊന്നും കടം കൊടുത്താൽ പിന്നെ ചിലപ്പോൾ തിരിച്ചുകിട്ടിയെന്നു വരില്ല” എന്ന ചന്ദ്രദാസൻ മുതലാളിയുടെ മറുപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. വീട്ടിലെ മറ്റ് അന്തേവാസികളായ കുഞ്ഞുകുട്ടിയടക്കം മറ്റു ചെറുമക്കളും മരുമകളും എല്ലാം കൂടി മൂത്തപേരക്കുട്ടി സുബിനയ്ക്ക് പിന്തുണയുമായി ശബ്ദമുയർത്തി.

“മറ്റാരുമല്ലല്ല്ലോ. ഒന്നുമല്ലെങ്കിലും രക്തബന്ധമല്ലേ? ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു. ഒരു പക്ഷെ ഈ നമ്മൾ കൊടുക്കുന്ന പണം കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടാൽ ആ നന്ദി അവർക്കെന്നും ഉണ്ടാകില്ലേ? ആവശ്യത്തികധികമുള്ള ഈ പണമൊക്കെകൂടി കെട്ടിപ്പൊതിഞ്ഞു വച്ചിട്ട് എന്തുകാര്യം? എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി വല്ലപ്പോഴും ചെയ്യണം”

എന്നിങ്ങനെയെല്ലാമുള്ളതായിരുന്നു ആ വീട്ടിലെ യുവതലമുറയുടെ ഐകകണ്ഠമായ അഭിപ്രായഗതികൾ. ഒടുവിൽ ഗൃഹനായികയായ ചന്ദ്രദാസി അഥവാ ലക്ഷ്മിക്കുട്ടിയും യുവതയുടെ പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നമട്ടിൽ ചന്ദ്രദാസൻ മുതലാളി പ്രഖ്യാപിച്ചു;

“നിങ്ങളെല്ലാംകൂടി എന്നെയും ദയാലുവാക്കി. ഏതായാലും നേരം വെളുക്കട്ടെ. ഞാൻ കൊണ്ടുകൊടുക്കാം. ഇനിയിപ്പോൾ എനിക്കുമാത്രം ദയയും സഹാനുഭൂതിയുമൊന്നും ഇല്ലെന്നുവേണ്ട”.

കുടുംബനാഥന്റെ ഈ പ്രഖ്യാപനം മറ്റുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിലെ സഹജീവീയ സ്നേഹമില്ലാത്ത, അറുപിശുക്കനായ ഒരു സ്വേച്ചാധിപതിയ്ക്കെതിരെ യുവതലമുറ നേടിയ രക്തരഹിതമായ വിപ്ലവം!

പിറ്റേന്ന് ഇരുപത്തയ്യായിരം രൂപയുമായി ചന്ദ്രദാസൻ മുതലാളി നിറഞ്ഞമനസോടെ തന്റെയൊരു വെറും കൂലിക്കരൻ മാത്രമല്ല, തന്റെ സ്വന്തം പുത്രന്മാർക്ക് തുല്യമായി കരുതേണ്ട ബലചന്ദ്രന്റെ വീട്ടിലേയ്ക്ക് പോയി. കടമായിട്ടല്ല ചുമ്മാതന്നെ ഇരുപത്തയ്യായിരം രൂപാ നൽകാൻ തന്നെയായിരുന്നു തീരുമാനം. ബാക്കി പതിനയ്യായിരം രൂപ ശശികുമാർ മുഖാന്തരം പലിശയ്ക്കെടുക്കേണ്ടെന്നും അത് ഇപ്പോൾ വീട്ടിൽ കൂടെയുള്ള മരുമകൾ ഭർത്താവിന്റെ അനുമതിയോടെ കൊടുത്തുകൊള്ളാമെന്ന സന്ദേശവും കൂടി നൽകാനുമുണ്ടായിരുന്നു മുതലാളിയ്ക്ക്. പക്ഷെ അത് ബാങ്കിൽ പോയി എടുത്തുവരണം. ഉച്ചയ്ക്കു മുമ്പ് പണം എത്തും.

പക്ഷെ ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ഭര്യമാത്രമേ അവിടെ ഉള്ളൂ. ബാലചന്ദ്രൻ രാവിലെ തന്നെ പതിവുപോലെ മൺവെട്ടിയും കുന്താലിയും വെട്ടുകത്തിയുമെക്കെ എടുത്ത് ഭാര്യയിൽ നിന്ന് പൊതിച്ചോറും വാങ്ങി ഏതോ പാടത്തോ പറമ്പിലോ പണിയ്ക്കുപോയി. മക്കൾ സ്കൂളിലും പോയി. ബാലചന്ദ്രന്റെ ഭാര്യ ശ്യാമള യാതൊരു വിരോധഭാവവുമില്ലാതെ സന്തോഷപൂർവ്വം അദ്ദേഹത്തെ കയറി ഇരിക്കാൻ പറഞ്ഞു. വന്ന കാര്യം അന്വേഷിച്ചു. കടം ചോദിച്ച കാശുമായി വന്നതാണെന്നും പതിനയ്യായിരം രൂപാ മരുമകൾ കൂടി നൽകുമെന്നും മുതലാളി അറിയിച്ചു. പെട്ടെന്ന് അല്പമാത്രം മ്ലാനമായ മുഖത്തോടെ ശ്യാമള മറുപടി പറഞ്ഞു;

“ചേട്ടൻ പണിയ്ക്കു പോയി. കാശ് സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആ വിസ വേണ്ടെന്ന് ഇന്നലെത്തന്നെ ശശിയണ്ണനെ അറിയിച്ചു. മേശൻപണിയ്ക്ക് പോകുന്ന നമ്മുടെ അടുത്ത വീട്ടിലെ ശംഭുമാമന്റെ മകൻ ഷിബുക്കുട്ടന് ആ വിസ നൽകാൻ ഏർപ്പാടുമാക്കി. ആ ചെറുക്കൻ അതിന്റെ ഏർപ്പാടുകളുമായി രാവിലെതന്നെ പോയിക്കാണണം. ബാലേട്ടൻ തന്നെയാണ് ബന്ധപ്പെടുത്തിക്കൊടുത്തത്. നമ്മട അയൽ വാസികളല്ലേ? അവരെങ്കിലും രക്ഷപെടട്ടെ! ഇനിയിപ്പോ രൂപാ തന്നിട്ട് കാര്യമില്ല”.

ജീവിതത്തിലാദ്യമായി ഒരു നല്ലകാര്യം ചെയ്യാമെന്നു വിചാരിച്ച ചന്ദ്രദാസൻ മുതലാളി നിരാശയോടെയാണോ സന്തോഷത്തോടെയാണോ മടങ്ങിയതെന്ന അന്വേഷണവുമായോ, അദ്ദേഹത്തിന്റെ കുടുംബത്തിൽ പിന്നെ ഈ വിഷയത്തിൽ എന്തു ചർച്ച നടത്തിയെന്നോ അതിന്റെ അനന്തര ഫലം എന്തായെന്നോ ഉള്ള അന്വേഷണവുമായി ഈ കഥ ഇനി നീട്ടിക്കൊണ്ടുപോകുന്നില്ല! ബാക്കി വായനക്കാരുടെ ഭാവന പോലെ ആകട്ടെ!

മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്


മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്


പുതുപ്പള്ളിയിൽ ആരോ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീട് ആക്രമിച്ചു. രാത്രിയുടെ മറവിലായിരുന്നുവത്രേ ആക്രമണം. സി.പി.ഐ (എം) പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അറിയിച്ചു. കോൺഗ്രസ്സിലെതന്നെ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.ഐ.എം ആരോപിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പ്. എന്തെങ്കിലും ഗൌരവമേറിയ വിഷയമുണ്ടെങ്കിൽത്തന്നെ സി.പി.ഐ.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റി പോലും മുഖ്യമന്ത്രിയുടെ വീടാക്രമിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെയെന്നല്ല, ആരുടെയും വീട് ആക്രമിക്കുവാൻ പാർട്ടിനേതാക്കൾ ആഹ്വാനം ചെയ്യില്ല. ഇനി അഥവാ ഏതെങ്കിലും സി.പി.ഐ.എം അനുഭാവികളാണ് ഈ വീടാക്രമണത്തിനു പിന്നിലെങ്കിൽതന്നെ ഇതിനു ന്യായീകരണവുമില്ല. സി.പി.ഐ.എമ്മിൽ അംഗത്വമുള്ളവർ ഇതിനു പിന്നിലുണ്ടെങ്കിൽ അവർക്ക് പാർട്ടിനടപടി ഉറപ്പ്. പക്ഷെ മനസിലാക്കിയേടത്തോളം സി.പി.ഐ.എമ്മിന് ഈ വിഷയവുമായി ബന്ധമൊന്നുമില്ല.

മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചവർ ആരായാലും അവർ വെറും ക്രിമിനലുകളാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകർ സംസ്കാര ശൂന്യമായ ഈ ഒരു പ്രവൃത്തി ചെയ്യുമെന്നു കരുതാനാകില്ല. അഥവാ ചെയ്താൽ അത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതാനും കഴിയില്ല. സി.പി.ഐ.എമ്മുകാരോ കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മുസ്ലിം ലീഗുകാരോ ആരും ഒരിക്കലും എവിടെയും ആരുടെയും വീട് കയറി ആക്രമിച്ചിട്ടില്ലാത്തവരാണെന്നൊന്നും അവകാശപ്പെടുന്നില്ല. അത്തരം ആക്രമണങ്ങൾക്ക് എന്തായാലും ന്യായീകരണവുമില്ല. വീട് ഒരു വ്യക്തിയുടെ അവസാനത്തെ അഭയസ്ഥാനമാണ്. അക്രമം തന്നെ ശരിയല്ലെന്നിരിക്കെ വീട് കയറി ആക്രമണം നടത്തുന്നത് അപരാധത്തിന്മേൽ അപരാധമാണ്. വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലുള്ള അക്രമങ്ങളും ആരും നടത്താൻ പാടുള്ളതല്ല. എന്നു വച്ചാൽ മറ്റുള്ള സ്ഥലങ്ങളിൽ അക്രമം ആകാമോ എന്ന് ചോദിക്കേണ്ടതില്ല. അക്രമമേതും ശരിയല്ലതന്നെ. അക്രമത്തിന്റെ സ്വഭാവം, അക്രമം നടത്തുന്ന സ്ഥലം എന്നിവ കൂടി കണക്കിലെടുത്താണ് അക്രമത്തിന്റെ ഗൌരവം കോടതി പോലും കണക്കാക്കുന്നത്. കുറ്റത്തിന്റെ ഗൌരവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. സാധാരണ അടിപിടിക്കേസും വീടാക്രമണവും ആശുപത്രിയിൽ കയറിയുള്ള ആക്രമണവും ഒരുപോലെ കാണാറില്ല. അടി, വെട്ട്, കുത്ത്, വെടി, ബോംബ് ഇവയെല്ലാം വകുപ്പുകൾ വേറെവേറെയാണ്.

ഇവിടെ സാക്ഷാൽ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇത് ഏത് സാഹചര്യത്തിലായാലും ഗൌരവമേറിയ പ്രശ്നമാണ്. എന്നാൽ ചോദിക്കും മുഖ്യമന്ത്രിയുടെ വീടായതുകൊണ്ടാണോ ഗൌരവം വർദ്ധിക്കുന്നതെന്ന്. മറ്റുള്ളവരുടെ വീടുകൾ ആക്രമിക്കാമോ എന്ന്. ആരുടെ വീടും ആക്രമിക്കാൻ പാടുള്ളതല്ലതന്നെ. എന്നാൽ മുഖ്യമന്ത്രിയുടെ വീട് പോലും ആക്രമിക്കുവാൻ ഇവിടെ ആളുകളുണ്ട് എന്ന അറിവ് അത്ര സുഖകരമായ ഒരറിവല്ല. ഒരു മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷിതത്വമില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഒരു മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അറിയാത്തവരായിരിക്കില്ല ഈ അക്രമികൾ; അവർ ആരായാലും! അക്രമത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും റിസ്ക്ക് ഏറ്റെടുക്കുവാൻപോന്ന ക്രിമിനലുകൾ ഇവിടെ ഉണ്ട് എന്ന അപ്രിയ സത്യത്തിന്റെ ഗൌരവത്തിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികമായ മനസുള്ളവർ ഈ സമൂഹത്തിൽ എങ്ങനെ വളർന്നു വരുന്നു എന്നത് ഗൌരവപൂർവ്വം ചിന്തിക്കേണ്ടതാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇത്തരം ക്രിമിനലുകളും തീവ്രവാദികളും മറ്റും ഉണ്ടാകുന്നതിന് പല സാഹചര്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അത്തരം അക്രമങ്ങളും തീവ്രവാദപ്രവർത്തനങ്ങളും കേരളം പോലെ ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്ന ഒരു സംസ്ഥാനത്തുകൂടി വളർന്നു വരുന്നു എന്ന് മനസിലാക്കുമ്പോൾ കേരളവും ജീവിതത്തിന് അത്ര സുരക്ഷിതത്വമുള്ള ഒരു സ്ഥലമൊന്നുമല്ലെന്ന തിരിച്ചറിവ് ഭയാശങ്കകളോടെ നമ്മളെ ബാധിക്കുന്നു. തീർച്ചയായും ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി കണ്ട് നിസാരവൽക്കരിക്കുന്നത് ഭൂഷണമായിരിക്കില്ല. തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും അക്രമംകൊണ്ട് നേരിടുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. ജനാധിപത്യബോധവും സഹിഷ്ണുതയും വളർത്തിയേടുക്കുന്ന കാര്യത്തിൽ കേരളം തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു!

സമരം അമേരിക്കയിലും

സമരം അമേരിക്കയിലും

സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ഒന്നുമില്ലാത്ത ഒരു നാട് പുലരണമെന്നാണല്ലോ നമ്മുടെ നാട്ടിൽ ചില കപട അരാഷ്ട്രീയ വാദികളുടെ സ്വപ്നം. കപട അരാഷ്ട്രീയ വാദികൾ എന്നുതന്നെ പറയാൻ കാരണം പിന്നെ വിശദീകരിക്കാം. മുതലാളിത്തസ്ഥാപനത്തിനുശേഷം വലിയ സമരങ്ങൾ ഒന്നും സാധാരണമല്ലാത്ത രാജ്യങ്ങളാണ് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ. നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളും വലതുപക്ഷ രാഷ്ട്രീയക്കാരും പ്രലോഭനബുദ്ധ്യാ ചൂണ്ടിക്കാണിക്കാറുള്ളതാണ് ഈ മുതലാളിത്തവ്യവസ്ഥിതികളെയും അവയുടെ ആകർണ ഘടകങ്ങളെയും. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ഉള്ള എതിർപ്പ് പ്രകടിപ്പിക്കുവാനാണ് സത്യത്തിൽ ഇവർ ഈ മുതലാളിത്ത ‘മാതൃകകൾ‘ ചൂണ്ടിക്കാണിക്കുന്നത്. മുതലാളിത്തത്തിന്റെ നിലനില്പും വളർച്ചയും ശാശ്വതസ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇക്കൂട്ടർ അംഗീകരിക്കുയുമില്ല. ഈ മുതലളിത്ത രാഷ്ട്രങ്ങളിൽ അവർ കാണുന്ന വലിയൊരു നേട്ടം സമരങ്ങളില്ലാത്തതാണ്. പ്രത്യേകിച്ചും തൊഴിൽ സമരങ്ങൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലൊക്കെത്തന്നെ ചെറുതും വലുതുമായ സമരങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണു സത്യം. പുറത്ത് അധികമാരും അറിയുന്നില്ലെന്നു മാത്രം.

എന്നാൽ ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പൊട്ടിത്തെറികൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിക്കാൻ വേണ്ടി ഇപ്പോൾ അവിടെ നടക്കുന്ന പ്രഷോഭത്തിന് യുറോപ്യൻ രാഷ്ട്രങ്ങൾ അടക്കം നിരവധി രാഷ്ട്രങ്ങളിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളാണ് തൊണ്ണൂറ്റൊൻപത് ശതമാനം എന്ന പ്രഖ്യാപനവുമായിട്ടാണ് അമേരിക്കയിലെ സാധാരണ ജനങ്ങൾ സമരം ചെയ്യുന്നത്. മുതലാളിത്ത- ഉദാരവൽക്കരണനയങ്ങളുടെ ദുരന്തം പേരുന്ന സധാരണക്കാരും തൊഴിലളികളുമാണ് അവിടെ പ്രക്ഷോഭം നടത്തുന്നത്. ഇന്നല്ലെങ്കിൽ നളെ അവിടെയൊക്കെ ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ. ഈയിടെ അവിടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയുമായും അമേരിക്കൻ ജനതയുടെ ഈ പ്രക്ഷോഭങ്ങളെ കൂട്ടിവായിക്കണം. അമേരിക്കയെന്നാൽ സ്വർഗ്ഗമെന്ന് ധരിച്ചു വരുന്നവർക്ക് കേൾക്കാനത്ര സുഖമുള്ള വാർത്തകളായിരിക്കില്ല അവിടെ നിന്നും ഇനിവരുന്നത്. യൂറോപ്പിലേതടക്കം മറ്റ് മുതലളിത്ത രാഷ്ട്രങ്ങളിലും സമാനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഞാൻ പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളെക്കുറിച്ചാണല്ലോ. അവരിൽ വലിയൊരു പങ്ക് യഥാർത്ഥത്തിൽ അരാഷ്ട്രീയ വാദികൾ ഒന്നുമല്ല. വലതുപക്ഷ രാഷ്ട്രീയമുള്ളവർ ആണ്. അത് ഉളുപ്പില്ലാതെ പുറത്തുപറയാൻ മടിക്കുന്ന ചിലർ അരാഷ്ട്രീയതയുടെ മൂടുപടം ധരിക്കുന്നു. ശരിക്കും അവർ ഇടതുപക്ഷവിരുദ്ധർ ആണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ കണക്കാണെന്ന് അക്കൂട്ടർ പറയും. സത്യത്തിൽ വലതുപക്ഷത്തെ ന്യായീകരിക്കുവാനാണ് അവർ അങ്ങനെ പറയുന്നത്. കമ്മ്യൂണിസത്തിന് പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും താരതമ്യം ചെയ്ത് രണ്ടും ഒരുപോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർ ഏത് അളവുകോലിലൂടെ അളന്നാലും ഇടതും വലതും ഒരുപോലെയാകില്ല. മുതലാളിത്തം കമ്മ്യൂണിസത്തെക്കാൾ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയുമാകില്ല.

കേരളത്തിൽ സമരങ്ങളും ഹർത്താലുകളും പണിമുടക്കുകളും കാരണം ഇറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ഞാൻ ഈ പറഞ്ഞ അരാഷ്ട്രീയമുഖംമൂടിക്കാരും വലതുപക്ഷ ചിന്താഗതിക്കാരും പറഞ്ഞുപോരുന്നുണ്ട്; സമരങ്ങളും പ്രതിഷേധങ്ങളും അധികം നടത്തുന്നത് ഇടതുപക്ഷക്കാരായിരിക്കുക സ്വാഭാവികമായിരിക്കുമല്ലോ. അതിന്റെ അസ്വാരസ്യമാണ് അവർ ഈ പ്രകടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം സമരവിരോധമായി പുറത്തുവരുന്നുവെന്നു മാത്രം. അവർക്ക് സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്ത നാട് പുലരണം. മുതലാളിത്തത്തിലും ചൂഷണത്തിലും ബഹുവിധ അസമത്വങ്ങളിലും ഭരണകൂടദുഷ്ചെയ്തികളിലും അധിഷ്ഠിതമായിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ തങ്ങൾക്ക് കുറച്ചുപേർക്ക് താരതമ്യേന അല്പം മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ ഉണ്ട് എന്ന് കരുതി പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമൊന്നുമില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇനിയിപ്പോൾ അമേരി

ആരു ഭരിച്ചാലും കണക്കാണോ?


ആരു ഭരിച്ചാലും കണക്കാണോ?


സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.

ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!

ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!

കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ

ജയകൃഷ്ണന്‍ നരിക്കുട്ടി


ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം

Thursday, October 13, 2011

സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?


സി
.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?

ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി. എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി. എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി. എം വിരുദ്ധ പ്രചരണങ്ങൾ. സി.പി. എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി. എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി..എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി..എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി..എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽ‌പ്പെടും?

ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി..എം ആകുന്നതാണോ?

ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി. എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി..എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽ‌പ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി..എം കാരൻ ആകുക എന്നത്?

ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി..എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.

ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാ‍അത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി. എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!

Friday, September 16, 2011

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്


കണ്ണൂർ സൈബർമീറ്റ്പോസ്റ്റ് വായിക്കുവാൻ വിശ്വമാനവികം 1-ൽ എത്തുക


http://easajim.blogspot.com/2011/09/blog-post_14.html


ഇപ്പോൾ അത് ഇവിടെയും വായിക്കാം.

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്

(പോസ്റ്റിനു താഴെ ഏതാനും ചിത്രങ്ങളും ഉണ്ട്)

ഓരോ പരിപാടി മുൻകൂട്ടി നിശ്ചയിക്കുമ്പോഴും ആദ്യം ഇട്ട വരുമ്പോൾ എന്തെങ്കിലും അസൌകര്യം വന്ന് അതിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന ഉൾക്കണ്ഠ എന്നെ ബാധിക്കാറുണ്ട്. കണ്ണൂർ സൈബർ മീറ്റിനെ സംബന്ധിച്ചും ഈ ഒരുൾക്കണ്ഠ ഉണ്ടായിരുന്നു.ഭാഗ്യത്തിന് സമയത്ത് മറ്റ് അസൌകര്യങ്ങൾ ഒന്നും വന്നു ചേർന്നില്ല. അങ്ങനെ കണ്ണൂർ സൈബർ മീറ്റിലും എനിക്ക് പങ്കെടുക്കാനായി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ബ്ലോഗ്മീറ്റിലായാലും മറ്റേതൊരു പരിപാടിയിലായിരുന്നാലും പങ്കെടുക്കാൻ എത്തുന്നത് അല്പം താമസിച്ചായാലും പരിപാടി മുഴുവൻ തീർന്നിട്ടേ മടങ്ങുന്ന പതിവുള്ളൂ. എന്നാൽ ഈ മീറ്റിൽ ഞാൻ നേരത്തെ എത്തുകയും നേരത്തേ പോകാൻ നിർബന്ധിതമാകുകയും ചെയ്തു. കാരണം പിറ്റേന്ന് കാലത്ത് ഏഴ് മണിയ്ക്ക് മുമ്പെങ്കിലും വീട്ടിൽ എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് കണ്ണൂർനിന്ന് മടക്കയാത്ര തൂടങ്ങിയാലേ ഈ പറഞ്ഞ സമയത്ത് വീട്ടിലെത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് വളരെ വിഷമത്തോടെയാണെങ്കിലും ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് ഞാൻ മീറ്റിൽ നിന്നും യാത്ര പറഞ്ഞു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മീറ്റ് എങ്ങനെയിരുന്നു എന്നെനിക്കറിയാൻ ഇനി മറ്റാരുടെയെങ്കിലും പോസ്റ്റ് വായിക്കണം. എങ്കിലും എനിക്ക് ഈ മീറ്റിൽ പങ്കെടുക്കുന്നതിനു വേണ്ടി വീട്ടിൽനിന്ന് യാത്ര തിരിക്കുന്നതുമുതൽ മീറ്റിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള അനുഭവങ്ങൾ വച്ച് ഇതുവരെ പങ്കെടുത്ത മറ്റെല്ലാ മീറ്റുകളെക്കുറിച്ച് എഴുതിയിട്ടുള്ളവയെക്കാൾ നല്ലൊരു നെടുനീളൻ പോസ്റ്റ് ഇടാനുള്ള കാര്യങ്ങൾ ഉണ്ട്. എന്നാൽ അത്തരം സാഹസത്തിന് തൽക്കാലം മുതിരണമോ എന്നു തീരുമാനിച്ചിട്ടില്ല്ല.

എന്തായാലും ആദ്യം മീറ്റിനെക്കുറിച്ച് പറയാം. കണ്ണൂർ മീറ്റും അർത്ഥപൂർണ്ണമായി. ഒരു മീറ്റ് എന്നതുകോണ്ട് അർത്ഥമാക്കുന്നത് എന്താണോ ആ അർത്ഥത്തിൽ ഈ മീറ്റും സമ്പൂർണ്ണ വിജയമായിരുന്നു. എന്നാൽ പങ്കാളിത്തം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല എന്നൊരു നിരാശ എല്ലാവരിലും ഉണ്ടായി. അത് വലിയൊരു പങ്കാളിത്തം പ്രതീക്ഷിച്ചതുകൊണ്ട് ഉണ്ടായതാണ്. ആളു കുറഞ്ഞതിന്റെ ഒരു ജാള്ള്യത ജാള്യത സംഘാടകർ ക്ഷമാപണപൂർവ്വം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ സംഘാടകരുടെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല ഈ മീറ്റിൽ ആളുകുറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.കാരണം ഒരു മീറ്റിന്റെ സംഘാടനത്തിന് ആവശ്യമായ ഒരു കാര്യത്തിലും വീഴ്ച വന്നിട്ടില്ല. അറിയിപ്പുകൾ, ഹാൾ, പരസ്യങ്ങൾ, ഉച്ചഭക്ഷണം, താമസ സൌകര്യം ഇതെല്ലാം അതിന്റെ വഴിക്ക് നടന്നു. സംഘാടകർതന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തതുകൊണ്ട് അവർക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചെയ്യേണ്ടതൊക്കെ സംഘാടകർ ചെയ്തു. പക്ഷെ വരാമെന്നു ഉറപ്പിച്ച് പറഞ്ഞവരും വരാനുള്ള സാദ്ധ്യത പറഞ്ഞവരും വരുമെന്ന് കരുതിയതിലും നല്ലൊരു പങ്ക് വന്നില്ല. അത് സംഘാടകരുടെ വീഴ്ചയല്ല. എന്നാൽ ഒരു മീറ്റിന് ആവശ്യമായ പങ്കാളിത്തം ഉണ്ടാകുകയും ചെയ്തു. ഇതുവരെ നേരിൽ കാണാൻ കഴിയാത്ത പല ബ്ലോഗ്ഗർമാരെയും ഈ മീറ്റിൽ വച്ചും എനിക്ക് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇതുവരെ മീറ്റുകളിൽ പങ്കെടുക്കാത്ത പലരും ഈ മീറ്റിൽ ഉണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ പങ്കാളിത്തം ഉണ്ടാകാത്തതിന് മറ്റ് പല കാരണങ്ങളുമാണുള്ളത്. ഒന്ന് ഓണം പോലെയുള്ള പൊതു ആഘോഷ വേളകളിലെ ഏതെങ്കിലുമൊരു അവധി ദിവസം ഇത്തരം പരിപാടികൾ നടത്താൻ ഉചിതമല്ല. കാരണം പലർക്കും ഇത്തരം വേളകളിൽ ഇതുപോലുള്ള പരിപാടികളിൽ വരാൻ അസൌകര്യങ്ങൾ ഉണ്ടാകും. ഞാനും നന്നേ അഡ്ജസ്റ്റ് ചെയ്തിട്ടാണ് മീറ്റിനെത്തിയത്.കണ്ണൂരിൽ നിന്ന് കൂടുതൽ തെക്കോട്ടുള്ളവർക്ക് വലിയൊരു ദൂരം ഈ സമയത്ത് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കും. . തുടർച്ചയായി ഇതിനുമുമ്പ് പല മീറ്റുകൾ പല സ്ഥലത്ത് വച്ച് നടക്കുകയും അതിലെല്ലാം ധാരാളം പേർ പങ്കെടുക്കുകയും ചെയ്തതാണ്. അതുകൊണ്ട് ചിലരെങ്കിലും ഈ മീറ്റിൽ മറ്റ് അസൌകര്യങ്ങൾ കൂടി കണക്കിലെടുത്ത് വരാൻ മടിച്ചിട്ടുണ്ടാകണം. മീറ്റിന്റെ പിറ്റേന്ന് സ്കൂളുകളും ഓഫീസുകളും തുറക്കുന്നതിനാൽ യാത്രയ്ക്കുള്ള തിക്കുംതിരക്കും മടക്കയാത്രയ്ക്ക് പ്രയാസങ്ങൾ ഉണ്ടാക്കും എന്നതും മിറ്റ് കഴിഞ്ഞ് പിറ്റേന്ന് വിദ്യാർത്ഥികൾക്ക് പഠനസ്ഥലങ്ങളിലേയ്ക്കും ജോലിയുള്ളവർക്ക് ജോലിസ്ഥലങ്ങലിലേയ്ക്കും പോകാൻ കഴിയില്ല എന്നതും ചിലരെ സ്വയം ഈ മീറ്റിൽ വരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം. വീടും ജോലി സ്ഥലവും, വീടും പഠന സ്ഥലവും ഒക്കെ തമ്മിൽ ദൂരമുള്ളവർക്ക് ഈ മീറ്റിൽ വരുന്നത് കൊണ്ട് പിറ്റേന്ന് അസൌകര്യങ്ങൾ ഉണ്ടാകുമായിരുന്നിരിക്കണം. പ്രവാസികളിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ ലീവും കിട്ടിയിട്ടുണ്ടാവില്ല. അതൊക്കെക്കൊണ്ടാകാം. പ്രതീക്ഷിച്ച പങ്കാളിത്തം വരാതിരുന്നത്. അതൊക്കെ എന്തെങ്കിലുമാകട്ടെ പറഞ്ഞതിൽ പകുതി പേരും, പറയാത്തവരിൽ ചിലരെങ്കിലും കൂടി വന്ന് മീറ്റ് വൻവിജയമാക്കി. . ആദ്യമേ പറഞ്ഞല്ലോ കൂടുതൽ പേരെ പ്രതീക്ഷിച്ചു എന്നതുകൊണ്ടാണ് ആളെണ്ണത്തിന്റെ കാര്യത്തിൽ ഒരു നിരാശ വന്നത്. അല്ലാതെ മീറ്റിന് തീരെ ആളില്ലാഞ്ഞതല്ല.

എന്നെ സംബന്ധിച്ച് ഈ മീറ്റും വലിയൊരു അനുഭവമായിരുന്നു. മീറ്റുകളിൽ പങ്കെടുത്ത് പങ്കെടുത്ത് ഇനി ഇടയ്ക്കിടെ ഇങ്ങനെ ബ്ലോഗ്ഗർമാരെയും, ബ്ലോഗിനികളെയും നേരിൽ കാണാതെ പറ്റില്ലെന്ന അവസ്ഥ ആയിട്ടുണ്ട്. ഓരോ മീറ്റിലും അതുവരെ നേരിൽ കണ്ടിട്ടില്ലാത്തവരെ നേരിൽ കാണാൻ കഴിയും എന്നതിന്റെ ആവേശം വേറെയും. ബ്ലോഗ് മീറ്റിൽ വന്ന് ക്യാമറകളുമായി പടം പിടിക്കാൻ ഓടി നടക്കുന്നവരുടെ ആവേശവും സന്തോഷവും മറ്റും കണ്ടാൽ മതി ബ്ലോഗ്മീറ്റുകൾ ബ്ലോഗാളികൾക്ക് എത്ര സന്തോഷപ്രദമാണ് എന്ന് മനസിലാക്കാൻ. ഓരോ മീറ്റും കേവലം ഒരു അനുഭവം എന്നതിനപ്പുറം ഓരോ ചരിത്ര സംഭവങ്ങളായി അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെടുന്നുമുണ്ടല്ലോ. ബ്ലോഗിന്റെ ലോകം ഇപ്പോഴും അന്യമായിട്ടുള്ളവർക്ക് പറഞ്ഞാൽ മനസിലാകാത്ത എന്തോ വൈകാരികത ബ്ലോഗ്ഗർമാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട് എന്നത് ഓരോ ബ്ലോഗ് മീറ്റുകളിലെയും പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി പറഞ്ഞതുപോലെ വ്യത്യസ്തമായ ആശയങ്ങളും വിശ്വാസങ്ങളും വച്ചു പുലർത്തുന്ന എല്ലാവരിലും നന്മയുടെ- മാനവികതയുടെ ഒരംശം കിടക്കുന്നു എന്നതു തന്നെയാകണം ബ്ലോഗ്ഗർമാരെ പരസ്പരം ഒത്തു ചേരാൻ പ്രേരിപ്പിക്കുന്നതും അത് വൈകാരികമായ ഒരനുഭവമായി മാറുന്നതും.

എനിക്ക് വലിയ സന്തോഷമുണ്ട്. കണ്ണൂർ മീറ്റിൽ കൂടി പങ്കെടുത്ത് കഴിഞ്ഞതോടെ അറിയപ്പെടുന്ന നല്ലൊരു പങ്ക് സജീവ ബ്ലോഗ്ഗർമാരെയും നേരിൽ കാണാൻ കഴിഞ്ഞു. ഇനിയും ചിലർ ബാക്കിയുണ്ടെങ്കിലും. ഞാൻ ബ്ലോഗിൽ വരുന്ന നാളുകളിൽത്തന്നെ നേരിൽ കാണണമെന്നഗ്രഹിച്ചിരുന്ന പ്രമുഖ ബ്ലോഗ്ഗർമാരിൽ ചിലരായ കെ.പി.സുകുമാരനും ചിത്രകാരനും മറ്റും കണ്ണൂർ മീറ്റിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചപ്പോൾത്തന്നെ ഈ മീറ്റ് എനിക്ക് മിസ് ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും ഇതിലും പങ്കേടുക്കാൻ കഴിഞ്ഞു. മീറ്റിൽ ഷെരീഫ് കൊട്ടാരക്കരയായിരുന്നു മോഡറേറ്റർ എങ്കിലും മൊബെയിൽ വീഡിയോ പിടിത്തത്തിനിടെ കെ.പി.എസും വന്ന് മോഡറേറ്ററായിരുന്നു. അതുപോലെ ഞാൻ നേരിൽ കണ്ടിരുന്നില്ലാത്ത മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങി വേറെ പലരെയും ഈ മീറ്റിൽ ആദ്യമായി നേരിൽ കാണാനായി. മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണമൊക്കെ നാം ബ്ലോഗിലൂടെ അറിയപ്പെടുന്നതിലുമപ്പുറം എന്തൊക്കെയാണെന്ന് മനസിലാക്കാൻ മീറ്റിൽ പങ്കെടുത്തതുകൊണ്ട് സാധിച്ചു. അങ്ങ് ബിലാത്തിപ്പട്ടണത്തിലും അവർ ചുമ്മാതിരിക്കുന്നില്ല. പല നല്ലനല്ല ആക്‌റ്റിവിറ്റീസുകളുമുണ്ട്. അദ്ദേഹവും സമദ് വക്കീലുമൊക്കെ നല്ല മജീഷ്യന്മാരും കൂടിയാണ്. രണ്ടുപേരും ചില മേജിക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. മാത്സ് ബ്ലോഗിലെ ജനാർദ്ദനൻ മാഷുടെ കുട്ടിപ്പാട്ടും മീറ്റിൽ ശ്രദ്ധേയമായി. വനിതാ ബ്ലോഗ്ഗർമാരിൽ ശാന്ത കാവുമ്പായി, പ്രീത, മിനി തുടങ്ങിയ പലരെയും ഞാൻ നേരിട്ട് മാണുന്നത് ഈ മീറ്റിലാണ്. ഇതെഴുതുന്ന സമയത്ത് ഓർക്കുന്ന പേരുകൾ മാത്രമാണ് ഞാൻ എഴുതുന്നത്. തൊടുപുഴമീറ്റിൽ വച്ച് വിശദമായി പരിചയപ്പെടാൻ കഴിയാതെ പോയ നൌഷാദ് വടക്കേലിനെ കണ്ണൂരിൽ വിശദമായിത്തന്നെ പരിചയപ്പെടാൻ കഴിഞ്ഞു.

മീറ്റിൽ വരാൻ കഴിയാതിരുന്ന പലരും മീറ്റിനു പോകുന്നില്ലേ പോകുന്നില്ലേ എന്ന് എന്നോട് വിളിച്ചു ചോദിച്ചിരുന്നു.ഞാൻ കണ്ണൂരിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ (മാഹി പാലം കടക്കുമ്പോൾ) ബൂലോകം ഓൺലെയിൻ സാരഥി ഡോ.ജെയിംസ് ബ്രൈറ്റ് വിളിച്ച് മീറ്റിന്റെ കാര്യം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശംസകൾ മീറ്റിൽ ഞാൻ എന്നെ പരിചയപ്പെടുത്തുന്ന സമയത്ത് കൈമാറുകയും ചെയ്തു. അതുപോലെ പാലക്കാട്ടേട്ടൻ ഷെരീഫ് കൊട്ടാരക്കര മുഖാന്തരം ആശംസകൾ വിളിച്ചറിയിച്ചു. അങ്ങനെ മീറ്റിൽ വരാത്ത പലരും ആശംസകൾ വിളിച്ചറിയിച്ചു. . മീറ്റിലെ ബാഡ്ജ് സ്പോൺസർ ചെയ്തത് ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ആണ്. ഞാൻ ഈ പറഞ്ഞത് മീറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കൂടി ആവേശമണ് ബ്ലോഗ് മീറ്റുകൾ എന്ന് സൂചിപ്പിക്കുവാനണ്. ആ ശ്രീജിത്ത് കൊണ്ടോടി ( എ സ്മാർട്ട് ആൻഡ് ഹാൻഡ്സം പയ്യൻജി) ഗൾഫിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം വന്നതാണത്രേ! അല്ല, അവർ അവിടെ നിന്നും ഫ്ലൈറ്റിൽ വന്നിറങ്ങുന്നതിനേക്കാൾ റിസ്കാണല്ലോ നമ്മൾ തിരുവനന്തപുരത്ത് നിന്ന് ബസിൽ കണ്ണൂർവരെ ചെല്ലുന്നത്! അതാണ് ബ്ലോഗ് മീറ്റിന്റെ ഒരാകർഷണംന്നേ!

രാവിലെ അല്പം നേരത്തേ എത്തിയവർക്ക് കെ.പി.എസിന്റെ അദ്ധ്യക്ഷതയിൽ കസേരവട്ടം കൂടി ബ്ലോഗും മറ്റ് സോഷ്യൽനെറ്റ്വർക്കുകളും ആശയ സംവാദങ്ങളുമായും മറ്റും ബന്ധപ്പെട്ട പലപല കാര്യങ്ങളും സംസാരിക്കുവാനും അദ്ദേഹത്തിൽ നിന്നുതന്നെ പല അറിവുകളും ലഭിക്കുവാനുമിടയായി. ഒരർത്ഥത്തിൽ പുതുതലമുറയുടെ മേച്ചില്പുറമായ ഒരു മാധ്യമമേഖലയിൽ ഒരു നിയോഗം പോലെ പ്രായഭേദം മറന്ന് ഇടപെട്ട് സഹവർത്തിച്ചും, സംവദിച്ചും തന്റെ വൈജ്ഞാനികാനുഭവങ്ങൾ ബ്ലോഗിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും പങ്ക് വച്ച് അവയെ സജീവമാക്കുന്നതിൽ കെ.പി. സുകുമാരന്റെ പങ്ക് ഇത്തരുണത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്. മുമ്പൊരിക്കൽ നമ്മുടെ “സംഭവം കുമാരൻ” ചോദിച്ചിരുന്നു ചിത്രകാരനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇല്ലെന്ന്. അപ്പോൾ സംഭവം പറഞ്ഞു, ബ്ലോഗിൽ കാണുമ്പോലെയല്ലാ ആൾ വെറും പാവം ആണെന്ന്. പറഞ്ഞത് കുമാരനായതുകൊണ്ട് വിശ്വസിക്കേണ്ടെന്നു കരുതിയതാണ്. അതും ഒരു കുമാരഫലിതം എന്നേ കരുതിയുള്ളൂ. പല ബ്ലോഗ്ഗർമാരും ബ്ലോഗ്ഗിൽ കാണുന്നതുപോലെയല്ല, നേരിൽ കാണുമ്പോൾ എന്ന് സൂചിപ്പിക്കുമ്പോൾ രാവിലെ കെ.പി.എസ് ഉദാഹരിച്ചതും ചിത്രകാരനെയായിരുന്നു. രണ്ടുപേരും കണ്ണൂർകരായതുകൊണ്ട് ഇപ്പോൾ കണ്ണൂർവാസിയായ ചിത്രകാരനെക്കുറിച്ച് പറയുന്നത് ഒരു കണ്ണൂർ ഫലിതമാകാനേ തരമുള്ളൂ എന്നുതന്നെ കരുതി. സാക്ഷാൽ ചിത്രകാരനെ നേരിൽ കണ്ട് പരിചയപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ശാന്തനും സൌമ്യനുമായ ഈ ബ്ലോഗ്പ്രതിഭ ഒരു അദ്ഭുതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതുപോലെ നേരത്തേ പറഞ്ഞ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങിയ താരങ്ങളെയൊക്കെ നമ്മൾ ബ്ലോഗിലൂടെമാത്രം അറിഞ്ഞാൽ പോരാ, സത്യമായും നേരിട്ട് കണ്ട് തന്നെ അറിയണം. മഹാ സംഭവങ്ങളാ!

ശ്ശോ, മറ്റുള്ളവരുടെ പേരുകളൊന്നും ഓർമ്മ കിട്ടുന്നില്ല. എല്ലാം ഓർത്തിട്ട് പോസ്റ്റാമെന്നു വച്ചാൽ ഇപ്പോഴൊന്നും നടക്കില്ല്ല. അതിനൊക്കെയാണ് അവിടെ പങ്കെടുത്തവരുടെയൊക്കെ ബ്ലോഗ് യു.ആർ.എലുകൾ എന്റെ വായനശാലാ ബ്ലോഗിൽ കമന്റ് ഇടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് പോരേണ്ടായിരുന്നു; പക്ഷെ എന്തു ചെയ്യാൻ! മുമ്പ് കണ്ടിട്ടുള്ള ബ്ലോഗ്ഗർമാരെപറ്റിയൊന്നും ഇവിടെ പേരെടുത്ത് പരാമർശിക്കുന്നില്ല. ഈ മീറ്റിൽ പാതിക്ക് മുങ്ങിയതിനാൽ ഒരു അപൂർണ്ണത എനിക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രീ സുകുമാരൻസാർ ഞാൻ യാത്ര ചോദിക്കുമ്പോൾ ഇത് പറഞ്ഞിരുന്നു. ഉച്ചയ്ക്ക്ശേഷം ഏതോ കോളേജ് സ്റ്റുഡന്റ്സ് ഒക്കെ അവിടെ ബ്ലോഗ് പഠിക്കാനായി വന്ന് കൂടിക്കിടക്കുന്നതു കണ്ടു. അവരുടെയൊക്കെ സ്ഥിതി എന്തായോ ആവോ. നമ്മളൊക്കെ യാത്ര പറയുമ്പോൾ കുമാരനൊക്കെ സന്തോഷപൂർവ്വം നമ്മളെ കൈയ്യും തന്ന് പറഞ്ഞുവിടുന്നതിൽ ഒരു തിടുക്കം ഉണ്ടായില്ലേ എന്നൊരു സംശയം! പിള്ളേർ വല്ലതും പഠിച്ചോ പഠിപ്പിച്ചോ എന്നൊനും അറിയില്ല. പിന്നെ സീനിയേഴ്സ് ഒക്കെ ഉള്ള ബലത്തിൽ നമ്മളിങ്ങു പോന്നതാണ്. ഉച്ചയ്ക്കു ശേഷത്തെ സെഷൻ ക്ലാസ്സും മറ്റുമായി നന്നായിട്ടുണ്ടാകും എന്ന് കരുതുന്നു. ഇനി ഉച്ചയ്ക്ക് ശേഷമടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക.

ഞാൻ കണ്ണൂരിൽ ആദ്യമായി പോകുകയായിരുന്നു. മുമ്പ് ചില ആവശ്യങ്ങൽക്ക് പോകാൻ അവസരമുണ്ടായിരുന്നെങ്കിലും അന്നൊന്നും സൌകര്യപ്പെട്ടില്ല. കണ്ണൂർവരെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര മൊത്തമായും ബസിലായിരിക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, യാത്ര ഉറപ്പിക്കാനാകത്തതുകൊണ്ട് ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നുമില്ല. ട്രെയിനിൽ തള്ളിഞെരുങ്ങി നിന്നുള്ള ദുസഹമായ ചില യാത്രകളുടെ ഓർമ്മകളും സീറ്റ് റിസർവ് ചെയ്യാത്ത ട്രെയിൻ യാത്രയിൻ നിന്ന് എന്നെ പിന്തിരിപ്പിക്കാറുണ്ട്. പിന്നെ ബസാണെങ്കിൽ വീട്ടിനടുത്ത് നിന്ന് കയറി പോകുകയും വന്നിറങ്ങുകയും ചെയ്യാം. ട്രെയിനാണെങ്കിൽ വർക്കലയോ ചിറയിങ്കീഴോ തിരുവനന്തപുരത്തോ പോകണം. ട്രെയിനുകളുടെ സമയനിഷ്ഠയിൽ പണ്ടേ എനിക്ക് വിശ്വാസവുമില്ല. എന്തായാലും ഈ യാത്രയോടെ ഇനി ദൂരയാത്രകൾ ട്രെയിനിൽ മതിയെന്ന ചിന്ത എന്നിൽ ഉണ്ടാക്കിയിട്ടുണ്ടെന്നത് വേറെ കാര്യം. കണ്ണൂരിലെ റോഡുകൾക്ക് ഈ മനം മാറ്റമുണ്ടാക്കുന്നതിൽ ഒരു പങ്കില്ലാതില്ല.അല്ലെങ്കിൽ കേരളത്തിൽ എവിടെയാണ് റോഡുകൾ എല്ലാം ഭംഗിയായിട്ടുള്ളത്? എങ്കിലും കണ്ണൂരിൽ അല്പം കൂടി സ്ഥിതി പരിതാപകരമല്ലേ എന്നു തോന്നാതിരുന്നില്ല. അവിടത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒന്നും ഇത് കാണുന്നില്ലെന്നുണ്ടോ?

മീറ്റിനെ പറ്റി ഇതുവരെ എഴുതിയതൊക്കെത്തന്നെ എനിക്കിപ്പോൾ പങ്ക് വയ്ക്കാൻ കഴിയുന്ന വിശേഷങ്ങൾ. ഇനി അല്പം ചില കത്തികൽ കൂടി അടിച്ചിട്ടേക്കാം. നിങ്ങൾ ആരും വായിച്ചില്ലെങ്കിലും എനിക്ക് ഭാവിയിൽ വായിച്ച് ഓർമ്മകൾ അയവിറക്കാമല്ലോ. അവനവന്റെ ഡയറിക്കുറിപ്പുകൾക്കു കൂടി പ്രസക്തിയുള്ളതാണല്ലോ ബ്ലോഗം!


സെപ്റ്റംബർ പത്താം തീയതി രാവിലെ ആറ് മണിയ്ക്ക് ഞാൻ തട്ടത്തുമല ജംഗ്ഷനിൽ നിന്നും ഒരു ഫാസ്റ്റിൽ കയറി കൊട്ടാരക്കര ബസ്റ്റാൻഡിൽ ഇറങ്ങി. ഒരു ചായ കുടിച്ച് കഴിഞ്ഞപ്പോഴേയ്ക്കും അവിടെ നിന്നും അപ്പോൾത്തന്നെ കോട്ടയത്തിനു ബസ് കിട്ടി. കോട്ടയത്ത് ചെന്നിറങ്ങി ഒരു ഉപ്പ് സോഡാ നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും കോഴിക്കോട്ടേയ്ക്കും ഉടൻ ബസ് കിട്ടി. വൈകുന്നേരം അഞ്ചുമണിയോടടുപ്പിച്ച് കോഴിക്കോട് എത്തിയെന്നാണ് ഓർമ്മ. അവിടെനിന്നും കണ്ണൂർ ബോർഡ് വച്ച ഒരു സ്വകാര്യ ബസിൽ കയറി. കുറെ ദൂരം ചെന്ന് കണ്ടക്റ്റർ ടിക്കറ്റ് നൽകാൻ വന്നപ്പോൾ പറയുന്നു, വണ്ടി തലശ്ശേരി വരെയേ ഉള്ളൂവെന്ന്. അങ്ങനെ തലശ്ശേരിയുടെ മണ്ണിലും കാലുകുത്തി. കാൽമണിക്കൂർ തലശ്ശേരിയിൽ കാത്തുനിന്ന് മറ്റൊരു സ്വകാര്യ ബസിനു വച്ച് പിടിച്ചു. രാത്രി പത്തുമണിയോടെ കണ്ണൂർ പട്ടണത്തിലെ പേരറിയാത്തൊരു കവലയിൽ ആ ബസുകാർ കൊണ്ടിറക്കി. ബസ്സ്റ്റാൻഡ് പരിസരവുമല്ല, റെയിൽ വേ സ്റ്റേഷൻ പരിസരവുമല്ല.ആന്റണിജിയെ അനുകരിക്കുന്ന മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ ഒരു കൊണ്ടിറക്കലായിരുന്നു അത്.എന്തായാലും ചെന്നിറങ്ങിയേടത്തുതന്നെ ഒരു ഹോട്ടൽ കണ്ടു. ചാടിയങ്ങു കയറി. വിശപ്പത്രയ്ക്കുണ്ടായിരുന്നു. രാവിലെ മൂന്നര മണിയ്ക്ക് എഴുന്നേറ്റതാണ്. പുലർച്ചേതന്നെ അഞ്ചുമണിയ്ക്ക് അല്പം പുട്ടും കട്ടൻചായയും കഴിച്ചതാണ്. പിന്നെ കൊട്ടാരക്കര നിന്നൊരു കാലിച്ചായ. കോട്ടയത്ത് നിന്നൊരു ഉപ്പ് സോഡാ നാരങ്ങവെള്ളം. തൃശൂരിൽ നിന്നൊരു ചായയും കടിയും. അല്ലാതെ ഒന്നും കഴിച്ചിരുന്നില്ല. അതിനുള്ള സമയം തരാതെ ഓരോ ബസ്സ്റ്റേഷനുകളിൽ നിന്നും ബസ് കിട്ടിക്കൊണ്ടിരുന്നു.

മാത്രവുമല്ല, യാത്രകളിൽ വയറിനെ പരീക്ഷണ വസ്തുവാക്കാൻ ഞാൻ തുനിയാറില്ല. വയറൊക്കെ നമ്മുടേതുതന്നെ. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ സുഖമായിരിക്കണം എന്നില്ല. വിശപ്പുണ്ടെന്നു കരുതി അവനവന്റെ വയറിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെ കണ്ടതും കടിയതും വാങ്ങിത്തിന്നുന്നത് ബുദ്ധിപരമല്ല. തൃശൂരിൽ ഭക്ഷണം കഴിക്കാൻ ബസ് പിടിച്ചിട്ടിരുന്നു. കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കരും കയറിയ ഹോട്ടലിൽ ഞാനും ചെന്ന് ഒന്ന് എത്തി നോക്കി. അവിടെ ഡിഷിൽ ഇരിക്കുന്ന ചോറിന്റെ രൂപഭാവങ്ങളും ഹോട്ടലിന്റെ ആകെമൊത്തം ടോട്ടൽ രീതി ശാസ്ത്രവുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ വയറ് വിളിച്ച് പറഞ്ഞു. കണ്ണൂർവരെ ഞാൻ അടങ്ങിയിരുന്നോളാമേ! ദയവായി ഈ ഹോട്ടലിൽ കയറി എന്നെ പീഡിപ്പ്ക്കരുതേ എന്ന്! ഡ്രൈവർക്കും കണ്ടക്ക്ടർക്കും സ്പെഷ്യൽ പരിഗണനയൊക്കെ ഹോട്ടലിൽ കിട്ടും. ബസിലെ മൊത്തം യാത്രക്കാരെയും അവിടെ കൊണ്ടു കയറ്റിക്കൊടുക്കുന്നതാണല്ലോ. പക്ഷെ നാളെ അതുവഴിവരാൻ സാദ്ധ്യതയില്ലാത്ത യാത്രക്കാരോട് ഹോട്ടലുകാർക്ക് വലിയ സ്നേഹമൊന്നും വേണ്ടല്ലോ. മിക്കവാറും തലേ ദിവസത്തെയും പിറ്റേന്നത്തെയും സാധനങ്ങളുടെ മിശ്രിതങ്ങളായിരിക്കും അവർക്ക് മുന്നിൽ വിളമ്പുന്നത്. മുമ്പ് നമ്മുടെ പ്രദേശത്ത് പരിചയമുള്ള ഒരു ഹോട്ടലിൽ ഇതുപോലെ ബസ് നിർത്തിയ സമയത്ത് യാദൃശ്ചികമായി നമ്മളും ചെന്നു കയറിയതും ബസിൽ വന്നവർക്ക് കൊടുത്ത ഭക്ഷണം തന്നെ നമുക്കും നൽകാൻ അവർ നിർബന്ധിതരായതും വീട്ടിൽ എത്തി വൊമിറ്റ് ചെയ്തതും ഇത്തരം സന്ദർഭങ്ങളിൽ ഓർക്കാറുണ്ട്. എന്തായാലും ഈ യാത്ര ഭാഗീകമായെങ്കിലും ഒരു നിരാഹാര യാത്രയായി തന്നെ തുടരാം എന്ന് തീരുമാനിച്ചു. അവിടെ ഒരു സ്റ്റാളിൽ നിന്നും ഒരു ചായയും പേരറിയാത്ത വട്ടത്തിലുള്ള ചെറിയൊരു പലഹാരവും വാങ്ങി കഴിച്ച് ബസിൽ കയറി. പേരറിയാത്ത ആ സാധനം ഒന്നു കടിച്ചുനോക്കിയപ്പൊൾ വലിയ കുഴപ്പാകാരനല്ലെന്നു തോന്നിയതുകൊണ്ട് അതങ്ങ് തിന്നു. നല്ല രുചിയുമുണ്ടായിരുന്നു. നമ്മുടെ ഇവിടെയൊന്നും ആ വട്ടക്കടിയില്ല!

അപ്പോൾ നമ്മൾ കണ്ണൂരെത്തിയതല്ലേ? കണ്ണൂരിൽ ആ ഹോട്ടലിൽ നിന്ന് രാത്രി ബാക്കിവന്ന ഭക്ഷണത്തിൽ ഒരു പങ്ക്- മൂന്ന് പെറൊട്ടയും മീർകറിയും പരീക്ഷിച്ച ശേഷം പുറത്തിറങ്ങി. കണ്ണൂരിൽ ആദ്യമായതുകൊണ്ട് ഇവിടെ എങ്ങനെയൊക്കെയാണ് നമ്മൾ പെർഫോം ചെയ്യേണ്ടതെന്ന് അത്ര നിശ്ചയമില്ല. കണ്ണൂരിലെ റോഡുകളിലൂടെ സഞ്ചരിച്ച വശംകെട്ടതിന്റെ ലക്ഷണങ്ങൾ കാണുന്ന എല്ലാവരിലും ഉണ്ടോ എന്ന ഒരു സംശയവും ഉണ്ടായി. ഇനി ഒരു ആട്ടോ വിളിക്കണം. മാഡായിപ്പാറയിൽ എത്തണം. അവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാതെ അവിടെ എത്തണം.ഞാൻ കയറിയ ഹോട്ടലിനു സമീപമുള്ള ഒരു കടയിൽ അന്വേഷിക്കാമെന്നു കരുതി. ചുമ്മാ ചോദിച്ചാൽ അവർക്ക് വല്ല ബുദ്ധിമുട്ടോ ഉണ്ടായാലോ എന്നു കരുത് സിഗരറ്റ് വലി ശീലമല്ലെങ്കിലും ഒരു സിഗരറ്റ് വാങ്ങി ബാഗിൽ ഒളിപ്പിച്ചിട്ട് നൈസായി ചോദിച്ചു, ഈ മാഡായിപ്പാറ എവിടെയാണെന്ന്! (വല്ല മിഠായിയോ വാങ്ങിയാൽ അടവാണെന്ന് അവർക്ക് മനസിലാകും). പക്ഷെ വിത്സ് വാങ്ങിയത് വെറുതെയായി. നാലുരൂപ പോയത് മിച്ചം. കടക്കാരൻ കുറച്ച് അലോചിക്കുന്നതായൊക്കെ അഭിനയിച്ചിട്ട് മനസില്ലാ മനസോടെ പഴയങ്ങാടി എന്നു പറഞ്ഞു.അതിനു പഴയങ്ങാടി എവിടാന്നറിയാമെങ്കിൽ പിന്നെ അവിടെ ചെന്നിട്ട് ചോദിച്ചാൽ പോരേ എന്ന് അയാളോട് പറയണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലം കണ്ണൂരാണ്. ഒറ്റ ഓട്ടത്തിനൊന്നും തട്ടത്തുമലയെത്തില്ല. അതുകൊണ്ട് ബുദ്ധിപരമായ തീരുമാനമെടുത്തു. പിന്നെ ഒന്നും ചോദിച്ചില്ല.

റോഡിന്റെ മറുവശത്ത് വന്ന് അവിടെ പാർക്ക് ചെയ്തിരുന്ന ഒന്ന് രണ്ട് ആട്ടൊകളിൽ ചെന്ന് മുട്ടി നോക്കി. പക്ഷെ മാഡായിപ്പാറയിലല്ല ഏതു മൂഡായിപ്പാറയിലായാലും ഓടാൻ അവർക്ക് താല്പര്യമില്ല. ഇന്നത്തേക്ക് അവർക്ക് എല്ലാം തികഞ്ഞ് കിടക്കുകയാണെന്ന് നമ്മളുണ്ടോ അറിയുന്നു! പിന്നെ അവിടെ ആളിറക്കാൻ വന്ന് നിന്ന ഒന്നു രണ്ട് ആട്ടോകൾ വിളീച്ചു നോക്കി. അവർക്കും അന്നത്തേയ്ക്ക് എല്ലാം തികഞ്ഞ മട്ടാണ്. ഓടാൻ വയ്യ. പിന്നെ എന്റെ ചിന്ത ഈ ആളൊഴിഞ്ഞതും വൃത്തിഹീനവുമായ സ്ഥലത്ത് നിന്ന് ബസ്സ്റ്റൻഡിലേയ്ക്കോ റെയിൽവേ സ്റ്റേഷനിലേയ്ക്കോ പോകാം എന്നായി. നടക്കാൻ തുടങ്ങുമ്പോൾ ഒരു ആട്ടോ വന്ന് ആളിറക്കാൻ നിർത്തി. ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താമെന്ന് കരുതി. പക്ഷെ മാഡായിക്കാര്യം ഞാൻ പറഞ്ഞില്ല. റെയിൽ വേ സ്റ്റേഷനിൽ കൊണ്ട് വിടാൻ പറഞ്ഞു. അപ്പോൾ എന്നെ വിശ്വാസമില്ലാത്തതുപോലെ അയാൾ തുക പറഞ്ഞു. ഇരുപത് രൂപ. ആകട്ടെയെന്ന് ഞാനും. റെയിവേ സ്റ്റേഷനിൽ ചെന്ന് അവിടെ ബ്ലോഗ്ഗർമാർ വല്ലവരും വല്ല ട്രെയിനിലും വന്നിറങ്ങുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു ലക്ഷ്യം. അവിടെ ചെന്നപ്പോൾ അവിടെ കുറെ പോലീസും പരിവാരവും ആൾക്കൂട്ടവും ഒക്കെ. ങേ! ഞാൻ വരുമെന്ന് ഇവരോടൊന്നും പറഞ്ഞിരുന്നില്ലല്ലോ. പ്രൊട്ടക്ഷനൊന്നും ചോദിച്ചിരുന്നില്ലല്ലോ. പിന്നെ ഇതിപ്പോൾ ഇവരെങ്ങനെ അറിഞ്ഞു? ഒരു സ്റ്റേറ്റ് കാറും കിടപ്പുണ്ട്. ഞാൻ മനസിൽ പറഞ്ഞു, വേണ്ടായിരുന്നു. അവിടെ പോലീസുകാർക്കിടയിലെയ്ക്ക് നുഴഞ്ഞു കയറിയിട്ട് ആരും മയൻഡു ചെയ്യുന്നില്ല.ആളെ മനസിലാകാഞ്ഞിട്ടാണോ? അല്ല, അവർക്ക് സ്വീകരിക്കേണ്ട ആളെയൊക്കെ അവർക്ക് മനസിലായി. മന്ത്രി കുഞ്ഞാലിക്കുട്ടി പരിവാര സമേതം ട്രെയിനിൽ വന്നിറങ്ങി മന്ദം മന്ദം നടന്നു വന്ന് എനിക്ക് വേണ്ടി ഒരുക്കി നിർത്തിയിരുന്ന സ്റ്റേറ്റ് കാറിൽ കയറി പോകുകയായിരുന്നു!

ഇനിയിപ്പോൾ ഇവിടെ നിന്ന് കറങ്ങുന്നതിൽ അർത്ഥമൊന്നുമില്ല. എങ്ങനെയും ഒന്നുറങ്ങണം. ആദ്യം ഒരു ട്യൂറിസ്റ്റ് ഹോമിൽ ചെന്നപ്പോൾ അവിടെ റിസപ്ഷനിൽ തറയിൽ പായ വിരിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് രണ്ടുമൂന്നു പേർ. റിസപ്ഷൻ ചെയറിൽ ആരുമില്ല. അവിടെനിന്നും മറ്റൊരു ട്യൂറിസ്റ്റ് ഹോമിൽ പോയി ഒരു മുറിയെടുത്തു. പിന്നെ ഇറങ്ങിവന്ന് ഒരു ഹോട്ടലിൽ കയറി രണ്ട് പെറൊട്ട കൂടി വാങ്ങി തിന്നിട്ട് മുറിയിൽ പോയിക്കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുറത്തിറങ്ങി അല്പം നടന്നിട്ട് റെയിൽവേ ക്യാന്റീനിൽ കയറി രണ്ടുമൂന്ന് നൂലപ്പവും ഒരു ചായയും ചെയ്തു! പിന്നെ വന്ന് കുളിച്ച് റെഡിയായി ഒരു ആട്ടോയിൽ കയറി ജവഹർ വായനശാലയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം വീട്ടിൽ വിളിച്ച് വിശേഷങ്ങൾ തിരക്കി. ജവഹർ വായനശാലാ ഹാളിൽ വേദിക്കുമുന്നിൽ നേരത്തെ എത്തി ചർച്ചയിലായിരുന്ന കെ.പി.സുകുമാരൻ, നൌഷാദ് വടക്കേൽ തുടങ്ങിയ രണ്ടുമൂന്നുപേർ ഉണ്ടായിരുന്നു. ഞാൻ അവരുടെ തൊട്ടുപുറകിൽ ചെന്ന് ഇരുന്നു. തിരിഞ്ഞുനോക്കിയ കെ.പി.സുകുമാരൻ എന്നെ കണ്ടതും തിരിച്ചറിഞ്ഞ് ഹായ് പറഞ്ഞ് കൈതന്നു. പിന്നെ അപരിചിത്വം ഏതുമില്ലാതെ കുശല പ്രശ്നങ്ങളും ചർച്ചകളും തുടർന്നു.നേരിട്ട് കാണുന്നിലെങ്കിലും എന്നും ബന്ധപ്പെടുന്നവരാണല്ലോ. അതുകൊണ്ട് എന്നും കാണുന്നവരെ പോലെ നമ്മൾ സംസാരത്തിലായി. നൌഷാദ് വടക്കേലിനെ തൊടുപുഴവച്ച് നേരെ പരിചയപ്പെടാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെട്ടു.

അല്പസമയം കഴിഞ്ഞപ്പൊൾ ആർ.കെ.തിരൂരും, പത്രക്കാരനും വന്ന് ഒപ്പം ചേർന്നു. പിന്നെ ഒറ്റയ്ക്കും കൂട്ടായും ബ്ലോഗ്ഗർമാർ വന്നുകൊണ്ടിരുന്നു. പത്ത് മണിയോടെ മീറ്റ് ആരംഭിച്ചു.ഷെരീഫ് കൊട്ടാരക്കര മോഡറേറ്ററായി. ഇടയ്ക്കിടെ അത്യാവശ്യം മൊബെയിൽ വീഡിയോ പിടിത്തത്തിനിടയിൽ കെ.പി.എസും വന്ന് മോഡറെറ്ററായി. പങ്കെടുത്ത എല്ലാവരും സദസിനു മുന്നിൽ വന്ന് പരിചയപ്പെട്ടു. അല്പം വിശദമായിത്തന്നെ.മുക്താറിന്റെ വിരൽ തൊടീയ്ക്കൽ പരിപാടി, വക്കീൽ സമദിന്റെയും മുരളീമുകുന്ദൻ ബിലാത്തി പട്ടണത്തിന്റെയും മാജിക്ക് ഷോ, അതിൽ ചിലതിന്റെ അനാവരണം, ബിലാത്തിയുടെ മിഠായി സൽക്കാരം, ജനാർദ്ദനൻ മാസ്റ്ററുടെ കുട്ടിപ്പാട്ട്, കൂടാതെ റെജി പുത്തൻ പുരയ്ക്കൽ, നൌഷാദ് അകമ്പാടം, വാല്യക്കാരൻ, കെ.പി.എസ് എന്നിവരുടെ സ്റ്റിൽ-വീഡിയോ പിടിത്തങ്ങൾ തുടങ്ങിയവയുമായി ഉച്ചവരത്തെ മീറ്റ് ഉത്സാഹഭരിതമായിരുന്നു. ഉച്ചയ്ക്ക് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിഭവ സമൃദ്ധമായ ഓണ സദ്യ. നല്ല രസ്യൻ പായസമായിരുന്നെങ്കിലും പായസം ഞാൻ കുടിച്ചില്ല.

ഉച്ചയൂണിനു ശേഷം ഞാൻ മീറ്റിൽ നിന്ന് യാത്രപറഞ്ഞുതുടങ്ങി. കെ.പി.സുകുമാരൻ സാറിനോട് യാത്ര പറയുമ്പോൾ അത് ഒരു പൂർണ്ണത തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നുന്നുവെന്ന് ഞാനും പറഞ്ഞു. ഒരു മീറ്റിൽ നിന്നും ഇതുവരെ പാതിവഴിക്ക് പോയിട്ടില്ല. പക്ഷെ പിറ്റേന്ന് വെളുപ്പിന് ഏഴ് മണിയ്ക്ക് മുമ്പ് വീട്ടിൽ എത്തിയേ പറ്റൂ .ഉച്ചയ്ക്കു ശേഷം നിന്നാൽ അത് നടക്കില്ല. അതുകൊണ്ട് ക്ഷമാപണത്തോടെ കെ.പി.എസ്, ചിത്രകാരൻ, ബിജു കൊട്ടില തുടങ്ങിയവരോടെല്ലാം യാത്രപറഞ്ഞു. ഇങ്ങോട്ട് ബസിലാണ് വന്നതെന്നറിഞ്ഞ ചിത്രകാരൻ ഇനി ട്രെയിനിലേ പോകാവൂ എന്ന് കർശനമായി ഉപദേശിക്കുകയും ചെയ്തു. പ്രത്യേകിച്ചും കണ്ണൂർമുതൽ കോഴിക്കോട് വരെ ഉള്ള റോഡിന്റെ അവസ്ഥകൂടി കണക്കിലെടുത്താണ് അവർ അങ്ങനെ പറഞ്ഞത്. പക്ഷെ ട്രെയിൻ കാത്ത് നിൽക്കാനും ടിക്കറ്റ് തരപ്പെടുത്താഉമൊന്നും ഞാൻ മിനക്കെട്ടില്ല. ലോഡ്ജിൽ റൂം വെക്കേറ്റ് ചെയ്യാൻ പോയപ്പോൾ ടോയിലറ്റിൽ കയറി ഒന്നു മുഖം കഴുകാമെന്ന് വച്ച് മുഖം കഴുകി തിരിച്ചിറങ്ങുമ്പോൾ കാൽ വഴുതി ചെറുതായൊന്ന് തറയിൽ വീണത് കാരണം പിന്നെ കുളിക്കേണ്ടിയും വന്നു. അതുകാരണം അരമണിക്കൂറിലധികം വൈകുകയും ചെയ്തു. അതുകൊണ്ട് അല്പം റിസ്ക് എടുത്താണെങ്കിലും ബസിൽതന്നെ മടക്കയാത്രചെയ്യാൻ തീരുമാനിച്ചു.. മാത്രവുമല്ല, ഇന്ത്യൻ റെയിൽവേയുടെ സമയനിഷ്ഠയിൽ എനിക്ക് തീരെ വിശ്വാസം പോരാ. ട്രെയിൻ എവിടെയെങ്കിലും പിടിച്ചിട്ടാൽ സംഗതി കുഴഞ്ഞു. പിന്നെ രാവിലെ ഏഴുമണിയ്ക്കല്ല, രാത്രിയയാലും എത്തില്ല.

പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് ഞാനിങ്ങ് വീട്ടിലെത്താതിരുന്നാൽ എന്തു സംഭവിക്കുമെന്നല്ലേ?ങാ, ചോദിച്ചില്ലെങ്കിലും പറയാം. ഞാൻ കണ്ണൂരിൽ വരുന്ന വിവരം ഇവിടെ ആരോടും കൊട്ടി ഘോഷിച്ചിരുന്നില്ല. എന്റെ ഒരു യാത്രകളും മുൻ കൂട്ടി ആരോടും പറയാറില്ല.തലേന്നാകുമ്പോൾ വീട്ടിൽ പറയും. വാപ്പയും ഉമ്മയും സുഖമായിരിക്കുന്നെങ്കിലേ ഉള്ളൂ ദൂരയാത്ര. ഇതും അങ്ങനെ ആയിരുന്നു. എന്റെ ഡീംഡ് സർവ്വകലാശാലയിൽ (ചെറിയൊരു ട്യൂഷൻ പുരയാണേ!) പകരം മറ്റ് അറേജ്മെന്റുകൾ വരുത്തിയിരുന്നില്ല. ഓണാവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ്. രാവിലെ കുട്ടികൾ എത്തും. ഏഴര മണിയ്ക്ക് ക്ലാസ്സ് തുടങ്ങണം. അവറ്റകൾ വരുമ്പോൾ ഞാനില്ലെന്നറിഞ്ഞാൽ ചില വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി നിരന്ന് നിന്ന് സർവകലാശാലയുടെ തൂണുകൾ ഓരോന്ന് പിഴുത് താങ്ങിയെടുത്ത് റോഡിൽ കൊണ്ടുവച്ചിട്ട് പുര നിന്നിടം പ്ലേ ഗ്രൌണ്ടാക്കും. റോഡിൽ വാഹന ഗതാഗതം സ്തംഭിയ്ക്കും. പ്ലസ്-ടൂവിലെ വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി തൊട്ടുചേർന്ന് കിടക്കുന്ന റബ്ബർതോട്ടം ലാൽബാഗ് ഉദ്യാനമാക്കും! ഏതെങ്കിലും ലേഡീ ടീച്ചർമാർ വന്നുപെട്ടാൽ അവരെ മണവാട്ടിയാക്കി ചിലർ ഒപ്പനകളിക്കും. വല്ല ജൂനിയർ സാറന്മാരോ ചെന്ന് അച്ചടക്കം പാലിക്കണമെന്നു പറഞ്ഞാൽ അവരെ സ്റ്റംബാക്കി കുത്തി നിർത്തിയായിരിക്കും പിന്നെ ക്രിക്കറ്റ്കളി! വല്ല സീനിയർ ഡിഗ്രിക്കുട്ടികളോ സാറു വരുമ്പോൾ പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവരെ എടുത്ത് തറ്റുടുത്തുകൊണ്ടാകും പിന്നെ ജൂനിയേഴ്സിന്റെ താണ്ഡവനൃത്തം! മണിക്കൂറുകൾക്കുള്ളിൽ വീടും കോളേജും പരിസരവും എല്ലാം ചാത്തനാടിയ കളം പോലെയാകും. അതാണ് കാലം. അതുകൊണ്ട് എങ്ങനെയും ഏഴുമണിയ്ക്ക് എത്തിയേ കഴിയുമായിരുന്നുള്ളൂ!

കണ്ണൂർ നിന്ന് ഒരു ചായയും കുടിച്ച് ഒരു ബസിൽ കോഴിക്കോട് എത്തി. സത്യം റോഡ് വഴി നാല് മണിക്കൂർ എടുത്തു. രാത്രി എട്ട് മണിയോടടുപ്പിച്ച് കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തി. കെ.എസ്.ആർ.റ്റിസി സ്റ്റാൻഡിൽ പോകാൻ ആട്ടോ വിളിച്ചപ്പോൾ ഇപ്പോൾ ബസെല്ലാം ഈ സ്റ്റാൻഡിൽ നിന്നാണ് പോകുന്നതെന്നും മറ്റേടത്ത് പണിനടക്കുകയാണെന്നും അറിഞ്ഞു.ബസ്സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ കയറി രണ്ടുമൂന്ന് പെറോട്ടയും ഒരു ചായയു പരീക്ഷിച്ച ശേഷം തൃശൂരിലെയ്ക്കുള്ള ഒരു കെ.എസ്.ആർ.റ്റി.സി ബസിൽ കയറി സ്ഥലം പിടിച്ചു. അപ്പോഴുണ്ട് ഒരു അനൌൺസ്മെന്റ് വരുന്നു; മുവാറ്റുപുഴ, കോട്ടയം, കിളിമാനൂർ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലുണ്ട്, ഉടൻ പുറപ്പെടുന്നുവെന്ന്. ഇരുന്ന ബസിൽ നിന്ന് ചാടിയിറങ്ങി തിരുവനന്തപുരം ബസിൽ കയറി. സീറ്റുകിട്ടിയില്ല. പുറകുവശത്ത് ചാരി ഒരു നില്പ്. മാനന്തവാടിയിൽ നിന്ന് കയറിയരും നിൽക്കുന്നുണ്ട്. നല്ല തിക്കും തിരക്കും. കുറെ ദൂരം നിന്നു.പിന്നെ പ്ലാറ്റ് ഫോമിൽ ഇരുന്നു. ഞാൻ ഇരിക്കാത്ത താമസം എന്റെ സമീപത്ത് കൂനിക്കൂടി നിന്നിരുന്ന ഓരോരുത്തരായി പ്ലാറ്റ്ഫോമിൽ ഇരിപ്പും കിടപ്പുമായി. തൃശൂരിൽ എത്തിയപ്പോൾ എനിക്ക് സീറ്റ് കിട്ടി. ഇനി ആരെ പേടിക്കണം? പിന്നെ ഉറക്കം, സ്വപ്നം, ഉണരൽ, പിന്നെയും ഉറങ്ങൽ, സ്വപ്നം അമേരിക്ക, ലണ്ടൻ, ഫ്രാൻസ് തുടങ്ങി ഭൂഖണ്ഡാന്തര സ്വപ്നയാത്രകൾ! ഇടയ്ക്ക് മുവാറ്റുപുഴ നിർത്തിയിട്ടപ്പോൾ ഒരു ചൂട് കട്ടൻചായ ചെയ്തു. (മുവാറ്റുപുഴയാണെന്ന് തോന്നുന്നു. അതൊക്കെ രാത്രി ആരു നോക്കാൻ!)

കൊട്ടാരക്കരയിൽ അല്പസമയം വണ്ടി പിടിച്ചിട്ടപ്പോൾ സൂപ്പർഫാസ്റ്റിന് സ്ഥിരം സ്റ്റോപ്പില്ലാത്ത തട്ടത്തുമലയിൽ എന്നെ ഇറക്കാൻ നിർത്തണമെന്നൊരു റിക്വസ്റ്റ് ഞാൻ കണ്ടക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. ആറരയ്ക്ക് തിരുവനന്തപുരത്തെത്തേണ്ട ബസാണ് അല്പം വൈകിയോടുന്നതെന്ന വിവരം അക്ണ്ടക്ടർ സൂചിപ്പിച്ചു. അതിനാൽ ഞാൻ ആ റിക്വസ്റ്റ് പിൻവലിച്ചു. കാരണം ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും സമയത്ത് എത്തുമോ എന്ന വേവലാതിയുമായി ഇരുന്ന ആളാണ് ഞാൻ. ഇനി ഞാനായിട്ട് ഒരു നിമിഷം യാത്രക്കാർക്ക് പാഴാക്കുന്നില്ല. തട്ടത്തുമലയ്ക്കപ്പുറം കിളിമാനൂർ സ്റ്റാൻഡിലോ തട്ടത്തുമലയ്ക്കിപ്പുറം നിലമേൽ ജംഗ്ഷനിലോ ഇറങ്ങാൻ തീരുമാനിച്ചു. രാവിലെ ഏഴ് മണിയ്ക്ക് നിലമേൽ ജംഗ്ഷനിൽ ഇറങ്ങി മറ്റൊരു കെ.എസ്.ആർ.റ്റി സി ബസിൽ കയറി ഏഴുമണിയും അഞ്ച് നിമിഡവുമായപ്പോൾ തട്ടത്തുമല ജംഗ്ഷനിലെത്തി. പിന്നെ പെട്ടെന്ന് കുളിച്ച് റെഡിയായി നമ്മുടെ തൊഴിൽ ജീവിതത്തിലേയ്ക്ക്! ഇതൊക്കെ തന്നെ എന്റെ മീറ്റ് യാത്രാ വിശേഷങ്ങൾ. ആരെങ്കിലും വായിച്ച് സമയ നഷ്ടം വന്നെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. വായിച്ചെങ്കിൽ അക്ഷരം കുറച്ചുകൂടി ഉറച്ചിട്ടുണ്ടാകും; അതൊരു നഷ്ടമല്ലല്ലോ!

മീറ്റിനെക്കുറിച്ച് കൂടുതലറിയാനും ചിത്രങ്ങൾ കാണാനും മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക. മീറ്റിൽ പങ്കെടുത്ത കുറച്ചുപേരുടെ ബ്ലോഗുകൾ ഞാൻ എന്റെ വിശ്വമാനവികം വായനശാലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കാം. മീറ്റിൽ പങ്കെടുത്ത എല്ലാവരും അവരുടെ ബ്ലോഗ് യു.ആർ.എൽ നൽകിയാൽ അത് വായനശാലയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. http://viswamanavikamvayanasala.blogspot.com/









































കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രബ്ലോഗം 2 എന്ന ബ്ലോഗം സന്ദർശിക്കുക. http://chithrablogam.blogspot.com/2011/09/blog-post.html
ഈ ചിത്രങ്ങൾ കൂടുതലും റെജി പുത്തൻ പുരയ്ക്കലിന്റേതാണ്. മറ്റ് ചിലരെടുത്ത ചിത്രങ്ങളുമുണ്ട്. അവരുടെയൊക്കെ ബ്ലോഗുകൾ കാണാൻ വിശ്വമാനവികം ബ്ലോഗ് വായനശാല എന്ന ബ്ലോഗിൽ എത്തുക. http://viswamanavikamvayanasala.blogspot.com/