നിങ്ങൾ ഇപ്പോൾ വിശ്വമാനവികം 3 എന്ന ബ്ലോഗിലാണ്. ഇവിടെ ക്ലിക്ക് ചെയ്ത് എന്റെ പ്രധാന ബ്ലോഗായ വിശ്വമാനവികം 1-ൽ എത്താം !

Friday, December 25, 2009

ചെറിയൊരിഷ്ടം

ചെറിയൊരിഷ്ടം

പെണ്ണിനെ കണ്ടു;
എനിയ്ക്കിഷ്ടമായി!
ആവശ്യത്തിനു സൌന്ദര്യം,
കറുപ്പിലും വെളുപ്പിലും മിതത്വം പാലിയ്ക്കുന്ന നിറം;
അതുതന്നെ എനിയ്ക്കിഷ്ടം.
എന്റെ തോളൊപ്പം ഉയരം വരും.
അല്പം മെലിഞ്ഞിട്ടാണ്;
അതിപ്പോ ഞാനും അങ്ങനെ തന്നെ.
ചിരിച്ചില്ലെങ്കിലും ചുണ്ടിൽ വിരിയുന്ന ആ ഒരു
മന്ദസ്മിതപ്പൂവിന്റെ പൊൻ വെളിച്ചമുണ്ട്, ആ മുഖത്ത്!
മുല്ലപ്പൂവിനോടാണോ, പിച്ചിപ്പൂവിനോടാണോ
അതുമല്ല, എനിക്കേറ്റവും ഇഷ്ടമായ റോസാപ്പൂവിനോടാണോ
അതിനെ ഉപമിയ്ക്കേണ്ടതെന്നറിയില്ല.
എല്ലാം കൊണ്ടും എന്റെ സങ്കല്പങ്ങൾക്കിണങ്ങുന്ന പെണ്ണ്!
എനിയ്ക്കിനിയൊന്നും ആലോചിയ്ക്കുവാനില്ല;
ചോദിയ്ക്കാനുമില്ല, പറയാനുമില്ല.
ആർഭാടങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ അങ്ങോട്ട്......
പക്ഷെ ചില പ്രശ്നങ്ങൾ;
ഇനി ഒരു മൂന്നാന്റെ സഹായം വേണം.
ഈ പെണ്ണ് ഏതാണ്, എവിടെയുള്ളതാണ്, എന്തുചെയ്യുന്നു,
ആരുടെ മകളാണ് എന്നൊക്കെ തിരക്കി അറിയണം!
എന്തിന്, അവൾ വിവാഹിതയാണോ, അവിവാഹിതയാണോ
എന്നു കൂടി അറിഞ്ഞിട്ടുവേണം കാര്യങ്ങൾ;
വിവാഹിതയാണെങ്കിൽ പിന്നെ
ഭർത്താവിന്റെ അനുവാ‍ദവും വേണമല്ലോ!
പിന്നെ എന്റെ വീട്ടിലും കാര്യങ്ങൾ ധരിപ്പിയ്ക്കണം;
അവിടെയും തീരുന്നില്ല.
ഞാനല്ലേ പെണ്ണിനെ കണ്ടുള്ളൂ.
ഇനി പെണ്ണ് എന്നെ കണ്ടറിയണം.
പെണ്ണിന് എന്നെയും ഇഷ്ടപ്പെടണം....
അങ്ങനെ ഒത്തിരി ഒത്തിരി നടപടിക്രമങ്ങൾ!
ഓ, ഒക്കെ തൊന്തറവാ;
ഞാൻ ഈ ബന്ധം വേണ്ടെന്നു വയ്ക്കുന്നു!
ഒരുവഴിയ്ക്കു പോയിട്ടു വന്ന് ബസുകാത്തു നിന്നതാണ്.
എതിർവശത്തെ സ്റ്റോപ്പിൽ നിന്ന പെണ്ണാണ്.
അവൾ തെക്കോ‍ട്ടുള്ള വണ്ടിയ്ക്കായിരിയ്ക്കണം;
ഞാൻ വടക്കോട്ടും!
അപ്പോ, എനിയ്ക്കുള്ള വണ്ടി ദാണ്ടെ വന്നു കഴിഞ്ഞു.
എന്നാപ്പിന്നെ, ഞനങ്ങോട്ട്.......

ബാധ

ബാധ

ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!

ഗലീലിയോ നാടകം

ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം:

ഗലീലിയോ നാടകം സമകാലിക പ്രസക്തിയുള്ളതാണ്. ഇത് ഇക്കാലത്ത് അവതരിപ്പിയ്ക്കേണ്ടത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയാണ്. നാടകത്തിന്റെ അവതരണത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ അവതരിപ്പിയ്ക്കുന്നത് പ്രോത്സാഹനജനകമാണ്. നാടകത്തിനു മൊത്തത്തിൽ ചില പോരായ്മകളും വന്നുപോയിട്ടുണ്ട്. അതു ചൂണ്ടി കാണിയ്ക്കുന്നു. മലയാള നാടകപ്രസ്ഥാനത്തെ വളർത്താനും പരിഷത്തിന്റെ ശ്രമം സഹായകം. ജനങ്ങളിൽനിന്നും അകന്ന പരിഷത്ത് അതിന്റെ ജനകീയ മുഖം വീണ്ടെടുക്കുന്നതു നന്നായിരിയ്ക്കും. ശാസ്ത്രബോധം വളർത്താൻ ഉപകരിയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് ആശംസകൾ!

ഗലീലിയോ നാടകം


നാടകം മരിച്ചു എന്നൊക്കെ പറയുന്നതു വെറുതെ; ഇടയ്ക്കൊക്കെ അതു മരിച്ചതുപോലെ കിടന്നെന്നിരിയ്ക്കും. എന്നിട്ടു കൂടെക്കൂടെ ചാടി എഴുന്നേറ്റ് നിവർന്നു നിന്നു പറയും, ഞാൻ ഇവിടെ ജീവനോടെ ഉണ്ട് എന്ന്. അതിനു പലരും, പലതും നിമിത്തമാകണമെന്നു മാത്രം. അഥവാ നാടകത്തെ അതിന്റെ രംഗഭാഷയുടെ ശക്തി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താൻ ആരെങ്കിലും മുതിർന്നാൽ മതി അതിന് വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ. (സിനിമ എന്നൊരു മാധ്യമം വന്നില്ലായിരുന്നെങ്കിൽ ഇന്നും ഏറ്റവും കൂടുതൽ ജനങ്ങൾ കാണുകയും, അവരെ സ്വാധീനിയ്ക്കുകയും ചെയ്യുന്ന ഒരു കലാരൂപമാകുമായിരുന്നു നാടകം.) അങ്ങനെ നമ്മുടെ ഉറങ്ങിക്കിടക്കുന്ന തനതു നാടക പാരമ്പര്യത്തെ കൂടെ കൂടെ വിളിച്ചുണർത്തുന്ന ഒരു പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ആശയങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനു നാടകം എന്ന ജീവസുറ്റ ജനകീയ കലയെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിന്റെ പ്രചരണ ജാഥകളിൽ സാധാരണ ഒരു കൂട്ടം ചെറിയ ചെറിയ നാടകങ്ങൾ അവതരിപ്പിയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പരിഷത്ത് ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മുഴുനീളൻ നാടകവുമായാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നല്ല ഉദ്യമം. അതും വിഖ്യാത ശസ്ത്രജ്ഞൻ ഗലീലിയെ കുറിച്ച്.! ബർത്തോൾഡ് ബൃഹത്ത് എന്ന ജർമ്മൻ നാടക കൃത്ത് എഴുതിയ നാടകത്തിന്റെ മലയാളം ആവിഷ്കാരമാണ് ഇത്.

നാടകം എഴുതപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലും, അതിനാസ്പദമായ വിഷയം പതിനേഴാം നൂറ്റാണ്ടിൽ സംഭവിച്ചതുമാണ്. എങ്കിലും സമകാലിക സാമൂഹ്യ സാഹചര്യം ഇങ്ങനെ ഒരു നാടകം ആവശ്യപ്പെടുന്നുണ്ട്. ഗലീലിയോയുടെ ജീവിത കാലത്തെ വെല്ലുന്ന തരത്തിൽ മതമേധാവിത്വം പലമാർഗ്ഗങ്ങളിലും അരങ്ങുവാഴാൻ ശ്രമിയ്ക്കുകയും അതിൽ വിജയം വരിയ്ക്കുകയും ചെയ്യുന്നതിലൂടെ പഴയകാലത്തിന്റെ പുനരാവിഷ്കരണം ഇവിടെ നാം കണ്ടു കൊണ്ടിരിയ്ക്കുന്നുണ്ട്. പണ്ട് അജ്ഞതകൊണ്ട് ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് വിസ്മയിപ്പിയ്ക്കുന്ന അറിവുകളുടെ അദ്ഭുതലോകത്തു നിന്നു കൊണ്ട് മനപൂർവ്വം ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിയ്ക്കുന്നു എന്നതാണ് വ്യത്യാസം. ഇന്ന് ശാസ്ത്രത്തെ അവിശ്വസിയ്ക്കുക, നിരാകരിയ്ക്കുക മുതലായവയാണ് ശരിയായ ജീവിത മാതൃക എന്ന നിലപാട് സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൽഫലങ്ങളും അനുഭവിയ്ക്കുകയും ശാസ്ത്രമാർഗ്ഗത്തിൽ മനുഷ്യൻ ആർജ്ജിച്ച നേട്ടങ്ങളിൽ ഊറ്റം കൊള്ളുകയും, അതേ സമയം ശാസ്ത്രത്തിന് അതീതമായി എന്തൊക്കെയോ ഉണ്ടെന്നും അതാണ് ശാസ്ത്രത്തിന്റെ പോലും വളർച്ചയ്ക്കു നിദാനമെന്നും ഉള്ള മണ്ടൻ തത്വശാസ്ത്രം ബോധപൂർവ്വം പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.

ശാസ്ത്രമാണ് ശാശ്വത സത്യമെന്നവിശ്വാസം എല്ലാവരും അംഗീകരിച്ചാൽ പിന്നെ നിലനിൽ‌പ്പില്ലാത്ത മതം ഉൾപ്പെടെ ചില ശാസ്ത്രാതീത പ്രസ്ഥാനങ്ങളും അവയുടെ മേധാവികൾ ഉൾപ്പെടെയുള്ള അവയുടെ ഗുണഭോക്താക്കളും, അധികാരലഭ്യതയുടെ അവിഹിത മാർഗ്ഗമായി ഇവയെ ഉപയോഗിയ്ക്കുന്നവരുമായ ശക്തികളാണ് എല്ലാ ശാസ്ത്രവിരുദ്ധ പ്രചരണങ്ങൾക്കും പിന്നിൽ. ഗലീലിയോയുടെ കാലത്തു മാത്രമല്ല, ഇന്നും സംഘടിത മതങ്ങൾ സ്വതന്ത്ര ചിന്തയ്ക്കും ആശയപ്രകാശനത്തിനും മനുഷ്യ പുരോഗതിയ്ക്കാകെയും തടസ്സമായി നിൽക്കുന്നുണ്ട്. ഇന്നും ആളും ആയുധവും പണവും അധികാരവും എല്ലാം ലോകത്തെവിടെയും മത മേലാളരുടെ മേധവിത്വത്തിൻ കീഴിലാണ് എന്നതാണു സത്യം. ഇന്ന് ഭീകരതയുടെ മാർഗ്ഗത്തിലും മതങ്ങൾ മേൽക്കൊയ്മ നിലനിർത്താൻ ശ്രമിയ്ക്കുകയാണ്. കാലം ചവറ്റു കുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടി മിനുക്കിയെടുത്തു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പരിശ്രങ്ങളും ഇന്ന് നടന്നുകൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരു വർത്തമാനകാലത്തിൽ ജനങ്ങൾക്ക് പുരോഗമന ആശയങ്ങളും, ശാസ്ത്രവും, ശാസ്ത്രബോധവും ഉൾക്കൊള്ളുവാൻ സഹായകമായ ഒരു എളിയ ശ്രമം പോലും ഏറെ പ്രോത്സാഹനം അർഹിയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്ത് ഗലീലിയോ എന്ന നാടകവുമായി ഒരു യാത്ര നടത്തുന്നത് തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു. സാമൂഹ്യ നവോത്ഥാനത്തിനും ശാസ്ത്രം പ്രചരിപ്പിയ്ക്കുന്നതിനും പരിഷത്ത് നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്.

എന്നാൽ കുറെ കാലമായി പരിഷത്ത് ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുകയായിരുന്നു എന്നതും ഒരു യാതാർത്ഥ്യമാണ്. പുസ്തകം വിറ്റും മറ്റും സാമ്പത്തികമായി അല്പം മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയതും, ഔദ്യോഗിക തലത്തിൽ തന്നെ ചില സ്ഥാനമാനങ്ങളും അതുവഴി വിവിധ സാമ്പത്തിക സ്രോതസ്സുകളും പരിഷത്തിനും അതിന്റെ നേതാക്കൾക്കും തുറന്നു കിട്ടിയതും മാത്രമല്ല, എല്ലാം തികഞ്ഞവർ തങ്ങളാണെന്ന ചില മിഥ്യാ‍ ധാരണകളും അതിൽനിന്നുണ്ടായ ഗർവ്വും ഒക്കെ ഒരു പ്രസ്ഥാനം എന്ന നിലയിൽ പരിഷത്തിനെ ജനങ്ങളിൽനിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും അകറ്റിയിട്ടുണ്ട്. കൂടാതെ മിക്ക പ്രദേശങ്ങളിലും ജനസമ്മതിയില്ലാത്ത പ്രവർത്തകരാണ് പരിഷത്ത് കൊണ്ടു നടക്കുന്നതെന്നതും ഇതിനെ ജനങ്ങളിൽനിന്നും അകറ്റി. ജനപ്രീതിയുടെ മാനദണ്ഡത്തിൽ ഉള്ളവർക്കു മാത്രമായി കൊണ്ടു പോകാൻ കഴിയുന്നതുമല്ല പരിഷത്ത്. അതില്ലാത്തവരുടെയും പലതരം സേവനങ്ങളും പരിഷത്തിനു പ്രയോജനപ്പെടുത്തേണ്ടി വരും. എന്നാ‍ൽ ബുദ്ധിജീവി നാട്യവുമായി നടക്കുന്ന ഒരു വിഭാഗത്തിനു മാത്രം കൊണ്ടു നടക്കാനുള്ള ഒന്നായി മാറരുത് പരിഷത്ത്. എന്നാൽ ജനങ്ങളുമായി ഇതിനെ കൂട്ടിയിണക്കുവാൻ ജനസമ്മതരും പൊതു പ്രവർത്തകരുമായ വിവിധ മേഖലകളിലുള്ളവരുടെ സേവനം കൂടി പരിഷത്ത് പ്രയോജനപ്പെടുത്തണം. പരിഷത്തിന്റെ യൂണിറ്റുകളും യൂണിറ്റുതല പ്രവർത്തനങ്ങളും ഇപ്പോൾ എത്രയോ മന്ദീഭവിച്ചിരിയ്ക്കുന്നു. ഇപ്പോൾ ഈ നാടകയാത്രയിലൂടെയും മറ്റും പരിഷത്തിന്റെ ജന സമ്പർക്കം വീണ്ടെടുക്കാനും പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും കഴിയുമെന്നു പ്രത്യാശിയ്ക്കുന്നു.

ഇനി ഗലീലിയോ നാടകത്തെക്കുറിച്ച് വിമർശനബുദ്ധിയിൽനിന്നും ചിലത് ; നാടകാവതരണത്തിന്റെ ലക്ഷ്യം സോദ്ദേശപരവും സ്പഷ്ടവുമാണ്. ഈ നാടകത്തിന്റെ സന്ദേശം നാടകം കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. കാഴ്ചക്കാരനെ ഇതു സ്വാധീനിയ്ക്കുകയും ചെയ്യും.എങ്കിലും ശക്തമായ ഒരു കലാമാധ്യമം എന്ന നിലയിൽ ഈ നാടകത്തിനു ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പറയുമ്പോൾ ഈ നാടകം രംഗത്ത് അവതരിപ്പിയ്ക്കുവാനുള്ള പരിമിതികൾ മറക്കുന്നില്ല. ധാരാളം കഥാപാത്രങ്ങളുള്ള ഒരു മുഴുനീളൻ നാടകമാണിത്. മൂലകൃതിയോടു നീതി പുലർത്തിക്കൊണ്ടും, സ്ഥലകാല ബോധം ഉൾക്കൊണ്ടും, നമ്മുടെ നാടക സങ്കല്പങ്ങൾക്കും രംഗസാദ്ധ്യതകൾക്കും അനുസൃതമായും ഈ നാടകം അവതരിപ്പിയ്ക്കുക എന്നതു തന്നെ ശ്രമകരമായ ഒരു ദൌത്യമാണ്. ഒരു സമകലീന സ്പർശവുംകൂടി വേണമെന്നാകുമ്പോൾ ആവിഷ്കരിയ്ക്കുന്ന ആളും സംവിധായകനും ഒക്കെ മാനസികമായിത്തന്നെ നല്ല പിരിമുറുക്കം നേരിടും. നാടകത്തെക്കുറിച്ച് നല്ല അവബോധവും അനുഭവവും കൈമുതലായുള്ള പ്രൊ. പി.ഗംഗാധരനാണ് ഗലീലിയോ എന്ന നാടകം അവതരിപ്പിയ്ക്കാൻ കഴിയും വിധം പാകപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും അദ്ദേഹം ആത്മാർത്ഥമായി തന്നെയാണ് നാടകത്തിന്റെ ആവിഷ്കാരം നിർവ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടു മാത്രമല്ലാത്ത പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും! ഒരു അന്യ ഭഷാ നാടകത്തെ മലയാളീകരിയ്ക്കുമ്പോൾ സ്വാഭാവികമായും അതിന്റേതായ ചില പരിമിതികളും ഉണ്ടാകുമല്ലോ!

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് ഒരേ ദിവസം ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നിരിയ്ക്കുന്നത്.(14-11-2009) അതായത് ഒരേനാടകം മൂന്നു ടീമായി തിരിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിയ്ക്കുന്നു. ഈയുള്ളവൻ കണ്ടത് തിരുവനന്തപുരത്ത് എസ്.എം.വി സ്കൂളിൽ അവതരിപ്പിച്ച നാടകമാണ്. ഒരോ ടീമും അവതരിപ്പിയ്ക്കുമ്പോൾ അവതരണ ഭംഗിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകം സംവിധായകനു പൂർണ്ണമായും സംതൃപ്തി നൽകുന്ന തരത്തിൽ അവതരിപ്പിയ്ക്കപ്പെട്ടുവോ എന്നത് അദ്ദേഹത്തിനോടുതന്നെ ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു. പരിമിതികൾ അംഗീകരിയ്ക്കുന്നുവെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെന്നു പറയാതെ വയ്യ! ഈ നാടകത്തിലെ നടീനടന്മാർ വേണ്ടത്ര അഭിനയ മികവു പുലർത്തിയില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. മിക്ക നടീ നടന്മാരും അഭിനയത്തിന്റെ ബാലപാഠങ്ങൾ പോലും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു പക്ഷെ ഇതിൽ അഭിനയിച്ച എല്ലാവരും മുമ്പ് നാടകം അവതരിപ്പിച്ചു പരിചയമുള്ളവർ അയിരിയ്ക്കില്ല. ചിലരെങ്കിലും ആദ്യമായി രംഗവേദിയിൽ എത്തുന്നവരും ആയിരിയ്ക്കാം.

എന്നാൽ മുഖ്യകഥാപാത്രമായ ഗലീലിയോ എങ്കിലും കഥാപാത്രത്തോട് കുറച്ചു കൂടി നീതി പുലർത്തേണ്ടിയിരുന്നു. ഏതാണ്ട് ഗലീലിയോയുടെ രൂപ ഭാവങ്ങൾ ഉൾക്കൊള്ളിയ്ക്കാവുന്ന ഒരു മുഖം തെരഞ്ഞെടുത്തു എന്നതിനപ്പുറം ഈ കഥാപാത്രത്തിന് ഒരു അഭിനയമികവ് പുലർത്താൻ ആയില്ല. ഒരു ചരിത്ര സംഭവം നാടകമാക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ചരിത്രത്തിലെ ആ യഥാർത്ഥ വ്യക്തിയുടെ അതേ മുഖച്ഛായ ഉള്ളവർ തന്നെ വേണം എന്നൊന്നുമില്ല. അങ്ങനെ ഉള്ളവർ ആയാൽ കുറച്ചു കൂടി യഥാതതമായി തോന്നാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നേയുള്ളൂ. ചരിത്രത്തിലെ വ്യക്തിയുമായി സാമ്യമില്ലാത്ത മുഖമുള്ളവരാണെങ്കിലും അഭിനയ മികവുകൊണ്ട് ആ കഥാപാത്രത്തെ ശരിയാംവിധം പ്രതിഫലിപ്പിയ്ക്കാൻ കഴിയും. ഇവിടെ ഗലീലിയോ ആയി അഭിനയിച്ച നടന് ഗലീലിയോ എന്ന ശാസ്ത്രജ്ഞനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതുപോലെ തോന്നിപ്പിച്ചു. ശബ്ദക്രമീകരണത്തിലായിരുന്നു പ്രധാന പോരായ്മ. പലപ്പോഴും ഗലീലിയോ പറയുന്നത് കേൾക്കാൻ തന്നെ കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞന്റെ നിസ്സഹായതകളെ പ്രതിഫലിപ്പിയ്ക്കാൻ കുറച്ചൊക്കെ ആ ഭാവ ചലനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു മെച്ചമാണ്. കുറച്ചുകൂടി ആത്മാർത്ഥത ഗലീലിയോ എന്ന കഥാപാത്രത്തോടു കാണിയ്ക്കണമായിരുന്നു എന്നൊരു തോന്നൽ നാടകം വിമർശന ബുദ്ധ്യാ കാണുന്നവരിൽ ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്. ആദ്യത്തെ സ്റ്റേജു കഴിയുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടേക്കും എന്നൊരു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു കരുതാം.

ഇനി മറ്റു കഥാപാത്രങ്ങളെ എടുത്താൽ മിക്കവരും കാണികളുടെ ശ്രദ്ധയെ തന്നെ ആകർഷിയ്ക്കാതെ പോയിട്ടുണ്ട്. ഒരു തരം തണുത്ത കഥാപാത്രങ്ങളായി പോയി മറ്റുള്ളവരൊക്കെ. മുഖ്യ കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും പ്രകടനത്തിനും മുന്നിൽ ചിലപ്പോൾ മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭമായി പോകാറുണ്ട് ചില നാടകങ്ങളിൽ. ഇവിടെ പക്ഷേ മുഖ്യനടന്റെ പ്രകടനം തന്നെ മെച്ചമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രകടനത്തിനു മുന്നിൽ മറ്റുള്ളവർ നിഷ്പ്രഭരായിപ്പോയി എന്നും പറയാനാവില്ല.തീർച്ചയായും കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്, എല്ലാ കഥാപാത്രങ്ങളും. നാടകാഭിനയത്തിൽ സ്വന്തം ശബ്ദത്തിന്റെ സാദ്ധ്യതകൾ ഇതിലെ മിക്ക നടീനടന്മാരും മനസ്സിലാക്കാതെ പോയിട്ടുണ്ട്. പലരുടെയും മുഖത്ത് ഭാവാഭിനയം വേണ്ടത്ര ഇല്ലാതെയും പോയി. ഒരു തരം നിർവ്വികാരത. മിക്കവരും ശരീരഭാഷയിൽ ഒതുങ്ങിയതല്ലാതെ മുഖാഭിനയത്തിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല. കഥാപാത്രങ്ങൾ ലാഘവത്തിൽ ഇങ്ങനെ വരുന്നു, പോകുന്നു എന്നൊരു പ്രതീതി പലപ്പോഴും ഉണ്ടായി.

സാധാരണ പരിഷത്ത് നാടകങ്ങളിലെ പാട്ടുകൾ പെട്ടെന്ന് മറക്കുന്നവയാകാറില്ല. പാട്ടുകൾക്ക് പൊതുവെ ഒരു പരിഷത്ത് ടച്ച് സാധാരണമാണ്. അതും ഇക്കുറി ഇല്ലാതെ പോയി. ഈടുറ്റ വരികളോ നല്ല സംഗീതമോ ഉണ്ടായില്ല. ഒരു പരിഷത്ത്നാടകം കണ്ടുകേട്ടിറങ്ങുമ്പോൾ ചുണ്ടിൽ രണ്ടുവരി പാട്ടെങ്കിലും തത്തിക്കളിച്ചില്ലെങ്കിൽ പിന്നെന്തു പരിഷത്ത് നാടകം. പലപ്പോഴും ഈ നാടകം നിശ്ചലമായി പോകുന്നോ എന്നു തോന്നുന്ന തണുപ്പൻ പ്രകടനം നടീനടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് ഈ നാടകത്തിന് ഒരു സമകാലിക മുഖം നൽകിയിരിയ്ക്കുന്നു എന്നൊരു പരസ്യം നൽകാനാകില്ല. അതിനു സംവിധായകനു കഴിഞ്ഞിട്ടില്ല. ആദ്യത്തെ ഒരു രംഗം സമകാലികമാക്കി കാണികളെ ചിരിപ്പിച്ച് നാടകത്തിന് അല്പം കൂടി മിഴിവേകി എന്നതിനപ്പുറം പിന്നീട് സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്ന ഒന്നുമില്ല. സാക്ഷാൽ ചരിത്രം തന്നെ. അതിൽ പിന്നെ ഒഴിവാക്കലുകളല്ലാതെ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നത് സത്യസന്ധതയ്ക്കു നിരക്കുന്നതല്ലെന്നു സംവിധായകൻ തിരിച്ചറിഞ്ഞതു കൊണ്ടാണെങ്കിൽ അതും ഒരു തരത്തിൽ നന്നായി. ദൂരദർശിനി കണ്ടു പിടിച്ചതു മുതൽക്കുള്ള ഗലീലിയോയുടെ ജീവിതത്തിലെ സംഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. അതു തന്നെ മുഖ്യപ്രമേയമാകേണ്ടതും. അവിടെ സമകാലികമായ ഏച്ചു കെട്ടലുകൾക്കു വലിയ പ്രസക്തിയുമില്ല.

മൊത്തത്തിൽ ഒരു ഇഴച്ചിൽ ഈ നാടകത്തിന്റെ ഒരു ന്യൂനത തന്നെയായിരുന്നു.സത്യത്തിൽ ഈ നാടകം രണ്ടു മണിക്കൂ‍ർ നീട്ടിക്കൊണ്ടു പോകേണ്ടിയിരുന്നോ? ആകെക്കൂടി ഒരു മണിക്കൂർ കൊണ്ട് തീരുന്ന നിലയിൽ ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ ശക്തവും ചടുലവുമായേനെ എന്ന് ഈയുള്ളവനു തോന്നി. നീളത്തിലല്ല കാര്യം എന്ന് ഈ നാടകം തെളിയിക്കുന്നതുപോലെ. മാത്രവുമല്ല ഇന്നത്തെ കാലത്ത് പ്രൊഫഷണൽ നാടകം കാണുന്നതുപോലെ ഇങ്ങനെ ഒരു സോദ്ദേശ വൈജ്ഞാനിക നാടകം രണ്ടുമണിക്കൂർ ക്ഷമയോടെ കാണാൻ എത്രപേർ തയ്യാറാകും എന്നതും ചിന്തിയ്ക്കേണ്ടതാണ്. ഉദ്ഘാടന സദസ്സിൽ ആദ്യം കാണികളിൽ കണ്ട ഒരു ഉത്സാഹം അവസാനം വരെ നിലനിർത്താൻ നാടകത്തിനു കഴിഞ്ഞില്ല എന്നത് ഉദാഹരണമാണ്. പലരും നാടകം തീരുന്നതിനു മുൻപ് ഇറങ്ങി പോയി. ഇവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്നാൽ മറ്റുള്ളവർ നല്ലൊരു പങ്കും നാടകം കാണാൻ കരുതിക്കൂട്ടി സമയം കണ്ടെത്തി താല്പര്യപൂർവ്വം വന്നവരായതു കൊണ്ട് അവസാനം വരെ ക്ഷമിച്ച് ഇരുന്നിട്ടുള്ളതും ആകാം. ഞാൻ തന്നെ പിന്നീട് എവിടെയെങ്കിലും വച്ചു കാണാം ഇപ്പോൾ പോയാലോ എന്നു ചിന്തിച്ചതാണ്. പിന്നെ പത്രവാർത്തകണ്ട് പെരുമഴപ്പരുവത്തിനു കാശും ചെലവാക്കി തട്ടത്തുമലനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്ത് , തിരുവനന്തപുരം വരെ വന്നിട്ടു മുഴുവൻ കാണാതെ പോയാലോ എന്നു ചിന്തിച്ച് കണ്ടു തീർത്തതാണ്. ഉദ്ഘാടന സദസ്സിൽ കാണികൾ ഹാൾ നിറഞ്ഞിരുന്നത് ആശ്വാസകരമാണ്. ഇങ്ങനത്തെ ഒരു സോദ്ദേശ നാടകം കാണാൻ ഇത്രയധികം ആളുകൾ വന്നത് നാടകം മരിയ്ക്കില്ലെന്നതിന്റെ തെളിവായെടുക്കാം.

ഗലീലിയോ നാടകം സംബന്ധിച്ച് ഇവിടെ ഉയർത്തിയിട്ടുള്ള വിമർശനങ്ങൾ വിമർശനബുദ്ധ്യാ നാടകം കാണുന്നവർക്കു മാത്രം ബാധകമായ കാര്യങ്ങളാണ്. നാടകം കാണുന്ന സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ല. പരിഷത്ത് ലക്ഷ്യം വയ്ക്കുന്നത് നാടക നിരൂപകരെ മാത്രമല്ലല്ലോ. ജനങ്ങളെ മൊത്തത്തിലല്ലേ? ഈ നാടകം കൊണ്ട് പരിഷത്ത് എന്താണോ ഉദ്ദേശിയ്ക്കുന്നത് ആ ലക്ഷ്യം സാക്ഷാൽക്കരിയ്ക്കുവാൻ ഈ നാടകാവതരണം സഹായിക്കും. അതിന് ഇത്രയൊക്കെ അവതരണ ഭംഗി മതിതാനും. എങ്കിലും ഇനിയുള്ള വേദികളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കുറ്റമറ്റ രീതിയിൽ ഈ നല്ല നാടകം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിയ്ക്കുവാൻ കഴിയും. ആശംസകൾ!

പിൻകുറിപ്പ്: ഞാനും എന്റെ നാടകക്കാലത്ത് ഗലീലിയോ ഒരു ലഘുനാടകമാക്കി സ്കൂൾ കുട്ടികൾക്കു വേണ്ടി തയ്യാറാക്കി അവതരിപ്പിച്ച് , കുട്ടികൾക്കു സമ്മാനം ലഭിച്ചിരുന്നു എന്നത് ഇപ്പോൾ സാന്ദർഭികമായി ഇവിടെ പറഞ്ഞുകൊള്ളുന്നു.അതൊക്കെ ഒരു കാലം.....

Friday, November 6, 2009

അഭ്യസ്തവിദ്യരിലെ നിരക്ഷരത

മുൻ കുറിപ്പ് : എനിയ്ക്കു വേണ്ടപ്പെട്ട ഒരു ബി-എഡ് വിദ്യാർത്ഥിയ്ക്ക് അഭ്യസ്തവിദ്യരും അന്ധവിശ്വാസങ്ങളും എന്ന വിഷയം സംബന്ധിച്ച് ക്ലാസ്സിൽ പ്രസംഗിയ്ക്കാൻ നൽകിയ വിവരങ്ങളിലെ ചില പോയിന്റുകൾ ക്രോഡീകരിച്ചതാണ് ഈ പോസ്റ്റ്

അഭ്യസ്തവിദ്യരിലെ നിരക്ഷരത

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പലതാണ്. ജീവസന്ധാരണത്തിനുള്ള ഒരു മാർഗ്ഗം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുക എന്നതിലുപരി മനുഷ്യനെ സംസ്കരിക്കുക, വ്യക്തിത്വം വികസിപ്പിക്കുക, ശാസ്ത്രബോധവും, യുക്തി ബോധവും വളർത്തുക മുതലായവ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനുവേണ്ടി മാത്രമായി നടത്തുന്നതല്ല, അഥവാ ആയിരിയ്ക്കരുത് വിദ്യാഭ്യാസം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കാര്യങ്ങൾ എല്ലാം വേണ്ടത്ര ആർജ്ജിയ്ക്കുവാൻ ഒരു വിദ്യാർത്ഥിയ്ക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്താ വിഷയം. കുറച്ചെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാൽ വിദ്യാ‍ഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവുകളെ ചിലതിനെയെങ്കിലും അറിഞ്ഞും അറിയാതെയും നിഷേധിയ്ക്കുന്ന ഒരു സവഭാവം തലമുറകളായി നമ്മുടെ സമൂഹത്തിൽ നില നിൽക്കുകയാണ്.

എല്ലാ തൊഴിലും ചെയ്യാനുള്ള പ്രാപ്തി നേടാൻ പള്ളിക്കൂടത്തിൽ പോകണമെന്നില്ല. എന്നാൽ ചിലതിനൊക്കെ വിദ്യ ആവശ്യവുമാണ്. അതുകൊണ്ട് അക്കാര്യം തൽക്കാലം ഇവിടെ മാറ്റിവയ്ക്കുന്നു. സംസ്കാരം, വ്യക്തിത്വ വികസനം എന്നീ ലക്ഷ്യങ്ങൾ നേടാൻ ഔപചാരിക വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എങ്കിലും വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കാത്ത കാലത്തും പരിമിതികളോടെയാണെങ്കിലും അവ നേടാൻ കഴിഞ്ഞിരുന്നു. ആ നേട്ടം കൊണ്ടാണല്ലോ പിന്നീട് ഔപചാരിക വിദ്യാഭ്യാസ രീതികൾ കണ്ടു പിടിയ്ക്കാൻ തന്നെ അവനു പ്രാപ്തിയുണ്ടായത്. പലപ്പോഴും ഒരു നിരക്ഷരനുള്ള സംസ്കാരം അഭ്യസ്ത വിദ്യർക്ക് ഇല്ലാതെ പോകാറുണ്ട് എന്നതും നാം അനുഭവിയ്ക്കാറൂണ്ട്. അതുപോലെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തവരുടെ വ്യക്തിത്വം വികസിയ്ക്കുകയേ ഇല്ല എന്നും കരുതാനാകില്ല. വിദ്യാലയങ്ങൾ കണ്ടു പിടിയ്ക്കുന്നതിനു മുൻപും ആളുകളുടെ വ്യക്തിത്വം വികസിച്ചിട്ടൂണ്ട്. ഇന്നത്തെ അപേക്ഷിച്ച് പരിമിതികളോടെയാണെങ്കിലും. അപ്പോൾ മൊത്തത്തിൽ മുൻ കാല പരിമിതികളെ മറികടന്നു കൊണ്ട് കൂടുതൽ ലക്ഷ്യങ്ങൾ നേടുവാനാണ് ആധുനിക വിദ്യാഭ്യാസം സഹായിക്കുക എന്നു നമുക്കു കരുതാം.

ഇനിയുള്ള രണ്ടു കാര്യങ്ങൾക്കാണ് ഇവിടെ ഊന്നൽ കൊടുക്കുന്നത്. അതായത്, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ ആർജ്ജിക്കുവാൻ വിദ്യാഭ്യാസം സഹായിക്കുന്നുണ്ടോ എന്നത്. തീർച്ചയായും വിദ്യാഭ്യാസം ഏറെക്കുറേ അതിനു സഹായിക്കുന്നുണ്ട്. ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കാത്ത കുറെ കാര്യങ്ങളും കൂടി പഠിപ്പിയ്ക്കപ്പെടുന്നുണ്ടെങ്കിലും. എന്നാൽ ശാ‍സ്ത്രീയമായ വിദ്യാഭ്യാസം നേടുന്ന ആളുകളിൾ ശാസ്ത്രബോധവും യുക്തിചിന്തയും വളരുന്നുണ്ടോ ? ഇതാണ് ഇവിടേ പ്രസക്തമായ ചോദ്യം. യുക്തിചിന്തയ്ക്ക് ശാസ്ത്രം ഒരു പിൻബലമാണ്. ആ ശാസ്ത്രമാകട്ടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഏതു വിഷയവും ഇന്ന് ശാസ്ത്രീയമായ പഠനമായതിനാൽ വിഷയശാഖകൾ എല്ലാം തന്നെ ശാസ്ത്രം ചേർത്താണ് ഓരോന്നും അവയുടെ പേർകൊള്ളുന്നത്. എന്തിന് ശാസ്ത്രത്തിനു നിരക്കാത്ത വിഷയങ്ങൾ പോലും ഇന്ന് ശാസ്ത്രം എന്ന പേർ ചേർത്താണ് വിളിയ്ക്കപ്പെടുന്നത്. ഉദാഹരണം ജ്യോതിഷം. അതും ശാസ്ത്രമാണത്രേ. അത് ഏതൊക്കെയോ സർവ്വകലാശാലകളിൽ പഠിപ്പിയ്ക്കപ്പെടുന്നു!

ഇവിടെ വിഷയം വർഷങ്ങളോളം ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഓരോരോ വിഷയ ശാഖകൾ (Disciplins)) പഠിച്ച് ബിരുദങ്ങളും ഡിപ്ലോമകളും നേടി വരുന്ന അഭ്യസ്ത വിദ്യർ ശാസ്ത്രബോധം ഉൾക്കൊള്ളൂന്നവരാണോ? ശാസ്ത്രത്തെ അവർ അംഗീകരിയ്ക്കുന്നുണ്ടോ? ശാസ്ത്രത്തിന്റെ പിൻബലമുള്ള യുക്തി ബോധം അവർക്കുണ്ടോ? നിർഭാഗ്യം എന്നു പറയട്ടെ നമ്മുടെ അഭ്യസ്ത വിദ്യരിൽ നല്ലൊരുപങ്കും ശാസ്ത്രത്തിനു നിരക്കാത്തതും യുക്തിരതിതവുമായ ചിന്തകളും പ്രവൃത്തികളും വച്ചു പുലർത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പലരും ശാസ്ത്രത്തെ പാടേ നിരാകരിയ്ക്കുമ്പോൾ ചിലർ തങ്ങളൂടെ അശാസ്ത്രീയവും യുക്തിരഹിതവുമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ബലം നൽകാനും വ്യാഖ്യാനിയ്ക്കാനും ശാസ്ത്രത്തെ തന്നെ കൂട്ടു പിടിയ്ക്കുവാൻ വൃഥാശ്രമിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അഭ്യസ്ത വിദ്യർക്കിടയിലെ നിരക്ഷരതയാണ് നമ്മുടെ സമൂഹം ഇന്ന് അനുഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം.

പ്രാകൃത കാലത്തെ മനുഷ്യനെ വെല്ലുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധുനിക വികസിത വിദ്യാഭ്യാസത്തിന്റെ എല്ലാ രുചിഭേദങ്ങളും അനുഭവിച്ചിറങ്ങുന്ന അഭ്യസ്ഥ വിദ്യർക്കിടയിൽ വളർന്നു വികസിച്ചു കൊണ്ടിരിയ്ക്കുന്ന ദുര്യോഗം നാളുകളായി നാം അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. കാലം ചവറ്റുകുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടിയെടുത്ത് ആധുനിക ഉല്പന്നങ്ങളാക്കി വിറ്റഴിയ്ക്കുന്ന ഉല്പാദകരും അതിന്റെ വിതരണക്കാരും പെരുകിവരികയാണ്. അതിന്റെയൊക്കെ ഫലമായി ഇവിടെ മനുഷ്യ ദൈവങ്ങളും, വിശുദ്ധന്മാരും അവുലിയാക്കളും ഉണ്ടാകുന്നു. ഈ ആധുനിക അന്ധവിശ്വാസ- അനാചാര കച്ചവടക്കാർ യഥാർത്ഥ ദൈവത്തെയല്ല, പണദുർദ്ദേവതയെ ആണ് ആരാധിയ്ക്കുന്നതെന്നു മനസിലാക്കുവാൻ നമ്മുടെ വിദ്യാസമ്പന്നർക്ക് കഴിയുന്നില്ല. എന്തിന് ശാസ്ത്രജ്ഞന്മാർക്കു പോലും കഴിയുന്നില്ല. അവർ അതിന്റെ ഭാഗമായി മാറുകയാണ്.

ഇന്ന് മനുഷ്യ ദൈവങ്ങളുടെ പുറകെ പോകുന്നവരിൽ നല്ലൊരു പങ്കും അഭ്യസ്ഥ വിദ്യരാണെന്നതിൽ നമുക്ക് എന്തുകൊണ്ട് ലജ്ജിച്ചുകൂട? ദിവ്യശക്തികൾ ഉണ്ടെന്ന് അവർ ചുമ്മാ വിശ്വസിയ്ക്കുകയാണ്. മന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നടത്തുന്നവരും നല്ലൊരു പങ്ക് അഭ്യസ്തവിദ്യർ തന്നെ. യുക്തിവാദികൾ പണ്ടേ കൊന്നു കുഴിച്ചുമൂടിയ ഭൂതപ്രേത പിശാചുക്കൾ ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്, അഭ്യസ്ഥവിദ്യർ അടക്കം. അതൊക്കെ സഹിക്കാമെന്നു വിചാരിക്കാം. ഇന്ന് വർഗ്ഗീയ -ഭീകര പ്രസ്ഥാനങ്ങളിൽ വിശ്വസിയ്ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ നല്ലൊരുപങ്കും അഭ്യസ്ത വിദ്യരാണ് എന്നത് നമ്മെ ഭയപ്പെടുത്തുകയാണ്. സാമാന്യ വിദ്യാഭ്യാസമെങ്കിലുമുള്ള ഒരാൾക്ക് ഒരു തികഞ്ഞ വർഗ്ഗീയവാദിയാകാൻ കഴിയുന്നത് അദ്ഭുതകരം തന്നെ! അപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് എവിടെയോ എന്തോ തകരാറ് ശേഷിയ്ക്കുന്നുണ്ട് എന്നു കരുതേണ്ടിയിരിയ്ക്കുന്നു.

അതുപോലെ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഉദ്യോഗ കയറ്റം കിട്ടുമ്പോൽ ആദ്യം പോകുന്നത് ആരാധനാലയത്തിലേയ്കാണ്. ഈയിടെ ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റയാളും ആദ്യം പൂജാദികർമ്മങ്ങൾക്ക് കുടുമ്പക്ഷേത്രത്തിലേയ്ക്കാണു പോയത്. അതൊക്കെ നമുക്ക് പൊറുക്കാം. കാരണം പരമ്പരാഗതമായ വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള മനോധൈര്യം ഇല്ലാത്ത നിലയിൽ വിശ്വാസങ്ങൾ ഉള്ളിൽ രൂഢ മൂലമായി കിടക്കുന്നതു കൊണ്ടാകാം. എന്നാൽ ശാസ്ത്രജ്ഞന്മാർ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത് ഗണപതിയ്ക്കു തേങ്ങ ഉടച്ചിട്ടാകുമ്പോൾ അത് ലോകത്തെ പുരോഗതിയിലേയ്ക്ക് ആനയിച്ച ശാസ്ത്രത്തെ അവഹേളിയ്ക്കലാണ്. ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ മനുഷ്യനു ചെയ്യാൻ പ്രാപ്തി നൽകിയ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിയ്ക്കാമോ? അങ്ങനെ വരുമ്പോൾ സാധാരണ അഭ്യസ്ത വിദ്യരെ കുറ്റം പറയുന്നതെങ്ങനെ?

അതു കൊണ്ടൊക്കെയാണ് ഒരു തരത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നാളുകളായി പിഴച്ചു കൊണ്ടിരിയ്ക്കുന്നു എന്നു പറയുന്നത്. വിദ്യാഭ്യാസത്തിലൂടെ നാം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും മനുഷ്യൻ ശാസ്ത്രത്തെ നിരാകരിയ്ക്കുന്നവനും യുക്തിചിന്തയെ അന്യം നിർത്തുന്നവനും ആയാൽ മനുഷ്യവർഗ്ഗം പുരോഗതിയിലേയ്ക്കായിരിയ്ക്കില്ല അധോഗതിയിലേയ്ക്കായിരിയ്ക്കും മുന്നേറുക. മനുഷ്യന്റെ അന്വേഷണ ബുദ്ധി ശാസ്ത്രത്തെ വളർത്തി. ശാസ്ത്രം യുക്തിചിന്തയെ ബലപ്പെടുത്തി. യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ നിന്നുണ്ടായതാണ് മനുഷ്യന്റെ സർവ്വ നേട്ടങ്ങളും എന്നതു വിസ്മരിയ്ക്കുന്നത് തലമുറകളോടുതന്നെ ചെയ്യുന്ന അനീതിയാണ്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു ആധുനിക ഫാഷനാക്കി മാറ്റുവാൻ വെമ്പുന്നവർ ആരെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസിലാക്കാനുള്ള വിവേകം നമ്മുടെ അഭ്യസ്ഥ വിദ്യർക്ക് ആർജ്ജിയ്ക്കാനാകുന്നില്ലെങ്കിൽ നമുക്ക് ഇവിടെ വിദ്യാഭ്യാസം എന്തിന്?

പിൻ കുറിപ്പ് : നോക്കൂ; പാഠശാലകളിൽ പ്രസംഗിച്ച് കയ്യടി നേടുവാനും മാർക്കു നേടാനും പുരോഗമനാശയങ്ങളും ശാസ്ത്രവും യുക്തി ചിന്തയും ഒക്കെ വേണം.അതെ, അതെല്ലാം ഇന്നു കേവലം എഴുതാനും, പറയനും ഉള്ള വിഷയങ്ങൾ മാത്രമാകുന്നു. അതൊക്കെ എഴുതിയും പ്രസംഗിച്ചും ബിരുദം നേടി പുറത്തു വന്നിട്ടോ തികച്ചും യുക്തിഹീനരെപ്പോലേ പെരുമാറുകയും ചെയ്യുന്നു.

Monday, November 2, 2009

കടം (കവിത)

കവിത

കടം


കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ ഉടച്ചു വാർക്കും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

Friday, October 16, 2009

ബി.പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

ആദ്യം അധിക വായന ഇഷ്ടപ്പെടാത്തവർക്കും സമയമില്ലാത്തവർക്കും വേണ്ടി ഈ എഴുത്തിന്റെ രത്നച്ചുരുക്കം:

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്

വിശദമായ വായന ആഗ്രഹിയ്ക്കുന്നവർ ഇനി തുടർന്നു വായിക്കുക.

മുൻ കുറിപ്പ്: പ്രേമാനന്ദിനെ അടുത്ത് കാണാനും ഇടപഴകാനും കഴിഞ്ഞ സന്ദർഭങ്ങളിലെ അനുഭവങ്ങളും കേട്ടും വായിച്ചും അറിഞ്ഞവയുമായ കാര്യങ്ങൾ ഓർമ്മകളിൽ നിന്ന് അടർത്തിയെടുത്ത് കുറിയ്ക്കുന്നതാണ് ഈ പോസ്റ്റ്!

ബി. പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

എ.ടി.കോവൂരിനു ശേഷം അദ്ദേഹം തുടങ്ങിവച്ച പോരാട്ടങ്ങളുടെ തുടർച്ചക്കാരനായി അറിയപ്പെട്ടിരുന്ന പ്രേമാനന്ദ് ഒരു മാന്ത്രികൻ കൂടിയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. നിരവധി അമൂല്യ ഗ്രന്ധങ്ങളുടെയും ലഘുലേഖകളുടെയും കർത്താവുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്പതില്പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അദ്ദേഹം പുസ്തകങ്ങൾ വിറ്റാണ് തന്റെ പോരാട്ടങ്ങൾക്കും ഉപജീവനത്തിനും പണം കണ്ടെത്തിയിരുന്നത്

കേരളീയനും ഭാരതീയനും എന്നതിലുപരി ഒരു ആഗോളപൌരനായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.

യു.പി സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ദേശീയപ്രക്ഷോഭത്തിൽ പങ്കു ചേർന്നു. വളരെ ചെറുപ്പത്തിലേ തന്നെ എന്തിനെയും ചോദ്യം ചെയ്തിരുന്ന അദ്ദേഹം നല്ല ഒരു അന്വേഷണ കുതുകിയുമായിരുന്നു.. നിരവധി ആശ്രമങ്ങളിൽ കടന്നു കൂടി താമസിച്ച് ദിവ്യന്മാരുടെ തട്ടിപ്പുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി അവ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി. സാക്ഷാൽ സത്യ സായി ബാബയായിരുന്നു മുഖ്യ മായും അദ്ദേഹത്തിന്റെ കടുത്ത വിമർശനത്തിനു പാത്രീഭവിച്ചത്. സായി ബാബ ഉൾപ്പെടെ പല മനുഷ്യ ദൈവങ്ങളും അവകാശപ്പെട്ടിരുന്ന പല സിദ്ധികളുടെയും പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങൾ കണ്ടെത്തുകയും അവയൊക്കെ ജനങ്ങൾക്കു മുന്നിൽ പ്രേമാനന്ദ് തുറന്നു കാട്ടുകയും ചെയ്തു.

എല്ലാത്തരം തട്ടിപ്പുകളെയും അദ്ദേഹം അതിശക്തമായി വിമർശിച്ചു. മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.

നിഷേധത്തിന്റെ നിഷേധം ഉൾക്കൊള്ളുന്ന യുക്തിവാദത്തിന്റെ പക്ഷം ചേർന്നു നിന്ന നിർഭയനായ ഈ നിഷേധി അനീതിയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ജീവിതാന്ത്യം വരെ വിരാമമിട്ടിരുന്നില്ല.ശക്തനായ ഒരു പോരാളി മാത്രമായിരുന്നില്ല സ്നേഹത്തിന്റെ തൂവൽ സ്പർശം കൂടിയായിരുന്നു ഈ മാനവികതാ വാദിയുടെ ജീവിതം. ജീവിതമാകട്ടെ അദ്ദേഹത്തിനു എല്ലാ അർത്ഥത്തിലും പോരാട്ടവുമായിരുന്നു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം ശാസ്ത്ര- യുക്തിവാദ -പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളരെയധികം ഗുണപ്പെട്ടു. കാരണം പ്രേമാനന്ദിനു പകരം വയ്ക്കാൻ അതു പോലെ മറ്റൊരാളില്ലായിരുന്നു. എൺപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെങ്കിലും അത് ഒരു തീരാ നഷ്ടമാണ്. പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത ഒരു അപൂർവ്വ വ്യക്തിപ്രഭാവത്തിന്റെ കാലം ചെയ്യൽ. മനുഷ്യ ദൈവങ്ങളുടെ ഒരു പ്രധാന വെല്ലുവിളിയാണ് അസ്തമിച്ചിരിയ്ക്കുന്നത്.

ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല.രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു.ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു. സമ്മേളനങ്ങൾക്കൊക്കെ വരുമ്പോൾ അവിടെ താമസം ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്ത് അർദ്ധരാത്രി കഴിഞ്ഞും അദ്ദേഹം മറ്റുള്ളവരുമായി സൊറ പറഞ്ഞിരിയ്ക്കുമായിരുന്നു. പക്ഷെ രാവിലെ നമ്മൾ ചെറുപ്പക്കാരൊക്കെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുമ്പോഴേയ്ക്കും നേരത്തെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞ് കുളിച്ച് ഫ്രഷായി നല്ല വേഷം ധരിച്ച് പത്രപാരായണം നടത്തുന്ന പ്രേമാനന്ദിനെയായിരുന്നു കാഴ്ച കണ്ടിരുന്നത്.

ഒരു നല്ല മജീഷ്യനായിരുന്ന പ്രേമാനന്ദ് മാജിക്കിനെ ഒരു ജീവിതോപാധിയായല്ല,
അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ഒരു സമരായുധമായിട്ടാണ് കൊണ്ടുനടന്നിരുന്നത്. ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ ആ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.

പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ നടക്കുന്നിടത്തൊക്കെ വൻ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. മിക്കപ്പോഴും പരിപാടിയുടെ സംഘാടകർ യുക്തിവാദി സംഘം പ്രവർത്തകർ ആയതിനാൽ തുടക്കത്തിൽ ആരും പരിപാടി അത്ര ഗൌനിക്കുന്ന പതിവില്ല. പക്ഷെ പ്രേമാനന്ദ് പരിപാടി തുടങ്ങിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ വേദിയ്ക്കുമുന്നിൽ കാഴ്ചക്കാർ നിറയുകയാണു പതിവ്. മിക്ക സ്ഥലങ്ങളിലും പരിപാടിതുടങ്ങുന്നതിനു മുൻപേ എത്തി ചേരുന്ന പ്രേമാനന്ദ് ആളിന്റെ രൂപം കൊണ്ടും തമാശകളും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും പരിപാടി നടക്കുന്ന സ്ഥലത്തെ ആളുകളുമായി നല്ല ചങ്ങാത്തത്തിൽ ആയിക്കഴിഞ്ഞിരിയ്ക്കും.. പരിപാടി തുടങ്ങിയാൽ സരസമായി ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സവിശേഷമായ സംഭാഷണങ്ങളുമായി തന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടിയിൽ ആളുകളുടെ സജീവ ശ്രദ്ധയെ തളച്ചിടുമായിരുന്നു.

ദിവ്യ ശക്തികൊണ്ട് കാണിയ്ക്കുന്നത് എന്ന് മനുഷ്യ ദൈവങ്ങൾ അവകാശപ്പെടുന്ന മാന്ത്രിക വിദ്യകളുടെ ശാസ്ത്രീയ വശം അനാവരണം ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. ഒരു മനുഷ്യനും ദൈവമാകാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതുകൊണ്ടുതന്നെ ദിവ്യന്മാരുടെ പേടിസ്വപ്നമായിരുന്നു പ്രേമാനന്ദ്. ദൈവത്തിന്റെ അടുത്ത ആളുകൾ എന്നു പറഞ്ഞ് ദിവ്യന്മാരായി ചമഞ്ഞു നടന്ന് തട്ടിക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വശക്തനായ ഏക ദൈവത്തിൽ വേണമെങ്കിൽ വിശ്വസിയ്ക്കുക. അങ്ങനെയൊരു ദൈവം ഉണ്ടെന്നു താൻ വിശ്വസിയ്ക്കുന്നില്ലെങ്കിലും വേണമെന്നുള്ളവർ വിശ്വസിയ്ക്കുക. പക്ഷെ ആ ദൈവത്തിനു ഏജന്റന്മാരില്ല.ദൈവത്തിന് അതിന്റെ ആവശ്യവുമില്ല. പ്രേമാനന്ദ് പറഞ്ഞു.

യ്ഥാർത്ഥ ദൈവത്തിന് ആരും കാണിയ്ക്ക നൽകേണ്ടതില്ല.കാരണം ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല. ദൈവം സർവ്വശക്തനാണെങ്കിൽ ഏതുതരം പണവും സ്വയം നിർമ്മിയ്ക്കുവാൻ ദൈവത്തിനു കഴിയില്ലേ? പിന്നെന്തിനാണ് ദൈവത്തിനു കാണിയ്ക്ക? അദ്ദേഹം ചോദിച്ചിരുന്നു. മാത്രവുമല്ല ഒരു കള്ളൻ മോഷ്ടിച്ചതു പിടിയ്ക്കപ്പെടരുതേ എന്നു പ്രാർത്ഥിയ്ക്കുന്നു. നഷ്ടപ്പെട്ടവൻ കള്ളനെ പിടിയ്ക്കാനും മോഷണം പോയതു തിരിച്ചു കിട്ടാനും പ്രാർത്ഥിയ്ക്കുന്നു. മോഷ്ടിച്ചവനും മോഷ്ടിയ്ക്കപ്പെട്ടവനും ദൈവത്തിന്റെ സൃഷ്ടികൾ! അപ്പോൾ ദൈവം ആരുടെ പ്രാർത്ഥന കേൾക്കും? കള്ളന്റെയോ, മോഷ്ടിക്കപ്പെട്ടവന്റെയോ? പലപ്പോഴും കള്ളന്റെ പ്രാർത്ഥനയാണു ഫലിയ്ക്കുന്നതെന്ന് അദ്ദേഹം തമാശയായി കൂട്ടി ചേർക്കും.

എന്നാൽ വിശ്വാസങ്ങളുടെ പേരിൽ അക്രമങ്ങൾ ഉണ്ടാകരുത്. സമൂഹത്തിൽ അശാന്തി വിതയ്ക്കരുത്. ചില മനുഷ്യ ദൈവങ്ങളുടെ പേരിൽ നടത്തുന്ന ആതുരാലയങ്ങളും മറ്റു ജീവ കാരുണ്യപ്രവർത്തനങ്ങളും ആളെക്കൂട്ടാനുള്ള ചൂണ്ടയാണെങ്കിലും അവ നല്ലതുതന്നെയെന്ന് അദ്ദേഹം പറയുമായിരുന്നു. നല്ലതു ആരു ചെയ്താലും, അത് വിശ്വാസിയായാലും അവിശ്വാസിയായാലും, മതത്തിന്റെ പേരിലായാലും മറ്റു തരത്തിലായാലും അംഗീകരിയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.എന്നാൽ സൽകർമ്മങ്ങൾ ചെയ്യുന്നു എന്നു കരുതി തട്ടിപ്പുകൾ അംഗീകരിയ്ക്കാനാകില്ല. അന്ധവിശ്വാസങ്ങൾ ആളുകളിൽ അടിച്ചേല്പിയ്ക്കുന്നതും ന്യായീകരിയ്ക്കാനാകില്ല.

അദ്ദേഹത്തിന്റെ രൂപം ഒരു സന്യാസിയുടെ മാതിരി നീണ്ടു വളർന്ന നരച്ച ധാടിയും നീണ്ട ജുബ്ബയും അയഞ്ഞ പാന്റ്സും തോളിൽ ഒരു തോർത്തുമാണ്. അതിനാൽ സന്യാസി എന്നു തെറ്റിദ്ധരിച്ച് ചിലർ സ്വാമി എന്ന് വിളിക്കുമ്പോൾ അദ്ദേഹം കോപാകുലനാകും. തന്നെ തെറിവിളിച്ചാ‍ലും സ്വാമി എന്നു വിളിയ്ക്കരുത്, സ്വാമിമാർ ഭൂരിപക്ഷവും കള്ളസ്വാമിമാരാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നു വേർതിരിവില്ലാത്ത ചൂഷകനും ചൂഷിതരും ഇല്ലാത്ത മതവും ജാതിയുമില്ലാത്ത കള്ള ദിവ്യന്മാരും തട്ടിപ്പുകളുമില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം സൃഷ്ടിയ്ക്കുവാൻ പരിശ്രമിയ്ക്കണമെന്ന അഹ്വാനവുമായാണ് അദ്ദേഹം തന്റെ ഓരോ പ്രസംഗവും ദിവ്യാദ്ഭുത അനാവരണ പരിപാടികളും അവസാനിപ്പിയ്ക്കാറുള്ളത്.

അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും. ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങളെ സ്വീകരിയ്ക്കാൻ വൈമനസ്യം കാണിയ്ക്കേണ്ടതില്ലെന്നും ഹിതകരമല്ലാത്തതിനെ മാത്രം നിരാകരിയ്ക്കുവാനും അദ്ദേഹം പറഞ്ഞു.

പ്രേമാനന്ദിനോടൊപ്പം ചെലവഴിയ്ക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. പ്രായ ഭേദമന്യേ ഊഷ്മളമായ സൌദൃദം സ്ഥാപിയ്ക്കുവാൻ അദ്ദേഹത്തിനു നിമിഷങ്ങൾ മതിയായിരുന്നു. കുട്ടികളോടും യുവാക്കളോടും മുതിർന്നവരോടും തികഞ്ഞ ആദരവോടെയായിരുന്നു പെരുരുമാറ്റം. സദാ പുഞ്ചിരിയ്ക്കുന്ന മുഖം ആദ്യം കാണുന്നവരിൽ പോലും വർഷങ്ങളുടെ പരിചയമുള്ളതു പോലെ തോന്നിപ്പിച്ചിരുന്നു.തമാശ പറയാൻ വിരുതനായിരുന്ന അദ്ദേഹം എവിടെ എത്തിയാലും ചുറ്റിലും ഒരു ആൾകൂട്ടം ഉണ്ടാകുമായിരുന്നു. യുക്തിവാദിയായ അദ്ദേഹത്തെ സ്വാമി എന്നു വിളിച്ചാൽ മാത്രമേ അദ്ദേഹം ക്ഷോഭിച്ചിരുന്നുള്ളു. കൂടെ കൂടുന്നവർ ചെറുപ്പക്കാരാണെങ്കിൽ അല്പം അശ്ലീലച്ചുവയുള്ള നിർദ്ദോഷമായ ഫലിതങ്ങളും കൂടിയാകുമ്പോൾ പിന്നെ ചെറുപ്പക്കാർക്കു ഹരമാകുമായിരുന്നു.

എന്തായാലും മരണം ഒഴിവാക്കാൻ കഴിയാത്തതും യാഥാർത്ഥ്യവും ആണ്. അതുകൊണ്ട് ഇനി പ്രേമാനന്ദ് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിയ്ക്കുന്ന ശൂന്യത പരിഹരിയ്ക്കാനാകില്ല. സമാനതകളില്ല്ലാത്ത ആ വ്യക്തിത്വത്തോടു നമുക്കു ചെയ്യാൻ കഴിയുന്നത് അദ്ദേഹം നടത്തിവന്ന സത്യാന്വേഷണവും ശാസ്ത്ര പ്രചാരണവും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എല്ലാവിധ ചൂഷണങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും തുടർന്നുകൊണ്ട് വിവിധ സമര പഥങ്ങളിലൂടെ അദ്ദേഹം അഗ്രഹിച്ചതു പോലെ സമത്വ സുന്ദരമായ ഒരു നല്ല നാളേയ്ക്കു വേണ്ടി പരിശ്രമിയ്ക്കുക എന്നതാണ്. അതിനാ‍യി അദ്ദേഹം തെളിയിച്ച ദീപശിഖ നാം ഏറ്റുവാങ്ങുക! തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ ആ അതുല്യനായ വിപ്ലവകാരിയുടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി ഈ അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

യുക്തിവാദി സംഘത്തിന്റെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന പൊതു യോഗങ്ങളെ പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാ‍ടിയും ഇടയ്ക്കിടെയുള്ള പ്രസംഗങ്ങളും കൊണ്ടു പലപ്പോഴും കൊഴുപ്പിച്ചിരുന്നു. അദ്ദേഹം പരിപാടികൾ അവതരിപ്പിയ്ക്കുന്ന സ്ഥലങ്ങളിൽനിന്നൊക്കെ വിശ്വാസികളിൽ നിന്നടക്കം സ്നേഹോജ്വലമായ സ്വീകരണങ്ങളാണു ലഭിച്ചിരുന്നത്. മനുഷ്യ ദൈവങ്ങളുടെ തട്ടിപ്പുകൾക്കെതിരെ കടുത്ത ദൈവവിശ്വാസികൾ പോലും സംസാരിയ്ക്കുവാൻ പ്രേമാനന്ദ് കാരണമായിട്ടുണ്ട്. താൻ കണ്ടെത്തിയ ദിവ്യ തട്ടിപ്പുകൾ എങ്ങനെയാണ് അവർ നടത്തുന്നതെന്ന് കേരളം ഉൾപ്പെടെ രാജ്യത്തുടനീളവും വിദേശ രാജ്യങ്ങളിലും നിരവധിപേരെ അദ്ദേഹം പഠിപ്പിച്ച് പരിശീലിപ്പിച്ച് തന്റെ ശിഷ്യരാക്കിയിട്ടുണ്ട്. ഇന്നു പ്രേമാനന്ദിന്റെ ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്നു സ്വായത്തമാക്കിയ മേജിക്കുകൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പ്രചരണത്തിനായി വേദികളിൽ അവതരിപ്പിച്ചു പോരുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും പല സമയത്തായി നിരവധി യുക്തിവാദികളെ ദിവ്യാദ്ഭുതങ്ങൾ പഠിപ്പിച്ച് പ്രേമാനന്ദ് തന്റെ ശിഷ്യരും പിൻ ഗാമികളുമാക്കിയിട്ടുണ്ട്

ദിവ്യാദ്ഭുതങ്ങളിൽ അന്തരീക്ഷത്തിൽ നിന്നും ഭസ്മം പിടിച്ച് ആൾക്കൂട്ടത്തിനു മുഴുവൻ നല്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു, വിഭൂതി എന്ന ഈ ഭസ്മവും സായിബാബ നൽകുന്ന ഭസ്മവും ഒന്നാണെന്ന്; അതിന്റെ രഹസ്യം ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ് കാണികളെ ജിജ്ഞാസയിലാക്കും. എന്നിട്ട് അല്പം കഴിയുമ്പോൾ ആളുകൾ അതു വെളിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ചിരിച്ചുകൊണ്ടു പറയും ഇതിൽ മറ്റൊന്നുമില്ല, സായിബാബയും ഞാനും ഒരേ കടയിൽനിന്നാണ് ഇതു വാങ്ങുന്നതെന്ന്. ഇതു കഞ്ഞിവേള്ളത്തിൽ ഉരുട്ടി കുഴച്ച് ചെറു ഗോളങ്ങളാക്കി കൈ വെള്ളയുടെ പുറകിൽ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഒളിച്ചു വച്ചിട്ട് തന്ത്ര പൂർവ്വം പുറത്തെടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ഇതു തന്നയാണ് ദിവ്യൻ മാരുടെയും പരിപാടിയെന്നും അദ്ദേഹം പറയുന്നു. മറിച്ച് ആർക്കെങ്കിലും ദിവ്യ ശക്തി ഉണ്ടെന്നു തെളിയിച്ചാൽ ലക്ഷക്കണക്കിനു ഡോളറുകളായിരുന്നു വാഗ്ദാനം.

ഏതോ ഒരു മുസ്ലിം ദിവ്യനെ ആണെന്നു തോന്നുന്നു തൊട്ടാൽ മണക്കുമത്രേ! അതുകൊണ്ട് അദ്ദേഹം ദൈവമായി. അങ്ങനെയെങ്കിൽ അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കുന്ന, തൊട്ടാൽ മണക്കുന്ന തന്നെയും ദൈവമെന്നു വിളിയ്ക്കണം എന്നാവശ്യപ്പെട്ടിട്ട് അദ്ദേഹം എല്ലാവർക്കും ഷേക്ക് ഹാൻഡു നൽകുന്നു. എന്നിട്ടു മണത്തുനോക്കാൻ പറയും . അപ്പോൾ എല്ലാവരുടെ കൈയ്യിലും മണം. പിന്നെ അതിന്റെ രഹസ്യം വെളിപ്പെടുത്തൽ. മറ്റേതോ ഒരു സ്വാമിയെ തൊട്ടാൽ മധുരിയ്ക്കും! തന്റെ ദേഹത്തിൽ തൊട്ടു നോക്കൂ ഞാനും മധുരമാണ് എന്നു പറഞ്ഞ് ആളുകളെക്കൊണ്ട് പ്രേമാനന്ദിനെ തൊടുവിയ്ക്കുന്നു. അപ്പോൾ തൊട്ടവർക്കെല്ലാം കൈയ്യിൽ മധുരം! പിന്നെ സാക്രിന്റെ ആ രഹസ്യം വെളിപ്പെടുത്തൽ. അങ്ങനെ എത്രയെത്ര രഹസ്യങ്ങളുടെ ചുരുൾ അദ്ദേഹം അഴിച്ചിരിയ്ക്കുന്നു!

വേദികളിൽ ഒരിയ്ക്കലുമദ്ദേഹം ക്ഷോഭിയ്ക്കുമായിരുന്നില്ല. ചില ദൈവങ്ങളെക്കുറിച്ച് അശ്ലീലം കലർന്ന സംഭാഷണങ്ങൾ മേമ്പൊടിയായി ചേർക്കുന്നത് ഏറെപ്പേരെ രസിപ്പിയ്ക്കുമായിരുന്നെങ്കിലും ചിലരെയൊക്കെ പ്രകോപിപ്പിയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടി ഉഷാറായി വരുമ്പോൾ വിശ്വാസികളുടെ പ്രകോപനം ഭയന്ന് അശ്ലീലച്ചുവയുള്ള കുത്തുവാക്കുകൾ അതിരു കടക്കുന്നത് യുക്തിവാദി സംഘം പ്രവർത്തകർ വിലക്കുമായിരുന്നു. എന്നാൽ കാഴ്ചക്കാരിലെ വിശ്വാസികൾ അടക്കമുള്ള വിരുതന്മാർ നിർദ്ദോഷമായ അദ്ദേഹത്തിന്റെ അശ്ലീല ഫലിതങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിയ്ക്കുമായിരുന്നു. ചിലപ്പോൾ അശ്ലീലം പറയരുതെന്നു പറഞ്ഞാൽ അദ്ദേഹം പറയുന്ന അശ്ലീല പദങ്ങളിൽ അശ്ലീലമില്ലെന്നു പരസ്യമായി വാദിയ്ക്കും. മനുഷ്യ ശരീരത്തിലുള്ള അവയവങ്ങളൊന്നും അശ്ലീലമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദഗതി (തമാശയ്ക്ക്). അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതൊക്കെ കൂടി പറയുന്നുവെന്നു മാത്രം.

ഒരിയ്ക്കൽ അദ്ദേഹം ഏതോ ഒരു സ്വാമിനിയെക്കുറിച്ചു പറഞ്ഞപ്പോൾ അവർക്കു നല്ല നല്ല മുലകളുള്ളതു കൊണ്ടാണ് ഭക്തന്മാർ കെട്ടിപ്പിടിയ്ക്കുവാൻ തിക്കിത്തിരക്കുന്നതെന്നു പറഞ്ഞു. ഇതു കേട്ട് തുടർന്നു വരാനിരിയ്ക്കുന്ന അശ്ലീലങ്ങളുടെ ഘോഷയാത്ര ഭയന്ന് യുക്തിവാദി പ്രവർത്തകർ വായിൽ പിടിയ്ക്കാൻ ചെന്നപ്പോൾ മുല അശ്ലീലമാണോ എന്നായി അദ്ദേഹം. ഞാൻ മുലകുടിച്ചാണു വളർന്നത്. നിങ്ങൾ മുല കുടിച്ചിട്ടില്ലേ? എന്റെ മക്കൾ എന്റെ ഭാര്യയുടെ മുല കുടിയ്ക്കുന്നു.എന്റെ ഭാര്യക്കു നല്ല നല്ല മുലകളുണ്ട്. നിങ്ങളുടെ ഭാര്യമാർക്കു മുലകളില്ലേ? സഹോദരിമാർക്കു മുലകളില്ലേ? അമ്മമാർക്കു മുലകളില്ലേ? മുലകൾ പരിപാവനമല്ലേ? മനോഹരമല്ലേ? .അതേ പോലത്തെ മുലകളല്ലേ ദൈവങ്ങൾക്കും ഉള്ളത്? ദൈവങ്ങളുടെ മുലയ്ക്കുമാത്രം എന്താണു പ്രത്യേകത ?എന്നൊക്കെയായി അദ്ദേഹം! (അടി കിട്ടാൻ മറ്റെന്തു വേണം!)അതും ഇംഗ്ലീഷുകാരൻ മലയാളം പറയുന്ന ശൈലിയും കൂടിയാണെന്നോർക്കണം. അങ്ങനെ അനേകം മുല പ്രായോഗം നടത്തിയപ്പോൾ അദ്ദേഹം മാത്രമല്ല കാഴ്ചക്കാരിൽ നല്ലപങ്കും സായൂജ്യരാകുന്നു. ജനം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടു വിളിച്ചു പറഞ്ഞു.ഓ മുലയിൽ പള്ളോന്നുമില്ല. അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതും പറഞ്ഞുവെന്നു മാത്രം.

ഏതോ ഒരു ദിവ്യൻ ദിവ്യശക്തിയാൽ തന്റെ ലിംഗത്തിൽ ഭാരം കെട്ടിത്തൂക്കി നടക്കുന്ന കാര്യം ഒരിക്കൽ അദ്ദേഹം വിശദീകരിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നു. ലിംഗത്തിൽ ഭാരം തൂക്കുന്നതും ദിവ്യശക്തിയൊന്നുമല്ലെന്നും അതിന്റെ രഹസ്യമെന്താണെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകൾ അടക്കമുള്ള കാണികൾ ഇരുന്ന വേദിയായതിനാൽ അക്കാര്യം അശ്ലീലമായി പറയേണ്ടെന്നായി യുക്തിവാദി സംഘം പ്രവർത്തകർ.‘സാമാനത്തിൽ‘ കല്ലും കെട്ടി നടക്കുന്നത് അശ്ലീലമില്ലാത്ത രീതിയിൽ ഒന്നു പറഞ്ഞുകൊടുക്കാൻ കഴിയുന്നവർ മുന്നോട്ടു വരണമെന്നായി പ്രേമാനന്ദ്. ആളുകൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും? നിഷ്കളങ്കവും നിർദ്ദോഷവുമായ അദ്ദേഹത്തിന്റെ ശ്ലീലവും അശ്ലീലവുമായ തമാശകൾ ദിവ്യാദ്ഭുത അനാവരണ പരിപാടികളെ ഏറെ നർമ്മരസപ്രധാനങ്ങൾ കൂടിയാക്കി. ഓരോ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുമ്പോൾ ദിവ്യൻമാർ മന്ത്രം ചൊല്ലുന്നതിനു പകരം അവരെ കളിയാക്കിക്കൊണ്ട് ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഭാഷാപദങ്ങൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ മന്ത്രം ചൊല്ലൽ കേട്ടാൽ മരിച്ചു കിടക്കുന്നവൻ പോലും ചിരിച്ചു തള്ളും. അദ്ദേഹത്തിന്റെ പരിപാടികൾ കണ്ടു മടങ്ങുന്ന വിശ്വാസികളിൽ പലരും അവിശ്വാസികൾ ആയിട്ടുണ്ടായിരിക്കില്ല; എന്നാൽ അന്ധമായ പല വിശ്വാസങ്ങളും തീർച്ചയായും ധാരാളം പേരിൽ നിന്നും വിട്ടൊഴിഞ്ഞു പോയിട്ടുണ്ടാകും.

അദ്ദേഹം പുകവലിയ്ക്കുമായിരുന്നു. യുക്തിവാദിയായ അദ്ദേഹം പുകവലിയ്ക്കുന്നത് അയുക്തികമായ പ്രവൃത്തിയല്ലേയെന്ന് ഒരിയ്ക്കൽ ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം അതിനെ ന്യായീകരിയ്ക്കുമെന്നാണു ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം തന്റെ തോളിൽ നിന്നും തോർത്തെടുത്തിട്ട് ഒരു പുക ആഞ്ഞു വലിച്ചിട്ട് പുറത്തേയ്ക്കുള്ള പുക തോർത്തിൽ കപ്പിവച്ച് കറ പിടിപ്പിച്ചിട്ട് അത് കാണിച്ചു തന്നു. എന്നു വച്ചാൽ സിഗരറ്റു വലിയ്ക്കുന്നവന്റെ കരൾ ഇതു പോലിരിയ്ക്കും.ആരോഗ്യത്തിന് ഇത് തികച്ചും ഹാനികരം.താൻ ചെയ്യുന്നു എന്നുള്ളതു കൊണ്ടു മാത്രം ഇത് ആരോഗ്യത്തിനു ഹാനികരമാകാതിരിയ്ക്കില്ലെന്നും ഇത് അയുക്തികമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിയ്ക്കുകയാണു ചെയ്തത്. തനിയ്ക്കിതു ശീലമായതുകൊണ്ട് തുടരുന്നു. നിറുത്താൻ കഴിയാഞ്ഞിട്ടല്ല. നിറുത്താൻ ശ്രമിയ്ക്കാഞ്ഞിട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു.

കൈയ്യിൽ കാശില്ലാതെ ഉലകം ചുറ്റുന്ന അദ്ഭുതവും അദ്ദേഹം കാണിച്ചിട്ടുണ്ട്. അതൊക്കെ തുറന്നു പറയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിൽ ടിക്കറ്റെയ്ടുക്കാതെ ട്രെയിൻ യാത്ര ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞു. ട്രെയിനിൽ കയറി ഡ്രസ്സെല്ലാം ട്രെയിനിൽ നിന്നു വെള്ളമെടുത്ത് കഴുകി ട്രെയിനിൽ തന്നെ വിരിയ്ക്കും. ട്രെയിൻ പോകേണ്ട സ്റ്റേഷനിൽ പോയി മടങ്ങി പുറപ്പെട്ട സ്റ്റേഷനിൽ എത്തുമ്പോൾ ഡ്രസ്സെല്ലാം ഉണങ്ങും. അതെല്ലാം പറക്കി പുറത്തിറങ്ങി ചിലപ്പോൾ ഉറക്കവും അവിടൊക്കെ തന്നെ ആയിരിയ്ക്കും. ടിക്കറ്റെടുക്കാതിരുന്നാൽ എക്സാമിനർ പിടിയ്ക്കില്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പലപ്പോഴും പിടിച്ചിട്ടുണ്ട്; പക്ഷെ പ്രേമാനന്ദ് കലപിലാ സംസാരിച്ചു തുടങ്ങും. വൃദ്ധനല്ലേ, യാചകനായ ഏതോ വട്ടു കേസാണെന്നൊക്കെ കരുതി എക്സാമിനർമാർ പ്രേമാനന്ദിനോടു തർക്കിച്ച് മടുത്ത് പിന്മാറി പോകുമത്രേ! അല്ലാതെന്തു നിവൃത്തി? അവർക്കു വേറെ പണിയില്ലെ? പിന്നെ കൈയ്യിൽ കാശില്ലാത്തവനു യാത്ര ചെയ്യേണ്ടേ? ശാസ്ത്രം പ്രചരിപ്പിയ്ക്കണ്ടെ? അതു ടിക്കറ്റ് എക്സാമിനർ മാർ ചെയ്യുമോ? ഇങ്ങനെയൊക്കെ ചോദിച്ച് ഉച്ചത്തിൽ ഹാ,ഹാ,ഹാന്ന് ഒരു ചിരിയും! എന്നിട്ട് അടുത്തിരിയ്ക്കുന്നവന്റെ തോളീൽ രണ്ട് തട്ടലും ! അതാണ് കുസൃതിക്കാരൻ കൂടിയായ പ്രേമാനന്ദ് !

ഇന്ത്യയിലും കൈയ്യിൽ കാശില്ലെന്നു കരുതി ഇന്ത്യൻ റെയിൽ വേ ഉള്ളിടത്തോളം തനിയ്ക്കു യാത്ര ചെയ്യാതിരിയ്ക്കാൻ കഴിയില്ലെന്നാണ് പ്രേമാനന്ദിന്റെ ഭാഷ്യം.കൈയ്യിൽ കാശില്ലെങ്കിൽ ടിക്കറ്റെടുക്കണമെന്ന കാര്യത്തിൽ തനിയ്ക്കു പിടിവാശിയൊന്നും ഇല്ലത്രേ! പിന്നെ ഒരു സമ്മേളന സ്ഥലത്തു വച്ചു പറഞ്ഞു ഇന്നും താൻ റെയിൽ വേയെ പറ്റിച്ചുവെന്ന്! അത് എങ്ങനെയെന്നു ചോദിച്ചപ്പോൾ പറയുകയാ‍ണ് താൻ റിട്ടേൺ ടിക്കറ്റെടുത്തിരുന്നു. പക്ഷെ സമ്മേളനം ഇന്നു തീരില്ലല്ലോ; അതുകൊണ്ടു താൻ മടങ്ങി പോകുന്നില്ല. അപ്പോൾ താൻ റെയിൽ വേയെ പറ്റിച്ചിരിയ്ക്കുകയല്ലേ എന്നു ചോദിച്ചിട്ട് പൊട്ടിച്ചിരിയ്ക്കുന്നു. അതെ, ചിലപ്പോൾ അദ്ദേഹം കുട്ടികളെ പോലെയാണ്. എന്നു വച്ച് എപ്പോഴും ടിക്കറ്റെടുക്കാതെ നടക്കുന്ന തട്ടിപ്പുകാരനൊന്നുമല്ല. ഇതൊക്കെ ഓരോ കുസൃതികൾ ഒപ്പിയ്ക്കുന്നതാണ് . പ്രേമാനന്ദെന്ന ശാസ്ത്ര പ്രതിഭയ്ക്കുള്ളിലെ പച്ചയായ മനുഷ്യനെ മനസ്സിലാക്കുവാൻ അദ്ദേഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുവെന്നേയുള്ളു. ഐൻസ്റ്റീൻ അടക്കമുള്ള പ്രശസ്തരായ ശാസ്ത്ര പ്രതിഭാധനൻ മാർക്കൊക്കെ ഇതുപോലെ നിഷ്കളങ്കവും വിചിത്രവുമായ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്നു.

വേറെയും ചില കുസൃതികൾ ഒപ്പിയ്ക്കാറുണ്ടായിരുന്നു, പ്രേമാനന്ദ്. ഒരിയ്ക്കൽ ഏതോ ഒരു സന്യാസിനിയുടെ ആശ്രമത്തിൽ ചെന്നു. സാമിനി എല്ലാവരെയും മകനേ മകളേ മക്കളേ എന്നൊക്കെയാണു വിളിയ്ക്കുന്നത്. സ്വാമിനി പ്രേമാനന്ദിനെയും മകനേ യെന്നു വിളിച്ചു. അദ്ദേഹം വിളിയും കേട്ടു. പക്ഷെ മകനാണെങ്കിൽ പാലു തരണമെന്നായി പ്രേമാനന്ദ്! പാലു കുടിച്ചേ പോകൂ എന്നായപ്പോൾ സ്വാമിനിയുടെ ഗുണ്ടകൾ വന്ന് തൂക്കിയെടുത്ത് വെളിയിലെറിഞ്ഞുവെന്നു പറഞ്ഞിട്ട് അദ്ദേഹം ചിരിയ്ക്കുന്ന ഒരു ചിരിയുണ്ട്. ഈ പോക്കിരി തരം ചോദിച്ചിട്ട് അടി കിട്ടിയില്ലേ എന്നു ചോദിച്ചപ്പോൾ കിളവനായ തന്നെ അടിച്ചാൽ താൻ ചാകും. ചത്താൽ പിന്നെ അവർക്കു റിസ്കല്ലേ ? അതുകൊണ്ടാണു തല്ലാതെ വിട്ടതെന്നാണ് പ്രേമാനദിന്റെ വിശദീകരണം.

ഇങ്ങനെ ചില അടികൊള്ളിത്തരങ്ങൾ ഉണ്ടെങ്കിലും പ്രേമാനന്ദ് കൂടെയുണ്ടെങ്കിൽ അടി കൊള്ളാതെ പലയിടത്തു നിന്നും രക്ഷപ്പെടാനും കഴിഞ്ഞിരുന്നു. അടി ഇരിയ്ക്കുന്നിടത്ത് പോയി ചോദിച്ചു വാങ്ങുന്നതിൽ വിരുതന്മാരാണല്ലോ യുക്തിവാദികൾ. യോഗങ്ങളിലെ പ്രസംഗങ്ങളോ ദിവ്യാദ്ഭുത അനാവരണങ്ങളോ മതാന്ധന്മാരിൽ പ്രകോപനങ്ങൾ ഉണ്ടാക്കുമ്പോൾ അക്രമ സജ്ജരായി വരുന്ന അവരെ പ്രേമാനന്ദ് സ്നേഹ പൂർവ്വം തോളിൽ തട്ടി അനുനയിപ്പിച്ച് ശാന്തരാക്കി വിടുന്ന ഒട്ടെറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്രമിയ്ക്കാൻ വന്നവർ തന്നെ അദ്ദേഹത്തിന്റെ കുശലക്കാരായി മാറുന്നതായിരിയ്ക്കും പിന്നെ കാണുക. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചുവയുള്ള മലയാളം ഒരു പ്രത്യേകതരത്തിൽ ആകർഷണീയവും മധുരതരവുമായിരുന്നു.

ഞാൻ ആദ്യമായി പ്രേമാനന്ദിനെ കാണുന്നത് തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ജംഗ്ഷനിൽ ഒരു യുക്തിവാദി സംഘം പൊതുയോഗത്തിൽ ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിയ്ക്കാൻ വന്നപ്പോഴാണ്. അന്നവിടെയുള്ള നാട്ടുകാരിൽ പലരെയും അദ്ദേഹം ഒരു ദിവ്യശക്തിയുമില്ലാതെ അഗ്നിയിൽ കൂടി നടത്തിച്ചു. കോന്നിയിലെ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകിയത്. പിന്നെ തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലും വിവിധ സമ്മേളനങ്ങളിൽ വച്ച് കാണുവാനും സൌഹൃദപ്പെടാനും കഴിഞ്ഞിരുന്നു. കൂടാതെ ഒരിയ്ക്കൽ എന്റെ നാടായ തട്ടത്തുമലയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ കൊണ്ടുവന്ന് ദിവ്യാദ്ഭുതങ്ങൾ അനാവരണം ചെയ്യിച്ചു. അന്ന് തട്ടത്തുമലയിൽ നനാജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും നേതാക്കളും ഗംഭീരമായ സ്വീകരണം നൽകിയിരുന്നു. മടങ്ങാൻ നേരം പ്രേമാനന്ദിന്റെ കൈപ്പടയ്ക്കും ആട്ടോഗ്രാഫിനും വേണ്ടി ആളുകൾ വളഞ്ഞിരുന്നു. ഒരു വൈകുന്നേരം വന്ന് രാത്രി ഏറെ സമയം വരെ തട്ടത്തുമല ജംഗ്ഷനിൽ ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു.നാട്ടുകാരെ അക്ഷരാർത്ഥത്തിൽ സ്നേഹ സൌഹൃദങ്ങളിലൂടെ അദ്ദേഹം കൈയ്യിലെടുത്തിരുന്നു.

തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ ആ അതുല്യനായ വിപ്ലവകാരിയ്ടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി ഈ അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് ഒരിയ്ക്കൽ കൂടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

കൂടുതൽ ഫോട്ടൊകൾ താഴെ മറ്റൊരു പോസ്റ്റായി ഇട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഇവിടെ ക്ലിക്കു ചെയ്ത് വിശ്വമാനവികം 1-ൽ എത്തുക.


പ്രേമാനന്ദ് : ഏതാനും ചിത്രങ്ങൾ

അന്തരിച്ച പ്രേമാനന്ദിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ചെടുത്ത ചില ചിത്രങ്ങൾ. ലേഖനം മുകളിൽ

















































































































പ്രേമാനന്ദ് തട്ടത്തുമലയിൽ വന്നപ്പോൾ എടുത്ത ഏതാനും ചിത്രങ്ങളാണ് താഴെ











































































































എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസംഗം കേട്ടത്

ഒക്ടോബർ 15 : ഇന്ന് ഒരു വഴിയ്ക്കു പോയിട്ട് വരുംവഴി തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് ജംഗ്ഷനിൽ ഇറങ്ങേണ്ടിവന്നു. മറ്റൊരു ബസിൽ കയറി തട്ടത്തുമലയ്ക്കു പോകേണ്ടതാണ്. പക്ഷെ കാരേറ്റു വന്നപ്പോൾ അവിടെ ബി.ജെ.പിയുടെ ഒരു പൊതുയോഗം നടക്കുന്നു. അങ്ങോട്ടു പോകുമ്പോഴേ അവിടെ സ്റ്റേജും മൈക്കുമൊക്കെ കണ്ടിരുന്നു. തിരിച്ച് അവിടെ തിരിഞ്ഞു പോകുന്ന വണ്ടിയിൽ കയറിയതിനാലാണ് അവിടെ ഇറങ്ങേണ്ടി വന്നത്. അപ്പോഴുണ്ട് ബി.ജെ.പി നേതാവ് എം.ടി.രമേശ് വേദിയിൽ നിന്നു പ്രസംഗിയ്ക്കുന്നു. സ്വാഭാവികമായും സമയത്തും കാലത്തും വീട്ടിൽ പോകാനുള്ള ടെന്റൻസി നഷ്ടപ്പെടുത്തിക്കൊണ്ട് എന്നിലെ വായ് നോക്കി അവസരോചിതം ഉണർന്നു പ്രവർത്തിച്ചു.

മാത്രവുമല്ല പൊതുവേ പ്രസംഗങ്ങളുടെ ഉപാസകനുമാണ് ഞാൻ. ആരുടെ പ്രസംഗമായാലും ഞാൻ സമയമുണ്ടെങ്കിൽ കേൾക്കും. പ്രസംഗം ആരുടേതാണെങ്കിലും അതു നല്ല പ്രിപ്പെയിഡു പ്രസംഗമാണെങ്കിൽ അനേകം പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്നതിനു തുല്യമായ അറിവു പകർന്നു കിട്ടും. രാഷ്ട്രീയപ്രസംഗമാണെങ്കിൽ ഒരുപാടു നാളത്തെ പത്രങ്ങളും മറ്റ് ആനുകാലികങ്ങളും ഒരുമിച്ചു വായിക്കുന്നതിന്റെ ഒരു സുഖമായിരിയ്ക്കും ലഭിയ്ക്കുക. അങ്ങനെ ഞാൻ മന്ദം മന്ദം വേദിയ്ക്കു മുന്നിൽ എത്തി കൈയ്യും കെട്ടി നിന്ന് രമേശിന്റെ പ്രസംഗം ആസ്വദിച്ചു തുടങ്ങി. യോഗത്തിനു വലിയ ആൾക്കൂട്ടമൊന്നുമില്ല. എങ്കിലും ദീർഘമായ പ്രസംഗമാണ് നടക്കുന്നത്.

ശ്രീ. എം.ടി. രമേശിനെ മിക്കപ്പോഴും റ്റി.വി.ചാനലുകളിൽ കാണാറുണ്ട്. നേരിട്ട് ഇതിനു മുൻപ് ഞാൻ കണ്ടിട്ടുണ്ടോ എന്ന് ഓർമ്മയില്ല. ആദ്യമായാണ് അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കണ്ടുകേൾക്കുന്നത്. നല്ല പ്രസംഗം. കാര്യ ഗൌരവം നിറഞ്ഞ പ്രസംഗമായിരുന്നു. വലിയ താത്വിക വിശകലനങ്ങളൊന്നുമായിരുന്നില്ല, സമകാലിക രാഷ്ട്രീയ വിഷയങ്ങളായിരുന്നു മുഖ്യമായും. പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം.എല്ലാവർക്കും മനസിലാകുന്ന ലളീതമായ വാചകങ്ങളിലായിരുന്നു പ്രസംഗം. ഏതായാലും കുറച്ചു സമയം ഞാൻ അവിടെ ചെലവഴിച്ചു. സ്വാഭാവികമായും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിനും, സി.പി.എമ്മിനും എതിരായിരുന്നു പ്രസംഗം. രണ്ടുകൂട്ടരെയും മാറിമാറി കൊട്ടുന്നു. ഞാൻ കേട്ടിടത്തോളം പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയൊക്കെയായിരുന്നു:

കേന്ദ്രത്തിൽ കോൺഗ്രസ്സിനെ അധികാരത്തിലേറ്റിയ ജനങ്ങൾ ഇന്നു ദു:ഖിയ്ക്കുന്നു. ജനവിരുദ്ധമാണു ഭരണം. രാജ്യമാകെ വിലക്കയറ്റമാണ്. വിദേശ നയത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. അയൽ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന്റെ അതിർത്തി സംബന്ധമായ തർക്ക വിഷയങ്ങളിൽ രാജ്യ താല്പര്യത്തിനെതിരായ നടപടികളാണ് കേന്ദ്രത്തിലെ കോൺഗ്രസ്സ് മുന്നണി ഭരണം കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയോടു കോൺഗ്രസ്സിനു മൃദു സമീപനമാണ് . കോൺഗ്രസ്സ് ഭരണകൂടം ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളെ ഭയക്കുകയാണ്.എന്തിനാണ് ഈ ഭയം. കോൺഗ്രസ്സുകാർ നെഹ്രുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും കാലത്തെ വിദേശ നയത്തോടെങ്കിലും നീതി പുലർത്താൻ തയ്യാറാകണമെന്നാണു രമേശ് ആവശ്യപ്പെടുന്നത്. സി.പി.എമ്മാണെങ്കിൽ പണ്ടേ ചൈനയോടു വിധേയത്വം പുലർത്തുന്ന പാർട്ടിയാണെന്നും ഇപ്പോഴും അങ്ങനെതന്നെയാണെന്നും രമേശ് ആരോപിയ്ക്കുന്നു.

കേരളത്തിൽ ക്രമസമാധാന നില തകർന്നിരിയ്ക്കുന്നുവെന്ന് ഇടതുപക്ഷമുന്നണിയിലെ ഘടക കക്ഷികൾ തന്നെ ആരോപിയ്ക്കുന്നതായി രമേശ് ചൂണ്ടിക്കാട്ടി. ആർ.എസ്.പി അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂടൻ ക്രമസമാധാന കാര്യത്തിൽ കേരള സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു. രമേശ് പറഞ്ഞ ഒരു കാര്യം എനിയ്ക്കു രസിച്ചു. അതായത് “ഇപ്പോൾ കേരളത്തിൽ കൊല്ലപ്പെടുന്നവർ അറിയുന്നില്ല, അവർ എന്തിനാണു കൊല്ലപ്പെടുന്നതെന്ന്. കൊല്ലുന്നവർക്കറിയില്ല, അവർ എന്തിനാണ് കൊല്ലുന്നതെന്ന് !“ അത്ര ഗുരുതരമാണു ക്രമസമാധാന പ്രശ്നം. ഇത്രയും ക്രമസമാധാന നില തകർന്ന സന്ദർഭങ്ങൾ വേറെയില്ലത്രേ! പോലീസുകാർ തന്നെ ആക്രമിയ്ക്കപ്പെടുന്നുവെന്നും ആക്രമിയ്ക്കുന്നവരാകട്ടെ സി.പി.എമ്മുകാരാണെന്നുമാണ് രമേശിന്റെ ആരോപണം.

ഗുണ്ടകളെ വളർത്തുന്നതിൽ സി.പി.എമ്മു കാരും കോൺഗ്രസ്സു കാരും ഒരുപോലെയാണെന്നാണ് രമേശ് പറയുന്നത്. സി.പി.എമ്മുകാർ ഓം പ്രകാശുമാരെ വളർത്തുമ്പോൾ കോൺഗ്രസ്സുകാർ കോടാലി ശ്രീധരന്മാരെ വളർത്തുന്നു. ബി.ജെ.പിയിൽ പിന്നെ അനുയായികൾ നല്ലൊരു പങ്കും ഗുണ്ടകളുടെ സ്വഭാവം പുലർത്തുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണ്ടകളെ വളർത്തേണ്ടതില്ലല്ലോ എന്നു മനസ്സിൽ പറഞ്ഞെങ്കിലും വീട്ടിൽ വന്നിരുന്ന് ബ്ലോഗെഴുതാൻ ആഗ്രഹമുള്ളതുകൊണ്ടു ഞാൻ അത് ഉറക്കെ പറഞ്ഞ് തടി കേടാക്കേണ്ടെന്നു കരുതി. ബി.ജെ.പിക്കാർ ഇവിടെ ആളെണ്ണത്തിൽ കുറവാണെങ്കിലും അക്രമത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനെയും കോൺഗ്രസ്സിനെയും വെല്ലുമെന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് അവർക്കിട്ടൊരു താങ്ങും താങ്ങി ഈ കുറിപ്പ് അവസാനിപ്പിയ്ക്കുന്നു. രമേശിനു പ്രസംഗാശംസകൾ !

Tuesday, October 13, 2009

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

കണ്ടതും കേട്ടതും

മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ

പോസ്റ്റിന്റെ ചുരുക്കം:

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.

(മുൻ കുറിപ്പ്: ഞാൻ മദനിയുടെ പാർട്ടിക്കാരനല്ല. എനിയ്ക്കു എന്റേതായ രാഷ്ട്രീയം ഉണ്ട്. എന്നാൽ എന്റെ സത്യമായ പേരും വിലാസവും വെളിപ്പെടുത്തിയുള്ള ഈ ബ്ലോഗ് എന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിയ്ക്കാൻ ഞാൻ സാധാരണ ഉപയോഗിയ്ക്കുന്നില്ല. അതിനു വേറെ ബ്ലോഗ് എനിയ്ക്കുണ്ടെന്നും കൂട്ടിക്കൊള്ളുക . ഈ ബ്ലോഗിൽ എഴുതുന്നതെല്ലാം എന്റെ വ്യക്തി പരമായ അഭിപ്രായങ്ങളോ നിലപാടുകളോ ആയിരിയ്ക്കണമെന്നില്ല. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളുമായും ഇതിലെ പോസ്റ്റുകൾ പൊരുത്തപ്പെടണം എന്നില്ല. എന്റേതിനു വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും പോലും ഞാൻ എഴുതിയെന്നും വരാം. അപ്പപ്പോഴുള്ള എന്റെ ചിന്തകളെ ഏതാണ്ട് അതേപടി അക്ഷരങ്ങളാൽ ആവാഹിച്ചു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.

അതായത് ഞാൻ കാണുകയും കേൾക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ അതു പോലേ കോറിയിടുന്നു. അതിൽ ബന്ധപ്പെട്ട വിഷയത്തിലെ എന്റെ നിലപാടുകൾ ഉണ്ടായെന്നും ഉണ്ടായില്ലെന്നും വരാം ബ്ലോഗിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിയ്ക്കുന്നുവെന്നു സാരം. വ്യത്യസ്ഥ അഭിപ്രായങ്ങളോടും നിലപാടുകളോടും ഉള്ള സഹിഷ്ണുതയും അവയൊക്കെയും ചർച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കൂലംകഷമായ ചർച്ചകൾക്കു വിധേയമാക്കി മാറ്റുരയ്ക്കുന്നതിലൂടെ കൂടുതൽ ശരിയേത് തെറ്റേത് എന്നു കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പോസ്റ്റ് മറ്റു തെറ്റിദ്ധാരണകൾക്കിടയാക്കാതിരിയ്ക്കാൻ ഈ മുൻ കുറിപ്പ് ചേർക്കുന്നുവെന്നു മാത്രം.)

ഇനി വിഷയത്തിലേയ്ക്ക് വിശദമായി:

ഒരു യാത്രാമദ്ധ്യേ ആണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ജംഗ്ഷനിൽ എത്തിയത്. അവിടെ നല്ല ഒരാൾകൂട്ടം. മൈക്കും റിക്കാർഡും കൊടികളും സ്റ്റേജും ഒക്കെ. ഒരു യോഗത്തിന്റെ ഒരുക്കുകൾ. അവിടവിടെ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്നുതന്നെ കാര്യം മനസ്സിലായി. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മദനി അവിടെ പ്രസംഗിയ്ക്കുകയാണ്. എന്നിലെ വായി നോക്കി ഉണർന്നു. എവിടെ ഒരു ആൾകൂട്ടം കണ്ടാലും അവിടെ ചെന്ന് എത്തിനോക്കുന്ന ജന്മസ്വഭാവം മൂലം ഇനി യോഗം കഴിഞ്ഞു പോയാൽ മതിയെന്നു തീരുമാനിച്ചു. എം.സി. റോഡായതുകൊണ്ട് ഏറെ ഇരുട്ടിയാലും വീട്ടിലേയ്ക്കു ബസ്സും കിട്ടും. മുക്കാൽ മണിക്കൂർകൊണ്ട് വീട്ടിൽ എത്താവുന്നതേയുള്ളു. മുൻപും മദനിയുടെ പ്രസംഗം ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. സത്യത്തിൽ പഴയ മദനിയും പുതിയ മദനിയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകകൂടിയായിരുന്നു എന്റെ ലക്ഷ്യം.

എന്തായാലും നല്ല ആൾക്കൂട്ടം. മഅദനി ചെല്ലുന്നിടത്ത് ഇപ്പോഴും ആളുകൂടുമെന്ന യാഥാർത്ഥ്യം മൂടി വയ്ക്കാൻ ആകില്ലതന്നെ. മ അ ദനി വരും മുൻപു തന്നെ യോഗം തുടങ്ങി. പ്രദേശത്തെ പ്രവർത്തകർ കൂടുതലും മുസ്ലീങ്ങൾ എന്നു തോന്നിച്ചു. എന്നാൽ നേതാക്കളിൽ നല്ലൊരു പങ്ക് മറ്റു മതസ്ഥരാണ്. ജാതിയും മതവും തിരിയ്ക്കുകയല്ല. പി.ഡി.പി ആയതുകൊണ്ടും അത് ഒരു മുസ്ലിം സംഘടനയാണെന്ന ധാരണ പരക്കെ ഉള്ളതുകൊണ്ടുമാണ് അങ്ങനെ പറയുന്നത്. മാ നിഷാദാ എന്ന പേരിൽ അവർ നടത്തുന്ന കാമ്പെയിന്റെ ഭാഗമാ‍യിരുന്നു വെമ്പായത്തെ പൊതുയോഗവും. പി.ഡി.പി ഒരു വർഗീയ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു നേതാക്കന്മാരുടെ പ്രസംഗങ്ങളിൽ ഓരോന്നിലും.

കേരളത്തിൽ തെക്കു മുതൽ വടക്കുവരെയുള്ള ഏതെങ്കിലും ജയിലുകളിൽ ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയ്ക്കപ്പെട്ട ഏതെങ്കിലും പി.ഡി.പി ക്കാരുണ്ടെങ്കിൽ തെളിയിക്കാൻ അവർ വെല്ലു വിളിയ്ക്കുകയാണ്. പി.ഡി.പി ക്കാർ ഭീകരപ്രവർത്തകരാകില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിയ്ക്കുന്നു. എന്നാ‍ൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പി.ഡി.പിക്കാർ എന്ന് ആരോപിയ്ക്കപ്പെടുന്ന ഒന്നോ രണ്ടോ പേർ തിരുവനന്തപുരത്തെ ഏതോ ജയിലിൽ ഉള്ള കാര്യം അവർ മറച്ചു വയ്ക്കുന്നുമില്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ദളിദ് വിമോചനവും ദളിതന്റെ അധികാരവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ആവർത്തിയ്ക്കുന്നു.

അല്പസമയങ്ങൾക്കുള്ളീൽ മദനി എത്തിച്ചേർന്നു. വരവും പോക്കുമൊക്കെ പണ്ടത്തെപ്പോലെ രാജകീയമായിത്തന്നെ. മുൻപിലും പുറകിലും കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ അത്യാധുനിക ആമ്പുലൻസ് സൌകര്യങ്ങളുള്ള ഒരു വാനിലാണ് മദനി വന്നിറങ്ങിയത്. മദനി വന്നതും കാഴ്ചക്കാർ അവേശം കൊണ്ടു. പാർട്ടി പ്രവർത്തകർ തക്ബീർ ധ്വനികൾ മുഴക്കിത്തന്നെയാണു അദ്ദേഹത്തെ വരവേറ്റത്. മദനി വന്നതോടെ യോഗം നടക്കുന്ന വേദിയ്ക്കരികിലൂടെയുള്ള നെടുമങ്ങാട് റോഡിൽ ട്രാഫിക്ക് ബ്ലോക്കായി. അല്പസമയം എം.സി.റോഡും ബ്ലോക്കായി. അതായത് മദനിയുടെ സാന്നിദ്ധ്യം കൊണ്ടാണെങ്കിലും ഒരു തിരക്കേറിയ ഒരു റോഡു ബ്ലോക്കാക്കാനുള്ള ശക്തിയൊക്കെ പി.ഡി.പിയ്ക്കും ഉണ്ടെന്നു സാരം.

കക്ഷി രാഷ്ട്രീയ- ജാതിമത ഭേദമന്യേ മദനിയുടെ പ്രസംഗം ശ്രവിക്കാൻ വൻ ജനാവലി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തീർച്ചയായും മദനിയുടെ പാർട്ടിയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം ചില സ്വാധീന മേഖലകളുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇത്ര ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന വൈഭവം മദനിയ്ക്കുണ്ടെങ്കിൽ അവർക്ക് വേറെയും ശക്തമായ സ്വാധീന മേഖലകൾ കേരളത്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരിയ്ക്കും എന്നതിൽ സംശയം ഇല്ല. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ അവർ പിന്തുണച്ച എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പി.ഡി.പി യ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു കരുതുവാൻ വരട്ടെ. യു.ഡി.ഡി എഫായാലും എൽ.ഡി.എഫ് ആയാലും ബി.ജെ.പി ആയാലും. അതു കൊണ്ട് പി.ഡി.പിയെ അത്ര കുറച്ചുകാണാൻ സമയമായിട്ടില്ല.

മദനിയുടെ ആവേശ്വോജ്ജ്വലമായ പ്രസംഗം കാര്യ ഗൌരവം നിറഞ്ഞതായിരുന്നു. പി.ഡി.പി യുടെ മൂല രൂപം പഴയ ഐ.എസ്.എസ് ആയിരുന്നു എന്നതും അത് തീവ്രവാദ സ്വഭാവത്തിലുള്ള അക്രമോത്സുക സംഘടനയായിരുന്നു എന്നുള്ളതുകൊണ്ടും അതിന്റെ ചില അംശങ്ങളെങ്കിലും പി.ഡി.പിയിൽ ഉണ്ടായിരിയ്ക്കില്ലേ എന്നു ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ഒരു സംശയം ദൂരീകരിയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു മദനിയുടെ പ്രസംഗം. ഇനി അഥവാ മദനി മുൻപ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷകൾ ഇതിനകം മദനിയ്ക്കു കിട്ടിക്കഴിഞ്ഞു. അന്യായമായിട്ടാണ് മദനിയെ ഒൻപതുവർഷത്തിലധികം തടവിലിട്ട് പീഡിപ്പിച്ചതെങ്കിലും ആ നീണ്ട ജയിൽ വാസവും തുടർന്ന് ആദേഹത്തിന്റെ പ്രായച്ഛിത്തവും തെറ്റു തിരുത്തലും മദനിയുടെ മുൻ കാല പ്രവർത്തനങ്ങളോട് പൊറുക്കാൻ ധാരാളമാണ്.

കൊലപാതകമടക്കം ഏതെങ്കിലും കുറ്റകൃത്യത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്ന ഒരു കുറ്റവാളി മനസാന്തരപ്പെട്ട് പിന്നീട് നല്ല ജീവിതം നയിക്കാൻ ശ്രമിയ്ക്കുമ്പോൾ സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യാറുള്ളത്. അതാണു വേണ്ടതും. അല്ലാതെ അവരെ സംശയത്തോടെ വീണ്ടും കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. അതുപോലെ മദനിയും മാനസാന്തരപ്പെട്ടു പുതിയ നല്ലവഴിയേ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം പഴയ കണ്ണുകളോടെ വീണ്ടും അദ്ദേഹത്തെയും ആ പാർട്ടിയെയും നോക്കിക്കാണുന്നതു ശരിയല്ല.

കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് മദനിയുടെ തെറ്റു തിരുത്തൽ പ്രക്രിയയെ ഇവിടുത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പാർട്ടികളും അംഗീകരിയ്ക്കാത്തതിനു കാരണം. ചില പ്രസ്ഥാനങ്ങളൊക്കെ എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനു പിന്തുണ കൊടുത്തുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഇവിടെ ചിലർ കൊണ്ടു നടക്കുന്നുന്നുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ മതതീവ്രവാദ- അക്രമോത്സുക സംഘടനയെന്നു പറയാവുന്ന എൻ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചതിൽ ഒരു കുറ്റവും കണ്ടെത്താത്തവർ പി.ഡി.പിയെയും മദനിയെയും തീവ്രവാദികൾ ആക്കിയത്.

മദനി പറയുന്നത്; പണ്ടു താൻ രാഷ്ട്രീയക്കാരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ കൂടി മാത്രമേ ഇവിടെ ദളിതരുടെ മോചനവും സാമൂഹ്യ നീതിയും കൈവരുത്താനാകൂ എന്ന് തുടർന്നുള്ള തന്റെ ചിന്തയും വായനയും പഠിപ്പിച്ചപ്പോൾ തന്റെ നിലപാടുകൾ മാറി . അതാണ് പി.ഡി.പി രൂപീകരിയ്ക്കുവാൻ കാരണം. പി.ഡി.പി യ്ക്കു തീവ്രവാദം ഇല്ല. പി.ഡി.പി മുസ്ലീങ്ങളുടെ മാത്രം പാർട്ടിയല്ല. എല്ലാ മത വിഭാഗത്തിൽ ഉള്ളവരും പി.ഡിപിയിൽ ഉണ്ട്. സദസ്സിലെ നേതാക്കളെത്തന്നെ ഉദാഹരിച്ച് മദനി പറഞ്ഞു. അക്രമത്തിന്റെ മാർഗ്ഗം പി.ഡി.പിയ്ക്ക് ഇല്ല. എന്നാൽ അധ:സ്ഥിതന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യമാർഗ്ഗങ്ങൾ ഉപായോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിൽ വിട്ടു വീഴ്ചയുമില്ലെന്ന് മദനി പറയുന്നു. ദളിദ് വിമോചനമാണ് പാർട്ടിയുടെ ലക്ഷ്യം.

തന്റെ പാർട്ടിയ്ക്ക് അതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ കഴിയാത്ത കാലത്തോളം കാലാനുസൃതമാ‍യും വിഷയാധിഷ്ഠിതമായും നിലപാടുകൾ എടുക്കുകയും കൂട്ടു കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ് അവർക്ക് പിന്തുണ നൽകാൻ തയ്യാറായത്. നിഷ്ഠുര കൃത്യങ്ങളിലൂടെ ലോകത്തെ വിറങ്ങലിപ്പിയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ തിന്മകളോട് നിസ്സംഗത പുലർത്താൻ കഴിയില്ല. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ പാലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വെടിയേറ്റു പിടയുന്ന കുഞ്ഞിനെ വേട്ടനായ്ക്കളെ വിട്ടു കടിച്ചുകൊല്ലിയ്ക്കുന്ന ഇസ്രായേൽ ഭീകരത ഹൃദയഭേദകമാണ്. അങ്ങനെ എത്രയെത്ര ക്രൂരതകൾക്കാണ് അമേരിക്കൻ സാമ്രാജ്യത്വം ചൂട്ടു പിടിയ്ക്കുന്നത്. ഈ സാമ്രാജ്യത്ത്വ ഭീകരതയെ എതിർക്കേണ്ടത് ഏതൊരു ഭാരതീയന്റെയും കടമയാണ്.

സാമ്രാജ്യത്തത്തിനെതിരെ യുള്ള പോരാട്ടങ്ങളിൽ സമാനമനസ്കരുമായി തോളുരുമ്മും. ഇടതുപക്ഷം സാമ്രാജ്യവിരുദ്ധ പോരാട്ടം തങ്ങളുടെ പ്രത്യയ ശാ‍സ്ത്രത്തിന്റെ ഭാഗമായി കാണുന്നതിനാൽ അക്കാര്യത്തിൽ അവരോട് യോജിപ്പാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ അധ:സ്ഥിത ജനവിഭാഗത്തോട് സ്വീകരിയ്ക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിയ്ക്കും ആർക്കെങ്കിലും പിന്തുണ നൽകുന്നതും നൽകാതിരിയ്ക്കുന്നതും. ബാബറി മസ്ജിദ് തകർത്ത സംഭവം മറക്കാനാകില്ല. തകർത്തത് ഒരു പള്ളിയെന്നത് മാത്രമല്ല പ്രശ്നം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവാണ് അത്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു പറഞ്ഞാൽ മാത്രം തീവ്രവാദിയാകില്ല. അതു മുസ്ലീങ്ങൾ മാത്രം പറയുന്നതല്ല. മതേതരത്വത്തിൽ വിശ്വസിയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്.

താൻ മുസ്ലിം ആണ്. അതിൽ അഭിമാനിയ്ക്കുന്നു. എന്നാൽ പി.ഡി.പി എന്ന പാർട്ടി ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണം. ഭീകരപ്രവർത്തവത്തിലൂടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. പി.ഡി.പി ക്കാർ ആരെങ്കിലും തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നു തെളിയിച്ചാൽ പി.ഡി.പി പിരിച്ചുവിട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് താൻ ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥനകളുമായി ഒതുങ്ങി കഴിഞ്ഞുകൂടുമെന്ന് മദനി പ്രഖ്യാപിയ്ക്കുന്നു. ആരെയൊക്കെയോ തീവ്രവാദത്തിന്റെ പേരിൽ അറസ്റ്റു ചെയ്റ്റിട്ട് അതു തന്റെ അംഗരക്ഷകരാണെന്നുവരെ അടിച്ചു വിടുന്നു. അതൊക്കെ തെളിയിക്കുവാൻ വെല്ലുവിളിയ്ക്കുന്നു. ഇവിടുത്തെ മാധ്യമങ്ങളും കോൺഗ്രസ്സും യു.ഡി.എഫും തനിയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുകയാണ്. കോൺഗ്രസ്സിനു പിന്തുണ നൽകിയിരുന്നെങ്കിൽ തങ്ങൾ അവർക്കു നല്ല പിള്ളകളാ‍യേനെ. അല്പം വോട്ടു ബാങ്കുകൾ ഉള്ളവരൊക്കെ കോൺഗ്രസ്സിനും യു.ഡി.എഫിനും വോട്ടു ചെയ്യണമെന്ന് നിയമമൊന്നുമില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് തെറ്റായി പി.ഡി.പി കരുതുന്നില്ല.

സമാനതകളില്ലാത്ത പീഡനങ്ങൾക്കു ശേഷം ജയിലിൽനിന്നും മോചിതനായ താൻ തന്നെ പീഡിപ്പിച്ചവർക്കെതിരെ വാളെടുക്കാൻ പറഞ്ഞില്ല. എന്നെ കൊല്ലാൻ ശ്രമിച്ച ഒരു പ്രതിയെ പോലും ശിക്ഷിച്ചിട്ടില്ല. എന്നാൽ താൻ അവർക്കൊക്കെ മാപ്പു കൊടുത്തു. ഒൻപതര വർഷത്തെ ജയിൽ പീഡനം നൽകിയ ശേഷമാണ് തന്നെ വിട്ടയക്കുന്നത്. എന്നാൽ തനിയ്ക്കെതിരെയുള ഒരു കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ഒരു അക്രമത്തിനും ജയിനുള്ളിൽ വച്ചോ പുറത്തു വന്നിട്ടോ താൻ ആഹ്വാനം ചെയ്തിട്ടില്ല. ഇനി ഒരിയ്ക്കലും ചെയ്യുകയുമില്ല. തന്നെയും തന്റെ പാർട്ടിയെയും തീവ്രവാദവുമായി ബന്ധിപ്പിയ്ക്കുന്നവർക്ക് ദുഷ്ടലാക്കാണുള്ളത്. ഇന്ത്യക്കാരൻ എന്ന അഭിമാനമാണ് തന്നെയും തന്റെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. എന്നും പാവങ്ങൾക്കൊപ്പമായിരിയ്ക്കും പി.ഡി.പി...............

അതെ, ഇപ്രകാരം നീണ്ടതായിരുന്നു മദനിയുടെ പ്രസംഗം. എന്തു കൊണ്ട് മദനിയുടെ വാക്കുകളെ ഇപ്പോൾ നാം അവിശ്വസിയ്ക്കണം? അപകടകരായ ആശയങ്ങളും ആയുധങ്ങളും ഭീകര സ്വഭാവവും ഉപേക്ഷിച്ചുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് തെറ്റുതിരുത്തലുമായി നമുക്കു മുന്നിൽ വന്നു നിന്ന് തങ്ങളെ ഇനിയും തീവ്രവാദികൾ എന്നു വിളിയ്ക്കരുതേ, നമ്മളെ പഴയകണ്ണുകളിലൂടെ നോക്കരുതേ, നമ്മളെ തെറ്റിദ്ധരിയ്ക്കരുതേ എന്നു യാചിയ്ക്കുന്നവരോട് നാം മുഖം തിരിയ്ക്കണോ? അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിയ്ക്കുന്നുണ്ടോ എന്നു നിരീക്ഷിയ്ക്കുവാനെങ്കിലും നാം സമയം നൽകരുതോ? ജയിൽ മോചിതനായി വന്നതല്ലേയുള്ളു. ഒരു എൽ.ഡി.എഫിനെ പിന്തുണച്ചു പോയി എന്നതുകൊണ്ടുമാത്രം മദനിയെ അപമാനിയ്ക്കണോ? മദനിയും സംഘവും വീണ്ടും തീവ്രവാദികളായി, അതായത് പഴയ ഐ.എസ്.എസുകാരായി മാറണം എന്നു ആരെങ്കിലും ആഗ്രഹിയ്ക്കുന്നതു ശരിയോ? ചിലരൊക്കെ അതാ‍യിരിയ്ക്കാം ആഗ്രഹിയ്ക്കുന്നത്!

ഈയുള്ളവൻ ഈ ലേഖനം എഴുതാൻ കാരണം മദനിയുടെ പാർട്ടി പ്രസക്തമോ അപ്രസക്തമോ നാളെയും അതു നിലനിൽക്കുമോ എന്നീ കാര്യങ്ങളൊന്നും കണക്കിലെടുത്തുകൊണ്ടല്ല. ജനാധിപത്യത്തിൽ പല പ്രസ്ഥാനങ്ങളും രൂപം കൊള്ളും. അതിൽ ചിലതൊക്കെ അപകടകരങ്ങളും ആയിരിയ്ക്കും. സർക്കാരിനോ നിയമങ്ങൾക്കോ മറ്റു സംഘടനകൾക്കോ അവയെ ചിലപ്പോൾ വേണ്ടവിധം നിയന്ത്രിയ്ക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞെന്നിരിയ്ക്കില്ല. ഇപ്പോഴും നമ്മുടെ രാജ്യത്ത് അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നടക്കുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. അവർക്ക് അതൊക്കെ ഉപേക്ഷിച്ച് തെറ്റു തിരുത്തി മാനസാന്തരപ്പെട്ട് നല്ല മാർഗ്ഗത്തിലേയ്ക്ക് കടന്നുവരാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും ചെലുത്താൻ, മദനിയെപ്പോലുള്ളവരുടെ ആശാസ്യമായ ഇത്തരം മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിയ്ക്കാനെങ്കിലുമാകില്ലേ? എത്രയോ തട്ടുമുട്ടു പാർട്ടികൾ കേരളത്തിലുണ്ട്. കൂട്ടത്തിൽ ഒരു മദനിയും ഒരു പി.ഡി.പിയും കൂടി അങ്ങു കഴിഞ്ഞുകൂടട്ടെ! അല്ലപിന്നെ!

ബി.ജെ.പിയിൽ നിന്നു വിട്ടു വന്ന് മതേതരത്വം പ്രഖ്യാപിച്ച രാമൻപിള്ളടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടുമാറ്റത്തെയും നല്ല മനസ്സോടെ സ്വീകരിയ്ക്കേണ്ടതാണ്. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ രാമൻപിള്ളയും സംഘവും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അവർ യു.ഡി.എഫിനെയാണ് പിന്തുണച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു. ഒരു വർഗീയ സംഘടന വിട്ട് വരുന്നവർ യു.ഡി.എഫിനെ പിന്തുണച്ചാലും എൽ.ഡി.എഫിനെ പിന്തുണച്ചാലും അതിനെ നല്ലതെന്നു തന്നെ പറയണം. ഇനിയിപ്പോൾ മദനിയും രമൻപിള്ളയും എല്ലാം എൽ.ഡി.എഫിനെ വിട്ട് യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെങ്കിലും അവരുടെ പൂർവ്വകാലത്തെ കരുതി അവരെ കുറ്റം പറയരുത്. ഏതെങ്കിലും ഒരു വർഗീയ-അക്രമോത്സുക പ്രസ്ഥാനത്തിൽ നിന്ന് വിട പറഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും പാതയിലേയ്ക്കു വരുന്നെങ്കിലിൽ അവരുടെ അനുഭാവം എൽ.ഡി.എഫിനോടായാലും യു.ഡി.എഫിനോടായാലും അവരുടെ മാറ്റം നല്ലതു തന്നെ എന്നു വേണം പറയാൻ!

പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമാ‍യ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല. ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഒന്നു കൂടി ആവർത്തിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.

(പിൻ കുറിപ്പ്: മദനിയുടെ പ്രസംഗം കേട്ട ഒരു സാധാരണക്കാരൻ ഇങ്ങനെയൊക്കെയും ചിന്തിച്ചിരിയ്ക്കാം!)

Wednesday, October 7, 2009

ജോനവന് ആദരാഞ്ജലികളോടെ


ജോനവന് ആദരാഞലികൾ

മെയിൽ ചെക്കു ചെയ്യാൻ തുറന്നപ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ബൂലോക കവിയും കഥാകാരനുമായ ജോനവന്റെ മരണം ഞാൻ അറിഞ്ഞത് . കുറച്ചു ദിവസമായി ബ്ലോഗത്ത് എത്താത്തതുകൊണ്ട് അപകട വിവരങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ബൂലോകത്തു വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യം.

ഉടൻ തന്നെ ജോനവന്റെ ബ്ലോഗിലേയ്ക്കു യാത്രയായി. കാരണം ജോനവന്റെ ബ്ലോഗ് എന്റെ ശ്രദ്ധയിൽ ഇതിനു മുമ്പ് വന്നിരുന്നില്ല. ഈ ബ്ലോഗ് ഞാൻ മുമ്പും സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ പ്രൊഫൈലും പേരുമൊന്നും നോക്കിയിട്ടൂണ്ടാവില്ല. ആയിരക്കണക്കിന് ബ്ലോഗുകളുള്ളതിനാൽ പല മികവുറ്റ ബ്ലോഗുകളും ഇതു പോലെ എന്റെയും ശ്രദ്ധയിൽ വരാതെ പോയിട്ടുണ്ട്`. ജോനകന്റെ ബ്ലോഗിൽ എത്തിയപ്പോഴാണ് ജോനകനെ ശരിയ്ക്കും അറിയുന്നത്. തീർച്ചയായും മലയാള ബ്ലോഗത്തിന് ഇത് കനത്ത നഷ്ടം തന്നെ. ജോനവന് ഈ എളിയ ബൂലോകന്റെയും ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.

ജോനവന്റെ മരണത്തെ കുറിച്ച് ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന്റെ ദേശാഭിമാനി പത്രത്തിൽ ശ്രീ. എം. എസ്. അശോകൻ ജോനവന്റെ മരണം നന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . അതുകൊണ്ട് തൽക്കാലം ദീർഘമായ മറ്റൊരു കുറിപ്പിനു പകരം ആ ദേശാഭിമാനി റിപ്പോർട്ടും കൂടി അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. ജോനകന്റെ ഓർമ്മയ്ക്ക് എന്റെ ബ്ലോഗിൽ ഒരിടം അങ്ങനെ ഞാൻ സൂക്ഷിയ്ക്കട്ട; ജോനവന് അശ്രു പൂജയായി!

‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി

എം എസ് അശോകൻ

(ദേശാഭിമാനി വാർത്ത, 2009-ഒക്ടോബർ 5 തിങ്കൾ)

കൊച്ചി : ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാ‍ഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.

‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.

സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.

ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.

കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.

ജോനവന്റെ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം
Get this widget | Track details | eSnips Social DNA